Asianet News MalayalamAsianet News Malayalam

'മുന്‍കരുതലുകള്‍ എടുത്തിരുന്നു'; എ സി മൊയ്‍തീന്‍ ക്വാറന്‍റൈനില്‍ പോകേണ്ടതില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്

വാളയാർ ചെക്ക് പോസ്റ്റിൽ രോഗിയുമായി പ്രാഥമിക സമ്പർക്കം പുലര്‍ത്തിയ യുഡിഎഫ് ജനപ്രതിനികളോട് ക്വാറന്‍റൈനില്‍ പോകാൻ കഴിഞ്ഞ ദിവസം മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കിരുന്നു. 

medical board says minister a c moideen should not be quarantined
Author
Thrissur, First Published May 16, 2020, 7:06 PM IST

തൃശ്ശൂര്‍: സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നതിനാല്‍ മന്ത്രി എ സി മൊയ്‍തീന്‍ ക്വാറന്‍റൈനില്‍ പോകേണ്ടതില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്. വാളയാറിലെ രോഗിയുമായി സമ്പര്‍ക്കമുണ്ടായ അനില്‍ അക്കര എംഎല്‍എ പങ്കെടുത്ത യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി എല്ലാ സുരക്ഷാ മുൻകരുതലും സ്വീകരിച്ചിരുന്നതായി ബോര്‍ഡ് വിലയിരുത്തി. എന്നാല്‍ ഈ മാസം 26 വരെ മന്ത്രി എല്ലാ പൊതുപരിപാടികളും ഒഴിവാക്കണം.

വാളയാർ ചെക്ക് പോസ്റ്റിൽ രോഗിയുമായി പ്രാഥമിക സമ്പർക്കം പുലര്‍ത്തിയ യുഡിഎഫ് ജനപ്രതിനികളോട് ക്വാറന്‍റൈനില്‍ പോകാൻ കഴിഞ്ഞ ദിവസം മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കിരുന്നു. പ്രവാസികളുമായി ഇടപെടുകയും അനില്‍ അക്കര പങ്കെടുത്ത യോഗത്തിലുണ്ടാവുകയും ചെയ്ത മന്ത്രി എ സി മൊയ്തീനെ ക്വാറന്‍റൈനില്‍ നിന്ന് ഒഴിവാക്കിയത് രാഷ്രീയ വിവേചനമെന്നായിരുന്നു യുഡിഎഫിന്‍റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് തിങ്കളാഴ്‍ച ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.  

രോഗലക്ഷണങ്ങൾ ഇല്ലാത്ത, അപകട സാധ്യത കുറഞ്ഞ ദ്വിതീയ സമ്പർക്ക വിഭാഗത്തിലാണ് മന്ത്രി ഉള്‍പ്പെടുകയെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്‍റെ കണ്ടെത്തല്‍. യോഗത്തിൽ മന്ത്രി എ സി  മൊയ്‍തീനും ജില്ലാ കളക്ടർ എസ് ഷാനവാസും മറ്റ് ജനപ്രതിനിധികളും ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ക്വാറന്‍റൈന്‍ ഒഴിവാക്കിയെങ്കിലും യോഗത്തിൽ പങ്കെടുത്ത ജില്ലയിലെ എംഎല്‍എമാര്‍ ഉള്‍പ്പെടെയുളളവര്‍ മുഴുവൻ സമയവും സർജിക്കൽ മാസ്‌ക് ധരിക്കണമെന്നും പൊതുപരിപാടികൾ ഒഴിവാക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും മെഡിക്കൽ ബോർഡ് നിർദേശിച്ചു.

പ്രാഥമിക സമ്പർക്കത്തിൽ വന്ന അനില്‍ അക്കര രോഗലക്ഷണങ്ങൾ പ്രകടമാക്കുകയോ പൊസിറ്റീവ് ആവുകയോ ചെയ്താൽ ദ്വിതീയ സമ്പർക്കത്തിലുള്ളവർ ഹോം ക്വാറന്‍റൈനില്‍ പോകണമെന്നും നിർദേശമുണ്ട്. ഇതിന് പുറമെ ടി എൻ പ്രതാപൻ എം പി പങ്കെടുത്ത പരിപാടിയിലുണ്ടായിരുന്നവര്‍ നിരീക്ഷണത്തിൽ പോകുന്നതിനെക്കുറിച്ചും മെഡിക്കൽ ബോർഡ് പരിശോധിച്ചു. ഇതിൽ പങ്കെടുത്തവരെല്ലാം കുറഞ്ഞ അപകട സാധ്യതയുള്ള ദ്വിതീയ സമ്പർക്കപ്പട്ടികയിലാണ് ഉൾപ്പെടുന്നതെന്നും ബോർഡ് വ്യക്തമാക്കി.
 

Follow Us:
Download App:
  • android
  • ios