തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഓണ്‍ലൈനിൽ നിയമവിരുദ്ധമായി മരുന്ന് വില്‍പ്പന. ഈ മരുന്നുകള്‍ വ്യാപകമായി മയക്കു മരുന്നായി സംസ്ഥാനത്ത് ഉപയോഗിക്കുകയാണ്. ദിവസവും ലക്ഷണക്കിന് രൂപയുടെ  ഇടപാട്  നടക്കുമ്പോഴും ഓണ്‍ലൈന്‍ മരുന്ന കച്ചവടം നിയന്ത്രിക്കാനാവാതെ നോക്കു കുത്തിയാവുകയാണ് സര്‍ക്കാര്‍. ഓണ്‍ലൈനിലൂടെ നിയമവിരുദ്ധമായി നടക്കുന്ന മരുന്ന് വില്‍പ്പന ന്യൂജന്‍ ലഹരിമരുന്നുകള്‍ക്ക് പകരക്കാരനാവുകയാണ്. ഓണ്‍ലൈന്‍ മരുന്നുവില്‍പ്പനയ്ക്ക് പിന്നിലെ കാണാ കെണികളെപ്പറ്റി ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.

ഓണ്‍ലൈനിലൂടെ ലഭിച്ചിരുന്ന മരുന്ന് ലഹരിയായി ഉപയോഗിച്ചിരുന്നയാള്‍ ആണ് പോള്‍ എന്ന യുവാവ്. ലഹരിക്കടിമയായിരുന്ന പോള്‍ ഇപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുയാണ്. പോളിനെപ്പോലെയുള്ളവര്‍ക്ക് ന്യൂജെൻ ലഹരി മരുന്ന് എവിടെ നിന്ന് കിട്ടുന്നു എന്ന അന്വേഷണം ഞങ്ങളെ എത്തിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളിലേക്കാണ്. 

മെഡ് ലൈഫ്, 1എംജി, നെറ്റ് മെഡ് അങ്ങനെ  നിരവധി വെബ്സൈറ്റുകള്‍ ഉണ്ട്. തോന്നും പോലെ കച്ചവടം നടക്കുകയാണ് ഇവിടെ. വിഷാദ രോഗത്തിനും ഉറക്കമില്ലായ്മയ്ക്കും ഉപയോഗിക്കുന്ന മാക്സ് ഗാലിന്‍, സൊനാറ്റ എന്നീ ഗുളികകളും കടുത്ത തലവേദനയ്ക്ക് ഉപയോഗിക്കുന്ന സ്പോസ്മോ പ്രോക്സിവോണും ഞങ്ങള്‍ ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്തു. എല്ലാം ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഴിക്കരുതെന്ന് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം ശക്തമായ മുന്നറിയിപ്പ് നല്‍കുന്ന ഷെഡ്യൂള്‍‍ഡ് വിഭാഗത്തില്‍പ്പട്ട മരുന്നുകളാണ്. 

രണ്ടു ദിവസത്തിനകം മെഡ് ലൈഫിൽ നിന്ന് ഓര്‍ഡര്‍ ഉറപ്പിക്കാന്‍ വിളിയെത്തി. മൈഗ്രെയ്‍ന്‍ ആണ് അസുഖം എന്ന് പറഞ്ഞപ്പോള്‍ മരുന്ന് ഉടനെ എത്തുമെന്ന് ഡോക്ടറാണെന്ന് പരിചയപ്പെടുത്തിയ ആള്‍ ഉറപ്പ് നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍  മരുന്നെത്തി. നാഡീ ഞരമ്പുകളെ ഉത്തേജിപ്പിക്കാൻ ഉപയോഗിക്കുന്ന മാക്സ് ഗാലിൻ, ഒരു ഡോക്ടറെയും കാണാതെ ഒരു കുറിപ്പടിയുമില്ലാതെ കയ്യിലെത്തി.

അദൃശ്യനായ വ്യക്തി എവിടെയോ ഇരുന്ന് നെറ്റിലിട്ടിരിക്കുന്ന വിവരം വെച്ച് മരുന്ന് കഴിക്കുന്ന രീതി ഒട്ടും ആശ്യാസ്യമല്ലെന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ സാംക്രമിക രോഗ വിഭാഗം മേധാവി ഡോ സജിത്ത് കുമാര്‍ പറയുന്നു. ഒരു ദിവസം കഴിച്ചു,രണ്ട് ദിവസം കഴിച്ചു, പിന്നെ ഇത് ലഹരിമായി മാറുമെന്നും അദ്ദേഹം പറയുന്നു. 

മാക്സ് ഗാലിൻ ഉള്‍പ്പടെയുള്ള മരുന്നുകളുമായി നിരവധി പേരെ സംസ്ഥാനത്ത് എക്സൈസ് പിടികൂടിയിട്ടുണ്ട്. 2019 ആയപ്പോഴേയ്ക്കും മരുന്ന് ലഹരിയായി ഉപയോഗിക്കുന്നവരുടെ എണ്ണം 35  ശതമാനം കൂടിയെന്നാണ് സംസ്ഥാന എക്സൈസ് വകുപ്പിന്‍റെ കണക്ക്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഓണ്‍ലൈൻ മരുന്ന് വില്‍പ്പന നടത്തരുതെന്ന് 1940 ലെ ഡ്രഗ്സ് ആൻറ് കോസ്മെറ്റിക് ആക്ടില്‍ പറയുന്നു.