Asianet News MalayalamAsianet News Malayalam

ആരോഗ്യ സര്‍വേയുടെ മറവില്‍ കേരളത്തില്‍ മരുന്ന് പരീക്ഷണത്തിന് നീക്കം നടന്നു; രേഖകള്‍ പുറത്ത്

കൊളസ്ട്രോളിനും രക്തസമ്മര്‍ദത്തിനും ഹൃദയസംബന്ധമായ പ്രശ്നത്തിനും ഉപയോഗിക്കാവുന്ന ഒറ്റ മരുന്ന് പരീക്ഷിക്കാനായിരുന്നു നീക്കം. ആരോഗ്യവകുപ്പിന്‍റെ അറിവോടെ ആണ് നീക്കം നടത്തിയത്.

medicine trial in kerala under health survey
Author
Thiruvananthapuram, First Published Nov 2, 2020, 7:07 AM IST

തിരുവനന്തപുരം: കിരണ്‍ ആരോഗ്യ സര്‍വേയുടെ ഭാഗമായി സംസ്ഥാനത്ത് മരുന്ന് പരീക്ഷണത്തിനും കനേഡിയൻ ഗവേഷണ ഏജൻസി ശ്രമിച്ചുവെന്ന് രേഖകൾ. കാനഡയില്‍ പരീക്ഷണാര്‍ഥം നല്‍കിയ ഗുളിക കേരളത്തില്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാക്കി രോഗികള്‍ക്ക് നല്‍കാൻ പിഎച്ച്ആർഐ തീരുമാനിച്ചതിന്‍റെ രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.  

കിരണ്‍ ആരോഗ്യ സര്‍വേ വഴി സംസ്ഥാനത്തെ പത്ത് ലക്ഷം ആളുകളുടെ ആരോഗ്യവിവരങ്ങളാണ് ശേഖരിച്ചത്. ഇതിന്‍റെ ആദ്യഘട്ട ഡാറ്റകൾ ലഭ്യമായതോടെയാണ് കനേഡിയൻ ഗവേഷണ ഏജൻസിയായ പി എച്ച് ആര്‍ ഐ തലവൻ മലയാളികൂടിയായ ഡോ.സലിം യൂസഫിന്‍റെ നേതൃത്വത്തില്‍ കേരളത്തില്‍ മരുന്ന പരീക്ഷണത്തിന് കളമൊരുക്കിയത്. ജീവിതശൈലി രോഗങ്ങൾ കൂടിയ കേരളത്തില്‍ കൊളസ്ട്രോളിനും രക്തസമ്മര്‍ദത്തിനും ഹൃദയസംബന്ധമായ പ്രശ്നത്തിനും ഉപയോഗിക്കാവുന്ന ഒറ്റ മരുന്ന് എന്ന നിലയില്‍ പോളി പിൽ എന്ന പുതിയ  ഗുളികക്ക് വലിയ വിപണി ഒരുക്കാനായിരുന്നു നീക്കം. എന്നാല്‍ പോളി പില്‍ എന്ന പേരില്‍ കേരളത്തിൽ കൊണ്ടുവന്നാല്‍ വിവാദങ്ങളുണ്ടാകുമെന്നും പോളിഫാര്‍മസി എന്നുപയോഗിച്ചാൽ മതിയെന്നും സര്‍വേയുമായി സഹകരിച്ച ഹെല്‍ത്ത് ആക്ഷൻ ബൈ പിപ്പിളിന്‍റെ ഡോ.വിജയകുമാര്‍ ഡോ.സലിം യൂസഫിന് മെയില്‍ അയച്ചു.

Also Read: കിരണ്‍ സര്‍വേയില്‍ സ്വകാര്യ ആശുപത്രിയും; മരണവിവരങ്ങൾ ശേഖരിക്കാൻ അമൃത ആശുപത്രി

പിന്നീട് മരുന്ന് പരീക്ഷണവുമായി ബന്ധപ്പെട്ട് കാനഡയിൽ സംഘടിപ്പിച്ച കോണ്‍ഫറൻസില്‍ രാജീവ് സദാനന്ദനും ഡോ.വിജയകുമാറും ആരോഗ്യവകുപ്പിലെ ഡോ.ബിപിൻ ഗോപാലും പങ്കെടുത്തു. അതിനുശേഷമാണ് കാനഡിയിൽ കുറച്ചാളുകളിൽ പരീക്ഷിച്ചശേഷം അടുത്ത ഘട്ടം എന്ന നിലയില്‍ ഈ ഗുളിക കേരള സര്‍ക്കാരിന്‍റെ ആരോഗ്യ പദ്ധതിയില്‍ ഉൾപ്പെടുത്തി കേരളത്തില്‍ സൗജന്യമായി നല്‍കാൻ നീക്കം നടത്തിയത്. ഇതിനായി വമ്പൻ ബഹുരാഷ്ട്ര മരുന്ന് കമ്പനികളും രംഗത്തെത്തിയിരുന്നു. ഇത് തെളിയിക്കുന്ന രേഖകളാണിത്. സര്‍ക്കാര്‍ പദ്ധതിയിലുല്‍പ്പെടുത്തി സൗജന്യമായി മരുന്ന് നല്‍കിയാൽ നിരവധി രോഗികള്‍ അതുപയോഗിക്കും. ഇവരിലെ മാറ്റങ്ങൾ കിരണ്‍ സര്‍വേയുടെ മറവില്‍ കനേഡിയൻ ഗവേഷണ ഏജൻസിക്ക് കൃത്യമായി വിലയിരുത്താനുമാകുമെന്നതായിരുന്നു ഈ നീക്കത്തിന് പിന്നിൽ. അതേസമയം ഈ മരുന്ന് പരീക്ഷണം സര്‍ക്കാര്‍ മേഖലയില്‍ നടത്തിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് പ്രതികരിച്ചു.

Follow Us:
Download App:
  • android
  • ios