Asianet News MalayalamAsianet News Malayalam

മുളക് പൊടി മോഷ്ടിച്ചെന്ന് ആരോപണം: നാദാപുരത്ത് വീട്ടമ്മയെ 7 മണിക്കൂർ പൂട്ടിയിട്ടു

സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സൂപ്പർ മാർക്കറ്റിലെ ജോലിക്കാരായ സമദ്, കുഞ്ഞബ്ദുള്ള എന്നിവരാണ് അറസ്റ്റിലായത്. മുളകു പൊടിയെടുത്തു എന്ന് കള്ള ആരോപണം ഉന്നയിച്ചാണ് ഇവർ വീട്ടമ്മയെ പൂട്ടിയിട്ടത്. 

mental torture alleging robbery by super market staff in nadapuram to a woman
Author
Kozhikode, First Published Feb 15, 2020, 7:43 AM IST

കോഴിക്കോട്: നാദാപുരത്തെ 'റൂബിയാൻ' എന്ന സൂപ്പർമാർക്കറ്റിൽ ഒരു വീട്ടമ്മയ്ക്ക് അനുഭവിക്കേണ്ടി വന്നത് കടുത്ത മാനസികപീഡനം. മുളകുപൊടി മോഷ്ടിച്ചു എന്നാരോപിച്ച് നാദാപുരം സ്വദേശി തന്നെയായ വീട്ടമ്മയെ സൂപ്പർമാർക്കറ്റിലെ ജോലിക്കാർ പൂട്ടിയിട്ടത് ഏഴ് മണിക്കൂറാണ്. ആളില്ലാത്ത സ്റ്റോർ മുറിയിൽ കൊണ്ടുപോയി ഇരുത്തിയ വീട്ടമ്മയോട് ഇവർ വെള്ളപ്പേപ്പറിൽ ഇതിന് മുമ്പും മോഷണം നടത്തിയെന്ന് എഴുതി ഒപ്പിട്ട് തരാൻ പറഞ്ഞു. സമ്മതിക്കാതിരുന്നപ്പോൾ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും വീട്ടമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സംഭവത്തിൽ നാദാപുരം പൊലീസ് രണ്ട് ജോലിക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തിരുന്ന സമദ്, കുഞ്ഞബ്ദുള്ള എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. രാവിലെ പത്ത് മണിയോടെ കടയിൽ അവർ സാധനം വാങ്ങാൻ പോയതായിരുന്നു. 

വീട്ടമ്മ പറയുന്നത് തന്നെ കേൾക്കാം:

എന്തൊക്കെ സാധനങ്ങളാണ് വാങ്ങിയത്?

പയറും കടലും ഉള്ളിയും പച്ചക്കറിയും. അതിന്‍റെ കൂടെ കുറച്ച് മുളകും വാങ്ങി. അത് ബില്ലാക്കി ഇറങ്ങുന്നതിനിടെ രണ്ട് പേര് എന്നെ വന്ന് വിളിച്ചിട്ട് ഇങ്ങോട്ട് വരാൻ പറഞ്ഞു. എന്നിട്ട് പറഞ്ഞു. നിങ്ങള് മുളക് ബില്ലാക്കിയിട്ടില്ലല്ലോ എന്ന്. നിങ്ങള് ഉള്ളിലേക്ക് വരണം. ഉള്ളിലെ ക്യാമറയില് കണ്ടിട്ട് വന്നതാണെന്ന് പറഞ്ഞ് അവരെന്നെ അകത്തേക്ക് വിളിച്ച് കൊണ്ട് പോയി. 

അവരെന്‍റെ ബാഗും ഫോണും വാങ്ങി വച്ചു. ആളില്ലാത്ത മുറിയിൽ അവര് പിടിച്ച് വച്ചു. എന്നിട്ട് അവര് എനിക്ക് ഒരു വെള്ളപ്പേപ്പറും പേനയും തന്നു. എന്നിട്ട് പറഞ്ഞു. 'നിങ്ങളീ പേപ്പറില് എഴുതണം. ഞാൻ പല തവണയായി ബില്ലില്ലാതെ സാധനങ്ങള് ഇവിടെ നിന്ന് എടുത്തു' എന്ന്. 
 
ഞാൻ പറഞ്ഞു, ഞാനങ്ങനെ എഴുതില്ലെന്ന്. ഇതൊരു അമ്പത് ഉറുപ്യേടെ സാധനമാണ്. അത് എനിക്ക് എടുത്ത് കൊണ്ടുപോകണ്ട കാര്യമില്ല. നിങ്ങള് ക്യാമറ നോക്ക്, എന്നിട്ട് അതിലെന്താ ഉള്ളതെന്ന് പറ. അല്ലെങ്കിൽ എനിക്ക് കാണിച്ച് തരൂ. അതല്ലെങ്കിൽ എന്‍റെ ഫോൺ തരൂ. പൊലീസിനെ വിളിക്കൂ. അല്ലെങ്കിൽ ഞാൻ തന്നെ വിളിക്കാം എന്ന് പറഞ്ഞു. 

അവര് ഫോൺ അടക്കം വാങ്ങി വച്ചു, തന്നതേയില്ല അല്ലേ?

അതെ, അവരെന്‍റെ ഫോൺ വാങ്ങി വച്ചു. എന്നിട്ട് എന്‍റെ ഫോട്ടോ മൊബൈലിലെടുത്തു. ഇത് ഇപ്പോ സമ്മതിച്ചില്ലെങ്കി, ഇവിടെ എഴുതി ഒപ്പിട്ടില്ലെങ്കി മിനിറ്റുകൾക്കകം ഇവൾ കള്ളിയാ എന്ന് പറഞ്ഞ് ഫേസ്ബുക്കിലും വാട്സാപ്പിലുമിടും എന്ന് പറഞ്ഞു. ബഹളം വച്ചാ ഒരുമിനിറ്റ് കൊണ്ട് ലോകം മുഴുവൻ നിങ്ങടെ പടമെത്തും എന്ന് ഭീഷണിപ്പെടുത്തി.

ഞാൻ പേടിച്ച് പോയി. വാ പൊത്തി അവിടെ നിന്നു. എന്നിട്ട് ഇത്തിരി വെള്ളം ചോദിച്ചു ഞാൻ. രാവിലെ ചായയൊന്നും കഴിക്കാതെ വന്നതാ. ഞാൻ തൈറോയ്‍ഡിന്‍റെ ഗുളിക കുടിക്കുന്നതാ. ഇത്തിരി വെള്ളം വേണം എന്ന് ചോദിച്ചു. അതല്ലെങ്കിൽ എന്‍റെ വീട്ടുകാരെ വിളിക്ക്യെങ്കിലും ചെയ്യോ ന്ന് ചോദിച്ചു.

അപ്പോ നിന്നെ ഇവിടെ സൽക്കരിക്കാനല്ല വിളിച്ചത് എന്നാ സമദ് എന്നയാള് പറഞ്ഞത്. അതല്ലെങ്കി നമുക്ക് വീട്ടിപ്പോയി വെള്ളം കുടിക്കാ, അവിടെയിപ്പോ ആരുമില്ലല്ലോ, കുട്ടികളൊക്കെ സ്കൂളിൽപ്പോയില്ലേ, അവിടേക്ക് പോയാ പിന്നെ കാര്യങ്ങള് എളുപ്പല്ലേന്ന് പറഞ്ഞു. (കരയുന്നു)

എനിക്ക് തലചുറ്റി. വയ്യാണ്ട് വന്ന് ഞാനവിടെ വീണു. അപ്പോ അയാള് വന്ന് എന്ന് ചവിട്ടി. ഒച്ചവച്ചാൽ ഞാനാകെ പേടിച്ചിട്ടാ നിന്നത്. എന്‍റെ ഏട്ടൻ ഗൾഫിലാ. അവരൊക്കെ അവിടന്ന് ഫേസ്ബുക്കിലോ വാട്സാപ്പിലോ കണ്ടാ നാണക്കേടാവില്ലേ? പേടിയായിട്ടാ മിണ്ടാതെ നിന്നത്. 

ഇപ്പഴോ? എന്താ തോന്നുന്നത്?

കള്ളിന്നൊരു പേര് വീണില്ലേ? എനിക്ക് ആകെ പേടിയാ. (കരയുന്നു) മിണ്ടാൻ പറ്റണില്ല. പുറത്തിറങ്ങാൻ പറ്റണില്ല. എനിക്കാ വെഷമം മാറ്ന്നില്ല. ആരെങ്കിലും ചോദിക്കുമ്പോത്തന്നെ വല്ലാണ്ട് വരാണ്.  

അതേസമയം അവരെ പിടിച്ചുവച്ചിട്ടില്ലെന്നാണ് സൂപ്പർമാർക്കറ്റ് ഉടമ സമദ് പറയുന്നത്. മോഷണം നടത്തിയെന്ന് മനസ്സിലായപ്പോൾ ഓഫീസിൽ വിളിച്ചിരുത്തുക മാത്രമാണ് ചെയ്തതെന്നും ഭർത്താവ് വരാൻ കാത്തിരുന്നതാണെന്നുമാണ് സൂപ്പർ മാർക്കറ്റുടമയുടെ ന്യായീകരണം. മോഷണം നടന്നുവെന്ന് നിങ്ങൾക്ക് മനസ്സിലായെങ്കിൽ എന്തുകൊണ്ട് പൊലീസിനെ വിളിച്ചില്ല എന്ന ചോദ്യത്തിന് സൂപ്പർ മാർക്കറ്റുടമയ്ക്ക് ഉത്തരമില്ല. 
 

Follow Us:
Download App:
  • android
  • ios