കൊല്ലം: കൊല്ലത്ത് വനിതാ ഹോസ്റ്റലിൽ നിരീക്ഷണത്തിൽ കഴിഞ്ഞയാൾ അക്രമാസക്തനായി. ഇദ്ദേഹം ഭിന്ന മാനസിക ശേഷിയുള്ള വ്യക്തിയാണ്. ആക്രമണത്തിൽ കൊവിഡ് നിരീക്ഷണത്തിലുള്ളവരെ ശുശ്രൂഷിക്കാൻ ചുമതലയുണ്ടായിരുന്ന നഴ്സുമാർക്ക് പരിക്കേറ്റു.

കൊല്ലം ജില്ലയിലെ ആശ്രാമം പിഡബ്ല്യുഡി വനിതാ ഹോസ്റ്റലിലാണ് സംഭവം. ഇയാൾ നിരീക്ഷണ കേന്ദ്രത്തിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. ഇവിടെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കുണ്ടറ സ്വദേശിക്കും ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റു. അക്രമകാരിയായ വ്യക്തി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും ഇതിന്റെ മരുന്ന് കഴിക്കുന്നുണ്ടെന്നുമുള്ള കാര്യം വീട്ടുകാർ മറച്ചുവച്ചു.

അതിനിടെ കൊവിഡ് വൈറസ് വ്യാപനം തടയാനായി സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ വീണ്ടും ലംഘിക്കപ്പെട്ടു. ആൾക്കൂട്ട വിവാഹം നടത്തരുതെന്ന നിർദ്ദേശം കോഴിക്കോട് ലംഘിക്കപ്പെട്ടു. വിലക്ക് ലംഘിച്ച് അന്തർ സംസ്ഥാന സർവീസ് നടത്തിയതിന് സ്വകാര്യ ബസ് പൊലീസ് പിടിച്ചെടുത്തു.

സംസ്ഥാനത്ത് 50 പേരിൽ കൂടുതൽ പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്തരുതെന്ന നിർദ്ദേശമാണ് കോഴിക്കോട് ലംഘിക്കപ്പെട്ടത്. ഏലത്തൂർ സ്വദേശിക്കെതിരെയാണ് കേസ്. കോഴിക്കോട് ചെമ്മങ്ങനാട് ക്വാറന്റൈൻ നിർദ്ദേശം ലംഘിച്ച് ഇറങ്ങി നടന്നതിന് മറ്റൊരാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

ആരോഗ്യ വകുപ്പിന്റെ നിർദേശം ലംഘിച്ചതിന് കൊല്ലത്ത് രണ്ട് കേസുകൾ കൂടി റജിസ്റ്റർ ചെയ്തു. കൊല്ലം കരുനാഗപ്പള്ളി എന്നിവിടങ്ങളിലാണ് കേസ് എടുത്തത്. വിലക്ക് ലംഘിച്ച് സർവീസ് നടത്തിയ അന്തർ സംസ്‌ഥാന ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തത് എറണാകുളം വൈറ്റില ഹബ്ബിൽ വച്ചാണ്. ബെംഗളൂരുവിൽ നിന്നും എത്തിയതാണ് ബസ്. മരട് പൊലീസാണ് ബസ് പിടി കൂടിയത്. സാം ട്രാവൽസിന്റേതാണ് കേസ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക