സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധിയിൽ നടപടികളുമായി ആരോഗ്യവകുപ്പ്. ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ ജില്ലകളിൽ നിരീക്ഷണ സമിതി ഏർപ്പെടുത്താനാണ് തീരുമാനം
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി ഒഴിവാക്കാൻ ജില്ലാതലങ്ങളിൽ നിരീക്ഷണ സംവിധാനം ഒരുക്കി ആരോഗ്യവകുപ്പ്. ആശുപത്രികളിലെയും, കെഎംഎസ്സിഎൽ (KMSCL) സംഭരണശാലകളിലെയും മരുന്ന് സ്റ്റോക്കും, വിതരണവും പരിശോധിച്ച് എല്ലാ ആഴ്ചയും റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. മരുന്ന് ക്ഷാമം ഇല്ലെന്ന വാദം ഉയർത്തിയിട്ടും പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മരുന്ന് ക്ഷാമ വാർത്തകൾ ആദ്യം തള്ളിയ മന്ത്രി പിന്നീട് യോഗം വിളിച്ചു. 18 ഇനം മരുന്നുകളുടെ കുറവ് ഉണ്ടെന്ന് സമ്മതിച്ചു. പിന്നെയും മരുന്ന് പ്രതിസന്ധിയില്ലെന്ന് മലക്കം മറിഞ്ഞു. പക്ഷേ ഫീൽഡ് തല വിവരങ്ങൾ വാദങ്ങൾക്ക് നിരക്കുന്നതല്ലെന്ന് വ്യക്തമായതോടെയാണ് പുതിയ നടപടി. മരുന്നുകൾ കിട്ടുന്നില്ലെന്ന് പരാതി ഉയർന്നതായി ആരോഗ്യവകുപ്പ് സമ്മതിക്കുന്നുണ്ട്. അഡീഷണൽ അല്ലെങ്കിൽ ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലായിരിക്കും ജില്ലാ തല നിരീക്ഷണ സംവിധാനം. ആശുപത്രി സൂപ്രണ്ടുമാർ, ഡ്രഗ് ഇൻസ്പെക്ടർ, ഫാർമസി സ്റ്റോർ സൂപ്രണ്ട്, കെഎംഎസ്സിഎൽ വെയർ ഹൗസ് മാനേജർമാർ എന്നിവരാണ് മറ്റ് അംഗങ്ങൾ. ജില്ലയിലെ സർക്കാർ ആശുപത്രികളിലെ അവശ്യ മരുന്നുകളുടെ സ്റ്റോക്ക് നില സമിതി നേരിട്ട് പരിശോധിക്കണം. ആശുപത്രി ഫാർമസികളിലും സ്റ്റോറുകളിലും മരുന്നുകളുടെ ലഭ്യത കൃതിമായി ഉറപ്പാക്കണം.
നിലവിലുള്ള മരുന്നുക്ഷാമം, കുറഞ്ഞ സ്റ്റോക്ക്, വിതരണത്തിലെ കാലതാമസം എന്നിവ കണ്ടെത്തണം, അടുത്ത ദിവസങ്ങളിലും ആഴ്ചകളിലും മരുന്നുകളുടെ ആവശ്യകത വിലയിരുത്തണം, കെഎംഎസ്സിഎൽ (KMSCL) മുഖേനയുള്ള വിതരണത്തിലെ തടസ്സങ്ങൾ, ആശുപത്രി തലത്തിലുള്ള സംഭരണം, വിതരണ പ്രശ്നങ്ങൾ തുടങ്ങിയവ കണ്ടെത്തി പരിഹരിക്കണം, പ്രാദേശികമായി സ്വീകരിക്കേണ്ട അടിയന്തര നടപടികൾ നിർദ്ദേശിക്കണം, സ്റ്റോക്ക് ഉള്ളയിടങ്ങളിൽ നിന്ന് മരുന്ന് ക്ഷാമം ഉള്ള സ്ഥലങ്ങളിലേക്കുള്ള പുനർവിതരണം സാധ്യമാക്കണം, എല്ലാ ആഴ്ചയും ഡിഎംഇക്കും ഡിഎച്ച്എസിനും റിപ്പോർട്ട് കൈമാറണം എന്നിങ്ങനെയാണ് സമിതിയുടെ പ്രവർത്തനം. പർച്ചസ് ഓർഡർ പ്രകാരമുള്ള മരുന്ന് സ്റ്റോക്ക് എത്താൻ ഇനിയും വൈകുമെന്നതിനാൽ, ലോക്കൽ പർച്ചസും, പുനഃക്രമീകരണവും മാത്രമെ മുന്നിൽ വഴിയുള്ളൂ. ഇത് കൂടി മുന്നിൽ കണ്ടാണ് പ്രത്യേക സംവിധാനം.
















