അരക്കിലോയോളം ഹൈബ്രിഡ് കഞ്ചാവും മൂന്ന് ഗ്രാം എംഡിഎംഎയും കൊറിയർ വഴി കോളജ് ഹോസ്റ്റലുകളിലേക്കും മറ്റും കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് കൊറിയർ സ്ഥാപനത്തിൽ വെച്ച് പ്രതികൾ പിടിയിലായത്. ലഹരിക്കടത്തിന് നാലു തവണ പിടിക്കപ്പെട്ട ജിം ട്രെയിനറാണ് പ്രതി വിഷ്ണു.

തൃശൂർ: തൃശൂരിൽ കൊറിയർ വഴി ഹൈബ്രിഡ് കഞ്ചാവും രാസലഹരിയും കടത്തിയ കേസിൽ ജിം ഉടമയും ഫിറ്റ്നസ് ട്രെയിനറുമായ വിഷ്ണു (32) അറസ്റ്റിലായി. ഇയാളുടെ സഹായിയും കൊലക്കേസ് പ്രതിയുമായ അസം സ്വദേശി പ്രജ്വൽ (36)നെയും തൃശൂർ സിറ്റി പൊലീസ് പിടികൂടി. അരക്കിലോയോളം ഹൈബ്രിഡ് കഞ്ചാവും മൂന്ന് ഗ്രാം എംഡിഎംഎയും കൊറിയർ വഴി കോളജ് ഹോസ്റ്റലുകളിലേക്കും മറ്റും കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് കൊറിയർ സ്ഥാപനത്തിൽ വെച്ച് പ്രതികൾ പിടിയിലായത്. തുണിയെന്ന വ്യാജേന വാട്സ്ആപ്പ് വഴി ഓർഡറുകൾ സ്വീകരിച്ചായിരുന്നു ഇവർ ലഹരിവസ്തുക്കൾ അയച്ചിരുന്നത്.

ലഹരിക്കടത്തിന് മുൻപ് നാല് തവണ പിടിയിലായിട്ടുണ്ടെങ്കിലും ചെറിയ അളവിലായതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ ഇറങ്ങി വിഷ്ണു വീണ്ടും കച്ചവടം തുടരുകയായിരുന്നു. പടിഞ്ഞാറക്കോട്ടയിലെ ജിമ്മിലും, ഇയാൾ സ്ഥിരമായി ലഹരി വിൽപ്പന നടത്തിയിരുന്ന 'പ്രോട്ടീൻ മാൾ' എന്ന സ്ഥാപനത്തിലും പ്രതികളെ എത്തിച്ച് പൊലീസ് വിശദമായ തെരച്ചിൽ നടത്തി വരികയാണ്. കേരളത്തിലെ വിവിധ ഹോസ്റ്റലുകളിലേക്ക് സമാനമായ രീതിയിൽ ഇവർ ലഹരി എത്തിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.