നാലു മാസമായി മുടങ്ങിയ വിനോദിനിയുടെ ധനസഹായം മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് പുനഃസ്ഥാപിക്കാൻ തീരുമാനമായി. വനിതാ ശിശുക്ഷേമ വകുപ്പ് കുടിശിക ഉടൻ നൽകുമെന്ന് അറിയിച്ചു. ഇതിനിടെ, വിനോദിനിക്ക് പ്രായപൂർത്തിയാകുമ്പോൾ സർക്കാർ ജോലി നൽകണമെന്ന് ബാലാവകാശ കമ്മീഷൻ ശുപാർശ ചെയ്യുകയും ചെയ്തു.

തിരുവനന്തപുരം: വിനോദിനിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നാലു മാസം മുടങ്ങിയ സംഭവത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന്റെ ഇടപെടൽ. വനിതാ ശിശുക്ഷേമ വകുപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിനോദിക്ക് ധനസഹായം നല്‍കിയിരുന്നതെന്നാണ് വനിത ശിശു ക്ഷേമ വകുപ്പ് ഡയറക്ടര്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പണം ഉള്‍പ്പെടെയാണ് പദ്ധതിക്ക് വിനിയോഗിക്കുന്നത്. പുതിയ സാമ്പത്തിക വര്‍ഷമായതോടെ ഫണ്ട് ലഭിക്കുന്നത് മുടങ്ങി. നിലവിലെ സാഹചര്യത്തില്‍ ലഭ്യമായ മറ്റ് ഫണ്ടുകള്‍ ഉപയോഗിച്ച് കുടിശിക ഉടന്‍ തീര്‍ക്കുമെന്നും വകുപ്പ് ഡയറക്ടര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ധനസഹായം മുടങ്ങിയത് സംബന്ധിച്ച് അന്വേഷിക്കാന്‍ വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയോടും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുതിയ സര്‍ക്കാറിൽ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി ഇടപെട്ടതോടെ ഇനി സഹായം മുടങ്ങാതെ ലഭിക്കുമെന്നാണ് വിശ്വാസമെന്നും വിനോദിനിയുടെ അമ്മ പ്രതികരിച്ചു. പ്രഖ്യാപിച്ച് ആദ്യ രണ്ട് മാസം കിട്ടിയ സഹായം കഴിഞ്ഞ നാല് മാസത്തോളമായി മുടങ്ങിക്കിടക്കുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിലെ നമസ്തേ കേരളത്തിലൂടെ ആയിരുന്നു സഹായം മുടങ്ങിയ വാര്‍ത്ത പുറത്തുവന്നത്.

സര്‍ക്കാര്‍ ജോലി

സർക്കാർ സംവിധാനങ്ങുടെ വീഴ്ചയെതുടർന്ന് പാലക്കാട് വിനോദിനി എന്ന ഒമ്പത് വയസുകാരിയുടെ കൈ നഷ്ടപ്പെട്ട സാഹചര്യം പരിഗണിച്ച് കുട്ടിക്ക് പ്രായപൂർത്തിയാകുമ്പോൾ സർക്കാർ ജോലി നൽകണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു കമ്മിഷൻ ചെയർപേഴ്സൺ കെ വി മനോജ്കുമാർസ അംഗം ഷാജേഷ് ഭാസ്കർ പി എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ചീഫ് സെക്രട്ടറിക്ക് ശുപാർശ നൽകിയത്. കുട്ടിക്ക് സാധാരണ ജോലിയിൽ ഏർപ്പെടാനോ വരുമാനം നേടാനോ സാധിക്കില്ല. സർക്കാർ ഏറ്റെടുത്തിട്ടുള്ള തുടർപഠന ചെലവ് 21 വയസുവരെ ലഭിക്കുന്നു എന്ന് പാലക്കാട് ജില്ല ശിശു സംരക്ഷണ ഓഫീസറും കുട്ടിയുടെ തുടർചികിത്സ ചെലവ് ആരോഗ്യവകുപ്പും ഉറപ്പുവരുത്തണം. കുട്ടിക്ക് മിഷൻ വാത്സല്യ പദ്ധതി തുകയും പ്രത്യേക കുടുംബസാഹ ചര്യത്തിലെ മാനസിക പിന്തുണയും മാർഗനിർദേശങ്ങളും ലഭ്യമാക്കണം. കഴിഞ്ഞ ഡിസംബറിൽ കുട്ടിയുടെ വിഷയം സംബന്ധിച്ച മാധ്യമവാർത്തയെ തുടർന്ന് ബാലാവകാശ കമ്മിഷൻ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.

കമ്മീഷന്‍റെ ശുപാർശയിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 2012ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചട്ടം 45 പ്രകാരം 45 ദിവസത്തിനകം കമ്മിഷന് ലഭ്യമാക്കണം. മുഖ്യമന്ത്രി വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ കുട്ടിക്ക് കൃത്രിമകൈ വച്ചു നൽകുന്നതിന് ധനസഹായം ലഭ്യമാക്കിയതും വീടു വയ്ക്കാൻ കുടുംബത്തിന് അഞ്ച് സെന്‍റ് ഭൂമി ലഭ്യമാക്കിയതും പ്രശംസനീയവും സമൂഹത്തെ ചേർത്തുപിടിക്കൽ മാതൃകയുമാമെന്ന് കമ്മിഷൻ നിരീക്ഷിച്ചു.