ടൗണിലെ കടകളിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ 12 മണിക്കാണ് സംഭവം. കയ്യിലും കഴുത്തിലും കാലിലും പൊള്ളലേറ്റു.

തിരുവനന്തപുരം: കിളിമാനൂരിൽ ഹരിതകർമ സേനാംഗത്തിന് സൂര്യാതപമേറ്റു. പഴയകുന്നുമ്മൽ പഞ്ചായത്തിലെ ലതികയ്ക്കാണ് പൊള്ളലേറ്റത്. ടൗണിലെ കടകളിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ 12 മണിക്കാണ് സംഭവം. കയ്യിലും കഴുത്തിലും കാലിലും പൊള്ളലേറ്റു. സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ് ദുരന്തനിവാരണ അതോറിറ്റി. താപനില ഉയരാൻ സാധ്യതയുള്ളതിനാൽ കർശന മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. മറ്റ് ജില്ലകളിലും സാധാരണയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ലോക്ഡൗണിന് സമാനമായ ജാഗ്രത പകൽ സമയങ്ങളിൽ പാലിക്കണമെന്നാണ് നിർദ്ദേശം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി മറ്റന്നാൾ മുതൽ സംസ്ഥാനത്ത് വേനൽമഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.