Asianet News MalayalamAsianet News Malayalam

മാനസികാരോഗ്യകേന്ദ്രത്തില്‍ അന്തേവാസി മരിച്ച സംഭവം; വാര്‍ഡന്‍ അറസ്റ്റില്‍

നബീല്‍ സിദ്ദിഖിനെ  മ‍ർദ്ദിച്ചിരുന്നതായി  ബന്ധുക്കൾ ആരോപിച്ചിരുന്നു. സ്നേഹനിലയം അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി.

mental asylum inmate death warden arrested thrithala palakkad
Author
Thrithala, First Published Mar 4, 2020, 7:01 PM IST

പാലക്കാട്: തൃത്താലയില്‍ മാനസികാരോഗ്യ കേന്ദ്രമായ സ്നേഹനിലയത്തിലെ  അന്തേവാസി സിദ്ദിഖ് മർദ്ദനമേറ്റ് മരിച്ചെന്ന പരാതിയിൽ  വാർഡൻ  മുഹമ്മദ് നബീലിനെ പൊലീസ് അറസ്റ്റ് ചെയ്തു. നബീല്‍ സിദ്ദിഖിനെ  മ‍ർദ്ദിച്ചിരുന്നതായി  ബന്ധുക്കൾ ആരോപിച്ചിരുന്നു. സ്നേഹനിലയം അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി. 

ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതമാണ് സിദ്ദിഖിന്റെ മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തൽ. ആന്തരികാവയവങ്ങളില്‍ പലയിടത്തും നീർക്കെട്ടുണ്ടായിരുന്നു. മർദ്ദനമേറ്റത് കാരണമാകാം ഇവയെന്നാണ് നിഗമനം. സ്നേഹനിലയത്തിലെ വാർഡനായ മുഹമ്മദ് നബീലിനെതിരെ നേരത്തെ തന്നെ ബന്ധുക്കൾ ആരോപണമുന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ തൃത്താല പൊലീസ് കേസെടുത്തത്.

മാനസികാസ്വാസ്ഥ്യമുളള അന്തേവാസികൾക്ക് പരിചരണം നൽകാൻ ആവശ്യമുളള അംഗീകാരമൊന്നും സ്ഥാപനത്തിനില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. 
 
സ്ഥാപനത്തിനെതിരെ  ആരോപണവുമായി പരിസര വാസികളും രംഗത്തെത്തി. പല അന്തേവാസികളും മർദ്ദനത്തിനിരയായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. 
അന്തേവാസിയുടെ ദുരൂഹ മരണത്തട്ടിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ  സ്നേഹാലയത്തിലേക്കു മാർച്ച നടത്തി.

Read Also: പാലക്കാട്ടെ മാനസികാരോഗ്യ കേന്ദ്രത്തില്‍ മര്‍ദ്ദനമേറ്റ അന്തേവാസി മരിച്ചു


 

Follow Us:
Download App:
  • android
  • ios