തിരുവനന്തപുരം: കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം നേതാവും മുന്‍ എംപിയുമായ എം ബി രാജേഷ്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനവും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതും കണ്ടെന്നും മുഖ്യമന്ത്രി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത് കര്‍ഫ്യൂ ആണെന്നും എംബി രാജേഷ് പറഞ്ഞു. കൊവിഡ് മൂലം ഉപജീവന മാര്‍ഗം മുട്ടിയവരുടെ ദുരിതം കാണാത്ത മേദി വേദനിക്കുന്ന കോടീശ്വരന്‍മാരുടെ കണ്ണീര് കാണുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 

'രാവിലെ 7 മുതൽ വൈകീട്ട് 9 വരെയാണത്രേ. അതെന്താ വൈറസിന് കണ്ണ് കാണില്ലേ? വൈറസ് ഇരുട്ടായാൽ പുറത്തിറങ്ങില്ലെന്നാണോ മോദി കരുതുന്നത്?
പിന്നെ പാത്രം കൂട്ടിമുട്ടിക്കൽ. അറുപതു വയസ്സ് കഴിഞ്ഞവർ പുറത്തിറങ്ങരുത്. (മോദിക്കും ബാധകമാവുമല്ലോ അല്ലേ?) എന്തൊരു പ്രഹസനമാണ് മോദി ജീ ഇത്?'- എം ബി രാജേഷ് ചോദിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

മുഖ്യമന്ത്രിയുടെ പത്ര സമ്മേളനവും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതും നാം കണ്ടു.മുഖ്യമന്ത്രി പ്രഖ്യാപിച്ചത് സാമ്പത്തിക പാക്കേജ് .പ്രധാനമന്ത്രി പ്രഖ്യാപിച്ചത് കർഫ്യൂ.രാഷ്ട്രീയ പക്ഷപാതിത്വമുള്ളവർക്കും ഇല്ലാത്തവർക്കുമെല്ലാം വസ്തുനിഷ്ഠമായ ഒരു താരതമ്യം സാദ്ധ്യമാണിപ്പോൾ. മുഖ്യമന്ത്രിയുടെ പാക്കേജ് ഇരുപതിനായിരം കോടി രൂപയുടെ. കൊറോണ സൃഷ്ടിച്ച ഗുരുതര സാഹചര്യം നേരിടാൻ ഇന്ത്യയിൽ ആദ്യമായി ഒരു സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നു. ആരോഗ്യപാക്കേജും ഇളവുകളും ആശ്വാസ നടപടികളുമെല്ലാമുണ്ട് അതിൽ. എല്ലാ വിഭാഗം ആളുകൾക്കും.

ലോകമഹായുദ്ധത്തേക്കാൾ ഗുരുതരമാണ് സാഹചര്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകയുദ്ധസമാനമായ സാഹചര്യം നേരിടാൻ പ്രധാനമന്ത്രി നിർദ്ദേശിച്ച കാര്യങ്ങൾ നോക്കു.കർഫ്യൂ. രാവിലെ 7 മുതൽ വൈകീട്ട് 9 വരെയാണത്രേ. അതെന്താ വൈറസിന് കണ്ണ് കാണില്ലേ? വൈറസ് ഇരുട്ടായാൽ പുറത്തിറങ്ങില്ലെന്നാണോ മോദി കരുതുന്നത്?
പിന്നെ പാത്രം കൂട്ടിമുട്ടിക്കൽ. അറുപതു വയസ്സ് കഴിഞ്ഞവർ പുറത്തിറങ്ങരുത്. (മോദിക്കും ബാധകമാവുമല്ലോ അല്ലേ?) എന്തൊരു പ്രഹസനമാണ് മോദി ജീ ഇത്?
പക്ഷേ ഓർക്കുക. ഇന്നലെയാണ് ഇതേ മോദി ഗവൺമെൻ്റ് തങ്ങൾക്ക് വേണ്ടപ്പെട്ട കോർപ്പറേറ്റ് ചങ്ങാതിമാർ കേന്ദ്ര സർക്കാരിന് സ്പെക്ട്രം യൂസർചാർജ്, ലൈസൻസ് ഫീസിനങ്ങളിൽ നൽകാനുള്ള കുടിശ്ശികയുടെ പലിശ, പിഴപലിശ എന്നിവ ഒഴിവാക്കണമെന്ന് സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചത്.മുതൽ തിരിച്ചടക്കാൻ 20 വർഷം സാവകാശം കൊടുക്കണമെന്നും! സുപ്രീം കോടതി അനുവദിച്ചില്ല. ഇന്നത്തെ എല്ലാ പത്രങ്ങളിലും ഈ വാർത്തയുണ്ട്. കൊറോണ മൂലം ഉപജീവന മാർഗ്ഗം മുട്ടിയവരുടെ ദുരിതം കാണാത്ത മോദി വേദനിക്കുന്ന കോടീശ്വരൻമാരുടെ കണ്ണീര് കാണും.അവർക്ക് പാത്രം നിറയെ. ബാക്കിയുള്ളവർ ഒഴിഞ്ഞ പാത്രം കൂട്ടിമുട്ടിച്ച് കലമ്പിക്കോളാൻ. കൊറോണ പിടിച്ചാൽ വെയിലു കൊണ്ടോളാൻ. എന്നിട്ടും മാറിയില്ലെങ്കിൽ ഗോമൂത്രം കുടിച്ചോളാൻ. തൊട്ടുകൂട്ടാൻ മോദിയുടെ പ്രസംഗങ്ങൾ കൊടുക്കുമത്രേ. അതോടെ രോഗിയുടെ കാര്യം തീരുമാനമാവും.

വരൂ ഭക്തരേ.. ഇരുപതിനായിരം കോടിയുടെ പാക്കേജിനെ തെറി വിളിക്കാനും കർഫ്യൂവിനെ ന്യായീകരിക്കാനും വരിവരിയായി വരൂ.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക