Asianet News MalayalamAsianet News Malayalam

'അപേക്ഷിക്കുന്നത് ആരെന്ന് നോക്കിയല്ല സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യുന്നത്'; മന്ത്രി എംബി രാജേഷ്

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് കെ സ്മാര്‍ട്ടിലൂടെ ലഭിച്ചത് 30 മിനുട്ട് കൊണ്ടാണെന്ന് മന്ത്രി പറഞ്ഞിരുന്നു.

mb rajesh reaction on ksmart online platform joy
Author
First Published Jan 18, 2024, 8:28 AM IST

തിരുവനന്തപുരം: അപേക്ഷിക്കുന്നത് ആരെന്ന് നോക്കിയല്ല ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നതെന്ന് മന്ത്രി എംബി രാജേഷ്. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് കെ സ്മാര്‍ട്ടിലൂടെ നല്‍കിയത് സംബന്ധിച്ച എഫ്ബി പോസ്റ്റിന്റെ കമന്റ് ബോക്‌സിലാണ് മന്ത്രിയുടെ പ്രതികരണം. 'അപേക്ഷിച്ചയുടന്‍ തന്നെ സര്‍ട്ടിഫിക്കറ്റ് കിട്ടിയ എത്രയോ ആളുകള്‍ അവരുടെ അനുഭവം പറഞ്ഞിട്ടുണ്ട്. കമന്റ് ബോക്‌സിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ അത് ആര്‍ക്കും വായിക്കാനാവും. ഏതൊരു അപേക്ഷകനും ചുരുങ്ങിയ സമയം കൊണ്ട് സേവനം ലഭിക്കുന്നു.' എത്രയോ അനുഭവങ്ങള്‍ പേജില്‍ തന്നെ മുന്‍പ് പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി രാജേഷ് പറഞ്ഞു. 

'സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് കെ സ്മാര്‍ട്ടിലൂടെ ലഭിച്ചത് 30 മിനുട്ട് കൊണ്ടാണെന്ന് മന്ത്രി പറഞ്ഞിരുന്നു. കെ സ്മാര്‍ട്ടിലൂടെ അപേക്ഷിച്ച് അര മണിക്കൂറിനുള്ളില്‍ തന്നെ വധൂവരന്മാരായ ഭാഗ്യയും ശ്രേയസും സര്‍ട്ടിഫിക്കറ്റ് ഗുരുവായൂര്‍ നഗരസഭയുടെ കൗണ്ടറില്‍ നിന്ന് കൈപ്പറ്റി. ഇതിന് മുമ്പ് തന്നെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കിയിരുന്നു. സംസ്ഥാനത്താകെ എല്ലാ നഗരസഭകളിലും ഇത്ര വേഗതയിലാണ് ഇപ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നത്.' കെ സ്മാര്‍ട്ട് നഗരസഭകളെ ഡബിള്‍ സ്മാര്‍ട്ടാക്കുകയാണെന്നും മന്ത്രി രാജേഷ് ഇന്നലെ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. 

കെ സ്മാര്‍ട്ട്; ഒൻപത് സംശയങ്ങൾക്ക് മറുപടിയുമായി മന്ത്രി

സര്‍ക്കാര്‍ സേവനങ്ങള്‍ വിരല്‍ത്തുമ്പിലെത്തുന്ന പദ്ധതിയാണ് കെ-സ്മാര്‍ട്ട്. https://ksmart.lsgkerala.gov.in/ui/web-portal ആണ് കെ-സ്മാര്‍ട്ടിന്റെ വെബ്‌സൈറ്റ്. ഹോംപേജിന്റെ മുകളില്‍ ഇടത് ഭാഗത്ത് ക്ലിക് ചെയ്ത് രജിസ്‌ട്രേഷന്‍ ചെയ്യാം. ആധാര്‍ കാര്‍ഡ് നമ്പര്‍ നല്‍കിയാല്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ പറ്റൂ. ആധാറുമായി ലിങ്ക് ചെയ്ത മൊബൈലില്‍ ഒടിപി കിട്ടും. ഒടിപി ടൈപ്പ് ചെയ്ത് കഴിഞ്ഞാല്‍ ആധാര്‍ കാര്‍ഡിലെ പേര് തെളിഞ്ഞു വരും. രജിസ്‌ട്രേഷന്‍ പൂര്‍ണ്ണം. പിന്നാലെ മൊബൈല്‍ നമ്പര്‍ ആവശ്യപ്പെടുന്ന സ്‌ക്രീന്‍ തെളിയും. ഒരു വട്ടം കൂടി നമ്പര്‍ അടിച്ചു നല്‍കണം, വീണ്ടും ഒടിപി വെരിഫൈ ചെയ്ത് വാട്‌സാപ്പ് നമ്പറും ഇമെയില്‍ ഐഡിയും നല്‍കിക്കഴിഞ്ഞാല്‍ കെ സ്മാര്‍ട്ട് ഉപയോഗിക്കാം.

മൈ  ആപ്ലിക്കേഷന്‍സ് എന്ന ടാബില്‍ ക്ലിക് ചെയ്താല്‍ ഇത് വരെ നല്‍കിയ അപേക്ഷകളും അവയുടെ നിലവിലെ സ്ഥിതിയും അറിയാം. പുത്തന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ മുകളില്‍ അപ്ലൈ എന്നൊരു ടാബ് ഉണ്ട്. സിവില്‍ രജിസ്‌ട്രേഷന്‍ വിഭാഗത്തിലാണ് ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കേറ്റുകളുടെ രജിസ്‌ട്രേഷനുള്ള ഓപ്ഷന്‍ നല്‍കിയിരിക്കുന്നത്. തൊട്ട് താഴെ പ്രൊപ്പര്‍ട്ടി ടാക്‌സ്, ബില്‍ഡിംഗ് പെര്‍മിറ്റ് എന്നീ ഓപ്ഷനുകള്‍. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് കെ സ്മാര്‍ട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

സ്‌കൂളിൽ നിന്ന് മക്കളെയും കൂട്ടി വീട്ടമ്മ പോയത് ജീവനൊടുക്കാൻ; പാഞ്ഞെത്തിയ പൊലീസ് രക്ഷിച്ചത് 4 ജീവനുകൾ
 

Latest Videos
Follow Us:
Download App:
  • android
  • ios