Asianet News MalayalamAsianet News Malayalam

സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നടുവണ്ണൂർ സംഭരണ ശാലയിലെ പാക്കിംഗ് ജീവനക്കാരനാണ് ഒന്നാം പ്രതി അരുൺ

Medical College Security personnel assault case, Main accused is Health Department employee
Author
First Published Sep 5, 2022, 2:30 PM IST

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരെ ഡിവൈഎഫ്ഐ നേതാക്കൾ ആക്രമിച്ച കേസിലെ ഒന്നാം പ്രതി കെ.അരുൺ ആരോഗ്യ വകുപ്പ് ജീവനക്കാരൻ.  കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നടുവണ്ണൂർ സംഭരണ ശാലയിലെ പാക്കിംഗ് ജീവനക്കാരനാണ് അരുൺ. ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായ അരുൺ ഏറെ നാളായി ജോലിക്കെത്തിയിട്ടില്ലെന്ന് മാനേജർ ബൈജു അറിയിച്ചു. അരുൺ ഇപ്പോൾ ശമ്പളം പറ്റുന്നുണ്ടോയെന്ന് അറിയില്ലെന്നും മാനേജർ പറഞ്ഞു. അരുൺ ഉൾപ്പെടെ കേസിലെ പ്രതികളെല്ലാം ഒളിവിലാണ്.

അതേസമയം, സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിൽ പ്രതികളായ ഡിവൈഎഫ്ഐ നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധിപറയും. ഒന്നാം പ്രതിയും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ അരുൺ.കെ, പ്രവർത്തകരായ രാജേഷ്, അഷിൻ, മുഹമ്മദ് ഷബീർ എന്നിവരാണ്  മുൻകൂർ ജാമ്യം തേടി കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചിട്ടുള്ളത്.  മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് സുരക്ഷാ ജീവനക്കാരും കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.  സുരക്ഷാ ജീവനക്കാരെന്ന് അറിയില്ലായിരുന്നുവെന്നും തടഞ്ഞു വച്ചപ്പോൾ പ്രകോപനമുണ്ടായെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദം. ഇതിനിടെ, പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് മനഃപൂർവ്വം സൗകര്യമൊരുക്കുന്നു എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. 

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെയാണ് പതിനഞ്ചംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കാണ് മർദ്ദനമേറ്റത്. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇവര്‍ മടങ്ങി പോയതിനു പിന്നാലെ സ്ഥലത്തെത്തിയ സംഘം സുരക്ഷാ ജീവനക്കാരെ അക്രമിക്കുകയായിരുന്നു. രോഗികളെ സന്ദര്‍ശിക്കാന്‍ എത്തിയവര്‍ക്കും  മര്‍ദനമേറ്റു. മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകന്‍  ഷംസുദ്ദീനെയും സംഘം അക്രമിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios