Asianet News MalayalamAsianet News Malayalam

വാളയാര്‍ സംഭവം: അപവാദം പ്രചരിപ്പിക്കുന്നവര്‍ക്കും പ്രതികള്‍ക്കും ഒരേ മാനസികാവസ്ഥയെന്ന് എംബി രാജേഷ്

ബി ജെ പി നേതാവും ചില യു ഡി എഫ് നേതാക്കളും സിപിഎമ്മിനും സർക്കാരിനുമെതിരെ രാഷ്ടീയ ആരോപണം ഉന്നയിക്കുന്നുണ്ട്. 

MB Rajesh Facebook post on Walayar incident
Author
Palakkad, First Published Oct 28, 2019, 5:58 PM IST

പാലക്കാട്: വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സിപിഎമ്മിനെയും സര്‍ക്കാറിനെയും വിമര്‍ശിക്കുന്നവര്‍ക്കെതിരെ പാലക്കാട് മുന്‍ എംപിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എംബി രാജേഷ് രംഗത്ത്. രണ്ട് പിഞ്ചു കുട്ടികളുടെ ദാരുണ മരണം രാഷ്ടീയ സുവർണാവസരമായി കണ്ട് അപവാദ പ്രചരണം നടത്തുന്നവരുടെയും പ്രതികളുടെയും മാനസികാവസ്ഥകൾ തമ്മിൽ വലിയ വ്യത്യാസമില്ലെന്നും ഇത്തരക്കാർ തുറന്നു കാട്ടപ്പെടുകതന്നെ ചെയ്യുമെന്നും എംബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.  

വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതിനാലാണ് വ്യക്തിപരമായി അഭിപ്രായ പ്രകടനത്തില്‍നിന്ന് വിട്ടുനിന്നത്. മുഖ്യമന്ത്രി നിയമസഭയിൽ സി ബി ഐ അന്വേഷണം എന്ന ആവശ്യത്തിനുൾപ്പെടെ എതിർപ്പില്ലെന്ന് അറിയിച്ചിട്ടുണ്ട്. അപ്പീലും പുനരന്വേഷണവുമുൾപ്പെടെയുള്ള നിയമപരമായ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ ആവശ്യമായ ഏത് നടപടിയും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിക്കും സർക്കാരിനും ഇക്കാര്യത്തിൽ, തുറന്ന, ശക്തമായ നിലപാടാണുള്ളതെന്ന് വ്യക്തമാണ്.

എന്നാല്‍, ഒരു ബി ജെ പി നേതാവും ചില യു ഡി എഫ് നേതാക്കളും സിപിഎമ്മിനും സർക്കാരിനുമെതിരെ രാഷ്ടീയ ആരോപണം ഉന്നയിക്കുന്നുണ്ട്. പ്രതികൾക്ക് ശിക്ഷ കിട്ടാത്തതിന് സ്വാഭാവികമായിട്ടും ഉണ്ടാകുന്ന പ്രതിഷേധത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ എതിരാളികൾ ശ്രമിക്കുക സ്വാഭാവികം. പ്രതികൾക്ക് ഡിവൈഎഫ്ഐ ബന്ധം ആരോപിക്കുന്നവർ അവർക്ക് വേണ്ടി കേസ് വാദിച്ച ആർഎസ്എസുകാരനായ അഭിഭാഷകൻ രഞ്ജിത് കൃഷ്ണയെക്കുറിച്ച് എന്ത് പറയുന്നുവെന്നും രാജേഷ് ചോദിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

വാളയാറിൽ പീഡനത്തിനിരയായി രണ്ട് പെൺകുട്ടികൾ ദാരുണമായി കൊല്ലപ്പെട്ട കേസിൽ സി.പി.എമ്മും സർക്കാരും ഇതിനകം നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. പാലക്കാടുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തിൽ പാർട്ടി തന്നെ നിലപാട് വ്യക്തമാക്കേണ്ടതാണെന്നതുകൊണ്ടും ഞാൻ കൂടി അംഗമായ പാർട്ടിയുടെ നിലപാട് എന്‍റേത് കൂടിയായതുകൊണ്ടുമാണ് ഇക്കാര്യത്തിൽ ഇതുവരെ പ്രത്യേകിച്ചൊന്നും പറയാതിരുന്നത്. സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കിയ നിലപാടിന്‍റെ ചുരുക്കം ഇതാണ്.''വാളയാർ കേസിലെ ദുരൂഹത നീക്കണം. പോലീസിനാണോ പ്രോസിക്യൂഷനാണോ വീഴ്ച പറ്റിയത് എന്ന് സർക്കാർ അന്വേഷിക്കണം. കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കണം".

മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ സി.ബി.ഐ അന്വേഷണം എന്ന ആവശ്യത്തിനുൾപ്പെടെ എതിർപ്പില്ലെന്ന് അറിയിച്ചിട്ടുണ്ട്. അപ്പീലും പുനരന്വേഷണവുമുൾപ്പെടെയുള്ള നിയമപരമായ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ ആവശ്യമായ ഏത് നടപടിയും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിക്കും സർക്കാരിനും ഇക്കാര്യത്തിൽ, തുറന്ന, ശക്തമായ നിലപാടാണുള്ളതെന്ന് വ്യക്തം. എന്നാൽ ഇന്ന് ഒരു ബി ജെ പി നേതാവും ചില യു ഡി എഫ് നേതാക്കളും പതിവുപോലെ സി.പി.എമ്മിനും സർക്കാരിനുമെതിരെ രാഷ്ടീയ ആരോപണം ഉന്നയിക്കുന്നുണ്ട്.

പ്രതികൾക്ക് ശിക്ഷ കിട്ടാത്തതിന് നാട്ടിലാകെ സ്വാഭാവികമായിട്ടും ഉണ്ടാകുന്ന പ്രതിഷേധത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ എതിരാളികൾ ശ്രമിക്കുക സ്വാഭാവികം. പ്രതികൾക്ക് ഡിവൈഎഫ്ഐ ബന്ധം ആരോപിക്കുന്നവർ അവർക്ക് വേണ്ടി കേസ് വാദിച്ച ആർ.എസ്.എസുകാരനായ അഭിഭാഷകൻ രഞ്ജിത് കൃഷ്ണയെക്കുറിച്ച് എന്ത് പറയുന്നു?

അന്വേഷണത്തിൽ / കേസ് നടത്തിപ്പിൽ ഏതിലാണ് വീഴ്ച ഉണ്ടായതെങ്കിൽ അതിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കാൻ മടിക്കാത്ത സർക്കാരാണിതെന്ന് മുൻ അനുഭവങ്ങൾ തെളിയിക്കുന്നുണ്ട്. കെവിൻ കേസിൽ പ്രതികളെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ട ഗവണ്മെന്റാണിതെന്ന് മറക്കരുത്.

അന്നും പ്രതികൾക്ക് ഡിവൈഎഫ്ഐ ബന്ധമെന്നദുരാരോപണം ഉന്നയിക്കപ്പെട്ടിരുന്നുവെന്ന് ഓർക്കുക. ഇപ്പോൾ അതേക്കുറിച്ച് ആരോപണം ഉന്നയിച്ചവർക്ക് മിണ്ടാട്ടമില്ല.അതു പോലെ വാളയാർ കേസിലും ഇനിയും പുറത്തു വരാനുള്ള സത്യങ്ങൾ പുറത്തുവരിക തന്നെ ചെയ്യും. നീതി നടപ്പാക്കപ്പെടുമെന്നും ഉറപ്പുണ്ട്. അതുവരെ രണ്ട് പിഞ്ചു കുട്ടികളുടെ ദാരുണ മരണം രാഷ്ടീയ സുവർണാവസരമായി കണ്ട് അപവാദ പ്രചരണം നടത്തുന്നവരുടെയും പ്രതികളുടെയും മാനസികാവസ്ഥകൾ തമ്മിൽ വലിയ വ്യത്യാസം ഇല്ല. ഇത്തരക്കാർ തുറന്നു കാട്ടപ്പെടുകതന്നെ ചെയ്യും. ആത്യന്തികമായി പ്രതികൾ ശിക്ഷിക്കപ്പെടണമെന്നും നീതി നടപ്പാക്കപ്പെടണമെന്നതുമാണ് പ്രധാനം

Follow Us:
Download App:
  • android
  • ios