'ഞങ്ങളാണ് ഈ സർക്കാരിനെ അധികാരത്തിലേറ്റിയതെന്ന രക്ഷാകർതൃ ഭാവത്തിൽ സത്യപ്രതിജ്ഞയ്ക്കെത്തിയ ജമാ അത്ത് തലവൻ പ്രതികരിച്ചോ ?പാരിയത്ത് കാവിലെ 'പുതുയുഗപ്പിറവി' യെ ഇരുട്ടുമുറിയിൽ വിചാരണ ചെയ്തോ ?എത്ര മുഖപ്രസംഗങ്ങളുണ്ടായി ? പൂക്കിയുടെ കണ്ണിറുക്കൽ മാഹാത്മ്യ വർണ്ണനകൾക്കിടെ ദളിതരുടെ രോദനത്തിന് എന്തു വാർത്താ മൂല്യം ?- എംബി രാജേഷ് ചോദിക്കുന്നു.
പാലക്കാട്: എറണാകുളം മലയിടം തുരുത്തിൽ ദളിത് കുടുംബങ്ങള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തെ രൂക്ഷമായി വിമർശച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ എംബി രാജേഷ്. ഇടതുപക്ഷ ഭരണത്തിലും കോടതി വിധി ഉണ്ടായിരുന്നു. അന്നൊന്നും പാരിയത്ത് കാവിൽ പൊലീസ് ഇങ്ങനെ പെരുമാറാൻ ധൈര്യപ്പെട്ടിട്ടില്ല. പുതിയ മുഖ്യമന്ത്രിയായി വടശ്ശേരി ദാമോദര മേനോൻ സതീശൻ സ്ഥാനാരോഹണം ചെയ്തതിന്റെ മൂന്നാം നാളാണ് എറണാകുളം പാരിയത്ത് കാവിലെ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ പൊലീസ് വേട്ടക്കിറങ്ങിയതെന്ന് എംബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു. എവിടെ സത്വവാദികളും ജമാ അത്ത് ഇസ്ലാമിയും. ഞങ്ങളാണ് ഈ സർക്കാരിനെ അധികാരത്തിലേറ്റിയതെന്ന രക്ഷാകർതൃ ഭാവത്തിൽ സത്യപ്രതിജ്ഞയ്ക്കെത്തിയ ജമാ അത്ത് തലവൻ പ്രതികരിച്ചോയെന്ന് രാജേഷ് ചോദിക്കുന്നു.

നിയമത്തിന്റെ ഹൃദയശൂന്യമായ സാങ്കേതികത്വത്തിനുപരിയായി നീതിയുടെ മാനുഷിക പരിഗണനയുള്ള ഒരു സർക്കാർ മുമ്പ് ഈ പ്രശ്നം കൈകാര്യം ചെയ്തതിന്റെ പാഠം ഉൾക്കൊള്ളാൻ യുഡിഎഫ് സർക്കാർ തയ്യാറാവുകയാണ് വേണ്ടത്. അല്ലാതെ പത്തുവർഷത്തെ അധികാര വരൾച്ചയ്ക്കു ശേഷം ഭരണം പിടിച്ചതിന്റെ രാഷ്ട്രീയവെറി പാവപ്പെട്ടവരോട് തീർക്കുകയല്ല വേണ്ടതെന്നും എംബി രാജേഷ് പറഞ്ഞു. അശരണരായ സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടനിലവിളികൾ കേട്ടാണ് ഭരണമാറ്റത്തിന്റെ, പുതുയുഗത്മാരംഭിക്കുന്നത്. വളരെ ക്ഷമാപൂർവ്വവും മാനുഷിക പരിഗണനയോടെയുമാണ് എൽഡിഎഫ് സർക്കാർ ആ പ്രശ്നം കൈകാര്യം ചെയ്തത്. അതുകൊണ്ട് പോലീസും അതിരു വിട്ടിരുന്നില്ല. മുൻകാലങ്ങളിലെല്ലാം അവരെ നിരനിരയായി കുടിയൊഴിപ്പിക്കാൻ ശ്രമിച്ചപ്പോഴെല്ലാം അവർക്കൊപ്പം ഉറച്ചു നിന്ന് ചെറുത്തത് ഇടതുപക്ഷമാണ്. ഇനിയും ആ മനുഷ്യർക്കൊപ്പം ഇടതുപക്ഷമുണ്ടാകും- രാജേഷ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം
പാരിയത്ത് കാവിലെ പുതുയുഗപ്പിറവി,
പുതിയ മുഖ്യമന്ത്രിയായി ശ്രീ. വടശ്ശേരി ദാമോദര മേനോൻ സതീശൻ സ്ഥാനാരോഹണം ചെയ്തതിന്റെ മൂന്നാം നാളാണ് എറണാകുളം പാരിയത്ത് കാവിലെ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ പോലീസ് വേട്ടക്കിറങ്ങിയത്. പൊതുജീവിതത്തിൽ അറുപത്തിരണ്ട് വയസ്സുവരെ ഉപയോഗിച്ച് പഴകിയ പേര് പോരാ മുഖ്യമന്ത്രിയാകാൻ എന്ന് `നെഹ്റുവിയൻ ലെഫ്റ്റി'ന് ഉൾവിളി ഉണ്ടായി. 'യഥാർത്ഥ' ഇടതുപക്ഷത്തിന്റെ തനിസ്വരൂപം ദരിദ്ര ദളിത് ജനതയോടെടുക്കാൻ ഇതാണ് പറ്റിയ സമയമെന്ന് പോലീസിനും തോന്നി. ഇടതുപക്ഷ ഭരണത്തിലും കോടതി വിധി ഉണ്ടായിരുന്നു. അന്നൊന്നും പാരിയത്ത് കാവിൽ പോലീസ് ഇങ്ങനെ പെരുമാറാൻ ധൈര്യപ്പെട്ടിട്ടില്ല. വളരെ ക്ഷമാപൂർവ്വവും മാനുഷിക പരിഗണനയോടെയുമാണ് എൽഡിഎഫ് സർക്കാർ ആ പ്രശ്നം കൈകാര്യം ചെയ്തത്. അതുകൊണ്ട് പോലീസും അതിരു വിട്ടിരുന്നില്ല. ഭരണമാറ്റം സൃഷ്ടിച്ച പുതുയുഗപ്പിറവി ഇത്രവേഗം അനുഭവവേദ്യമാകുമെന്നാരും കരുതിയിട്ടുണ്ടാകില്ല.
അശരണരായ സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടനിലവിളികൾ കേട്ടാണ് ഭരണമാറ്റത്തിന്റെ, പുതുയുഗത്മാരംഭിക്കുന്നത്. നിയമത്തിന്റെ ഹൃദയശൂന്യമായ സാങ്കേതികത്വത്തിനുപരിയായി നീതിയുടെ മാനുഷിക പരിഗണനയുള്ള ഒരു സർക്കാർ മുമ്പ് ഈ പ്രശ്നം കൈകാര്യം ചെയ്തതിന്റെ പാഠം ഉൾക്കൊള്ളാൻ യുഡിഎഫ് സർക്കാർ തയ്യാറാവുകയാണ് വേണ്ടത്. അല്ലാതെ പത്തുവർഷത്തെ അധികാര വരൾച്ചയ്ക്കുശേഷം ഭരണം പിടിച്ചതിന്റെ രാഷ്ട്രീയവെറി പാവപ്പെട്ടവരോട് തീർക്കുകയല്ല. എവിടെ സത്വവാദികൾ ? എവിടെ ജമാ അത്ത് ഇസ്ലാമി ? ഞങ്ങളാണ് ഈ സർക്കാരിനെ അധികാരത്തിലേറ്റിയതെന്ന രക്ഷാകർതൃ ഭാവത്തിൽ സത്യപ്രതിജ്ഞയ്ക്കെത്തിയ ജമാ അത്ത് തലവൻ പ്രതികരിച്ചോ ?
പാരിയത്ത് കാവിലെ 'പുതുയുഗപ്പിറവി' യെ ഇരുട്ടുമുറിയിൽ വിചാരണ ചെയ്തോ ?എത്ര മുഖപ്രസംഗങ്ങളുണ്ടായി ? എത്ര പ്രൈം ടൈം ചർച്ചകളുണ്ടായി ? പൂക്കിയുടെ കണ്ണിറുക്കൽ മാഹാത്മ്യ വർണ്ണനകൾക്കിടെ ദളിതരുടെ രോദനത്തിന് എന്തു വാർത്താ മൂല്യം ? ഇടതുപക്ഷ സർക്കാരിന്റെ കാലത്തായിരുന്നെങ്കിൽ എന്താകുമായിരുന്നു എന്നൊന്ന് സങ്കൽപ്പിച്ചു നോക്കൂ. മുൻകാലങ്ങളിലെല്ലാം അവരെ നിരനിരയായി കുടിയൊഴിപ്പിക്കാൻ ശ്രമിച്ചപ്പോഴെല്ലാം അവർക്കൊപ്പം ഉറച്ചു നിന്ന് ചെറുത്തത് ഇടതുപക്ഷമാണ്. ഇനിയും ആ മനുഷ്യർക്കൊപ്പം ഇടതുപക്ഷമുണ്ടാകും. അവരെപ്പോലെ അനീതി നേരിടുന്നവർക്കെല്ലാം ഒപ്പം തെരുവിലും, സമരമുഖത്തും ഇടതുപക്ഷമുണ്ടാകും.


