പ്രസവ സംബന്ധിയായ പരിരക്ഷകൾക്കായി യുവതിയും കുഞ്ഞും അമ്മയ്ക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. കുഞ്ഞിനെ കാണിക്കാൻ ആവശ്യപ്പെട്ട് അരവിന്ദ് നിരന്തരം വീഡിയോ കോളിൽ വിളിക്കുന്നതായി മഹാദേവിയോട് മകൾ പരാതിപ്പെട്ടിരുന്നു
ബെലഗാവി: പ്രസവ ശേഷം വിശ്രമിക്കാൻ പോലും അനുവദിക്കാതെ കുഞ്ഞിനെ വീഡിയോ കോളിൽ കാണിച്ച് നൽകാൻ നിർബന്ധിച്ച് ഭർത്താവ്. മകൾ പരാതിപ്പെട്ടതിന് പിന്നാലെ മരുമകനോട് ഫോൺ വിളിയുടെ എണ്ണം കുറയ്ക്കാൻ ആവശ്യപ്പെട്ട അമ്മായിഅമ്മയെ കുത്തിക്കൊല്ലാൻ ശ്രമിച്ച് മരുമകൻ. വീഡിയോ കോളിൽ കുഞ്ഞിനെ കാണിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കർണാടകയിലെ ബെലഗാവിയിലുള്ള സവാടട്ടി താലൂക്കിലെ അലടകട്ടിയിലാണ് അക്രമം നടന്നത്. 26 വയസുകാരനായ അരവിന്ദ് ഗവാലിയാണ് 45കാരിയായ മഹാദേവി കരിഗറിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മഹാദേവി ബെലഗാവിയിലെ ബിമ്സ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അരവിന്ദിന്റെ ഭാര്യയും മഹാദേവിയുടെ മകളുമായ യുവതി കുറച്ചുനാളായി 45കാരിയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്.
ഹുബ്ബളി സ്വദേശിയാണ് 26കാരൻ. അരവിന്ദിന് മകളെ വിവാഹം ചെയ്ത് നൽകിയത് മഹാദേവിയായിരുന്നു. ഒന്നര വർഷം മുൻപായിരുന്നു വിവാഹം. രണ്ട് മാസം മുൻപാണ് യുവതിക്ക് കുഞ്ഞ് ജനിച്ചത്. പ്രസവ സംബന്ധിയായ പരിരക്ഷകൾക്കായി യുവതിയും കുഞ്ഞും അമ്മയ്ക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. കുഞ്ഞിനെ കാണിക്കാൻ ആവശ്യപ്പെട്ട് അരവിന്ദ് നിരന്തരം വീഡിയോ കോളിൽ വിളിക്കുന്നതായി മഹാദേവിയോട് മകൾ പരാതിപ്പെട്ടിരുന്നു. മകൾക്ക് വിശ്രമിക്കാൻ പോലും സമയം ലഭിക്കുന്നില്ലെന്ന കണ്ട മഹാദേവി മരുമകനോട് ദിവസം മുഴുവൻ ഫോണിൽ വീഡിയോ കോളിൽ ഇരിക്കാൻ സാധിക്കില്ലെന്നും തനിക്ക് മറ്റ് ജോലികളുണ്ടെന്നും ഫോൺ വിളികളുടെ എണ്ണം ചുരുക്കണമെന്നും അരവിന്ദിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതിൽ പ്രകോപിതനായ യുവാവ് മഹാദേവിയെ അസഭ്യം പറഞ്ഞു. ഇതോടെ വീട്ടിൽ കയറിയാൽ അരവിന്ദിനെ വെറുതെ വിടില്ലെന്ന് 45കാരി കർശനമായി താക്കീത് നൽകി. ഇതോടെയാണ് യുവാവ് അലടകട്ടിയിലെ വീട്ടിലേക്ക് എത്തിയതും അമ്മായിഅമ്മയെ ആക്രമിച്ചതും. ഇന്ന് ജയിൽ, നാളെ ജാമ്യം എന്ന് വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ഇട്ട ശേഷമായിരുന്നു യുവാവ് 45കാരിയായ അമ്മായിഅമ്മയെ ആക്രമിച്ചത്. സംഭവത്തിൽ മുരഗോഡ് പൊലീസ് സ്റ്റേഷനാണ് കേസ് എടുത്തിട്ടുള്ളത്.


