Asianet News MalayalamAsianet News Malayalam

കിടത്തി ചികിത്സ വേണ്ടെന്ന് മെഡിക്കൽ ബോര്‍ഡ്; എം ശിവശങ്കറിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും

ആശുപത്രിയിൽ കിടത്തി ചികിത്സ നൽകേണ്ട ആരോഗ്യ പ്രശ്നങ്ങൾ എം ശിവശങ്കറിനില്ലെന്നാണ് മെഡിക്കൽ ബോർഡിൻ്റെ നിഗമനം

Medical board meeting  M Shivashankar  discharge  today
Author
Trivandrum, First Published Oct 19, 2020, 3:10 PM IST

തിരുവനന്തപുരം: ആശുപത്രിയിൽ കിടത്തി അടിയന്തര ചികിത്സ നൽകേണ്ട വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് മെഡിക്കൽ ബോര്‍ഡിന്‍റെ വിലയിരുത്തൽ. ആശുപത്രിയിൽ കിടത്തി ചികിത്സ നൽകേണ്ട ആരോഗ്യ പ്രശ്നങ്ങൾ എം ശിവശങ്കറിനില്ലെന്നാണ് മെഡിക്കൽ ബോർഡിൻ്റെ നിഗമനം. ഇന്ന് തന്നെ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്ജ്ജ് ചെയ്യാനുള്ള സാഹചര്യമാണ് ഇതോടെ തെളിയുന്നത്. 

കലശലായ നടുവേദന ഉണ്ടെന്നാണ് എം ശിവശങ്കര്‍ പറയുന്നത്. എന്നാൽ ഡിസ്കുമായി ബന്ധപ്പെട്ട പ്രശ്നമാണിതെന്നും  ഗുരുതര പ്രശ്നം അല്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. വേദന സംഹാരികൾ മാത്രം മതി. മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഇല്ലെന്നാണ് മെഡിക്കൽ ബോര്‍ഡിന്‍റെ വിലയിരുത്തൽ. എം ശിവശങ്കര്‍ സമര്‍പ്പിച്ച മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിച്ചിരുന്നു. 23 വരെ അറസ്റ്റ് പാടില്ലെന്നും കസ്റ്റംസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു . 

വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് എം ശിവശങ്കറിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലാക്കുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എത്തി കൂട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുന്നതിനെടെ വാഹനത്തിൽ വച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച എം ശിവശങ്കറിന് ആൻജിഗ്രാം അടക്കമുള്ള പരിശോധനകൾ നടത്തിയിരുന്നു. ഹൃദയ സംബന്ധമായ വലിയ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന വിലയിരുത്തലിലായിരുന്നു ഡോക്ടര്‍മാര്‍,

അതേ സമയം കലശലായ നടുവേദന ഉണ്ടെന്ന് എം ശിവശങ്കര്‍ അറിയിച്ചതിനെ തുടര്‍ന്ന് അന്വേഷണ സംഘത്തിന്‍റെ കൂടി ആവശ്യപ്രകാരമാണ് വിദഗ്ധ പരിശോധനക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കിയത്. ഓര്‍ത്തോ വിഭാഗം ഐസിയുവിലാണ് എം ശിവശങ്കറിനെ പ്രവേശിപ്പിച്ചത്. 

തുടര്‍ന്ന് വായിക്കാം: എം ശിവശങ്കറിന്‍റെ അറസ്റ്റ് 23 വരെ തടഞ്ഞ് ഹൈക്കോടതി: രാഷ്ട്രീയ കളികളുടെ ഇരയെന്ന് ശിവശങ്കര്‍...

 

Follow Us:
Download App:
  • android
  • ios