മലമ്പുഴ, തൃത്താല മണ്ഡലങ്ങളിലാണ് എംബി രാജേഷിന്‍റെ സാധ്യതകള്‍ സജീവ ചര്‍ച്ചയായത്. വി.ടി. ബല്‍റാമിനെതിരെ കരുത്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി മണ്ഡലം തിരിച്ചു പിടിക്കാനായിരുന്നു രാജേഷിനെ പരിഗണിച്ചത്. 

പാലക്കാട്: വിഎസിന്‍റെ മലമ്പുഴയിലും വിടി ബലറാമിന്‍റെ തൃത്താലയിലും ഇക്കുറി കേട്ട പേരാണ് എംബി രാജേഷിന്‍റേത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ രാജേഷ് മത്സരിക്കാനുളള സാധ്യത മങ്ങുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചന. ലോക്സഭയിലേക്ക് മത്സരിച്ചതും ഭാര്യയുടെ നിയമന വിവാദവുമാണ് രാജേഷിന് തിരിച്ചടിയാവുന്നത്.

മലമ്പുഴ, തൃത്താല മണ്ഡലങ്ങളിലാണ് എംബി രാജേഷിന്‍റെ സാധ്യതകള്‍ സജീവ ചര്‍ച്ചയായത്. വി.ടി. ബല്‍റാമിനെതിരെ കരുത്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി മണ്ഡലം തിരിച്ചു പിടിക്കാനായിരുന്നു രാജേഷിനെ പരിഗണിച്ചത്. വിഎസ് മത്സരിക്കാത്ത സാഹചര്യത്തില്‍ ഇടതുകോട്ടയായ മലന്പുഴയില്‍ നിന്നും നിയമസഭയിലെത്തിക്കാനും കണക്കുകൂട്ടലുണ്ടായിരുന്നു.

എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ പരിഗണിക്കേണ്ടതില്ലെന്ന സിപിഎം സംസ്ഥാന സമിതി ചര്‍ച്ച രാജേഷിന്‍റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. എങ്കിലും ഇളവ് നല്‍കുന്നവരുടെ കൂട്ടത്തില്‍ രാജേഷുണ്ടാവുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ ഭാര്യ നിനിതയുടെ നിയമന വിവാദം കത്തി നില്‍ക്കുന്ന പശ്ചാത്തലത്തില്‍ രാജേഷിനെ മത്സരത്തിനിറക്കുന്നത് പ്രതിപക്ഷത്തിന്‍റെ കയ്യില്‍ ആയുധം വച്ചുകൊടുക്കുന്നതിന് തുല്യമെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തല്‍. പി.കെ. ശശിയും എന്‍.എന്‍. കൃഷ്ണദാസും മത്സര രംഗത്തുണ്ടായാല്‍ ജില്ലയിലെ സംഘടനാ ചുമതലകളിലേക്ക് അടുത്ത സമ്മേളനത്തോടെ രാജേഷിനെ എത്തിക്കാനും സിപിഎമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.