പോലീസിലെ ഡാൻസാഫ് സംഘം എന്ന വ്യാജേനെ ട്രെയിനിൽ നിന്ന് ഇറക്കി പണം കൈക്കലാക്കിയാതായി പരാതി.

കാസർകോട്: പോലീസിലെ ഡാൻസാഫ് സംഘം എന്ന വ്യാജേനെ ട്രെയിനിൽ നിന്ന് ഇറക്കി പണം കൈക്കലാക്കിയാതായി പരാതി. മലപ്പുറം ചെമ്മാട് സ്വദേശി ഉമ്മറിന്‍റെ 25000 സൗദി റിയാലാണ് തട്ടിയെടുത്തത്. വരാവൽ എക്സ്പ്രസിൽ ഈ മാസം 20-ന് പുലർച്ചെ 3:15 ഓടെ ആണ് സംഭവം. നാലംഗ സംഘമാണ് പണം തട്ടിയെടുത്തതെന്ന് ചെമ്മാട് സ്വദേശി പറയുന്നു. അതേസമയം തട്ടിയെടുത്തത് ഹവാല പണമെന്ന നിഗമനത്തലാണ് റെയിൽവേ പോലീസ്. ചെമ്മാട് സ്വദേശി ഉമ്മർ ബാവ ഹവാല ഇടപാടിലെ ഇടനിലക്കാരനെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാസർകോട് സ്വദേശിക്കായി കൊണ്ടുവന്ന സൗദി റിയാലാണ് മറ്റൊരു സംഘം തട്ടിയെടുത്തതെന്ന് കരുതുന്നു. സംഭവത്തില്‍ റെയിൽവേ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പരപ്പനങ്ങാടിയിൽ നിന്നും കഴിഞ്ഞ 20 നാണ് ഉമ്മർ ട്രെയിൻ കയറിയത്. കർണാടകയിലെ ഉഡുപ്പിയിലേക്കാണ് ടിക്കറ്റ് എടുത്തത്. മുന്നിൽ നിന്നും രണ്ടാമത്തെ ജനറൽ കോച്ചിൽ ആണ് യാത്ര ആരംഭിച്ചത്. പുലർച്ചെ 3.15 നു വണ്ടി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസിലെ ഡാൻസാഫ് സംഘം എന്ന് പറഞ്ഞു പുറത്തേക്കു ഇറക്കുകയായിരുന്നു. പിന്നീട് കാട്ടിൽ കൊണ്ടുപോയി കൈ പിന്നിലാക്കി. തുടർന്ന് ഉമ്മറിന്‍റെ കയ്യിൽ ഉണ്ടായിരുന്ന റിയാൽ കൈക്കലാക്കുകയായിരുന്നു. ഉടൻ തന്നെ സംഘം രക്ഷപ്പെട്ടു. സംശയം തോന്നിയ ഉമ്മർ റെയിൽവേ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.