എട്ട് വര്‍ഷം പിന്നിട്ടിട്ടും മേപ്പാടി - ചൂരല്‍മല മലയോര ഹൈവെയുടെ പണി പൂര്‍ത്തിയായിട്ടില്ല. നിര്‍മാണം നിലച്ച റോഡിലെ പൊടിശല്യം കാരണം പ്രദേശവാസികള്‍ ദുരിതത്തിലാണ്. വേനല്‍ കനക്കുന്നതിന് മുമ്പ് പണി പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കല്‍പ്പറ്റ: എട്ട് വര്‍ഷം പിന്നിടുമ്പോഴും മലയോര ഹൈവെ കടന്നുപോകുന്ന മേപ്പാടി - ചൂരല്‍മല റോഡിന്റെ പണി പൂര്‍ത്തിയായിട്ടില്ല. ക്വാറികളില്‍ നിന്നുള്ള പാഴ്മണ്ണ് ഇട്ടും മെറ്റല്‍ ഇട്ടും അമര്‍ത്തിയിട്ടതല്ലാതെ ടാറിങ് നടത്താനുള്ള അവസാനഘട്ട പ്രവൃത്തികളിലേക്ക് എത്തിയിട്ടില്ലെന്ന് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ധാരാളം വിനോദ സഞ്ചാരികള്‍ കടന്നുപോകുന്ന റോഡായതിനാല്‍ തന്നെ സദാസമയവും പൊടി തിന്ന് കഴിയുകയാണ് പ്രദേശവാസികള്‍. പലര്‍ക്കും ശ്വസന സംബന്ധമായ രോഗങ്ങളും മറ്റും പിടിപെടുന്നുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെ നല്ല രീതിയില്‍ പണി പുരോഗമിച്ച് വരികയായിരുന്നുവെന്നും എന്നാല്‍ ചൂരല്‍മല - മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തെ അതിജീവിച്ചവര്‍ക്കുള്ള ടൗണ്‍ഷിപ്പിന്റെ പ്രവൃത്തിക്കായി ഇവിടെ നിന്ന് തൊഴിലാളികളെ പിന്‍വലിച്ചതാണ് റോഡിന്റെ പണി നിന്നുപോകാന്‍ കാരണമായതെന്നും പ്രദേശവാസിയും പൊതുപ്രവര്‍ത്തകനുമായ സലീം തയ്യില്‍ പറഞ്ഞു. റോഡിന്റെയും ടൗണ്‍ഷിപ്പിന്റെയും പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ്. ടൗണ്‍ഷിപ്പിന്റെ പണികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് റോഡ് പണിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളെ ടൗണ്‍ഷിപ്പ് നിര്‍മാണ സൈറ്റിലേക്ക് കൊണ്ടുപോയതെന്ന് പറയുന്നു.

മലയോര ഹൈവെയുടെ പണി വേഗത്തില്‍ തീര്‍ക്കണമെന്ന് നാട്ടുകാർ

മേപ്പാടി-ചൂരല്‍മല മലയോര ഹൈവെയുടെ പണി വേഗത്തില്‍ തീര്‍ക്കണമെന്നും പ്രദേശവാസികള്‍ നേരിടുന്ന യാത്രദുരിതത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ദുരന്തമുണ്ടാകുന്നതിന് മുമ്പ് നാട്ടുകാര്‍ റോഡ് ഉപരോധം അടക്കമുള്ള സമരങ്ങള്‍ നടത്തിയിരുന്നു. അന്ന് പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തികരിക്കാം എന്ന ഉറപ്പ് നല്‍കിയെങ്കിലും പിന്നീടാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. സമരം നടത്തിയതിന്റെ ഭാഗമായി പ്രദേശവാസികളില്‍ ചിലരുടെ പേരിലുള്ള കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. എട്ട് വര്‍ഷത്തിനിപ്പുറം വീണ്ടും സമരം ചെയ്യേണ്ട ഗതികേടിലാണ് തങ്ങളെന്ന് സലീം തയ്യില്‍ പറഞ്ഞു. പൊടിശല്യം ഓരോ നാളും ഏറി വരികയാണ്. കുട്ടികള്‍ക്ക് റോഡരികിലൂടെ നടന്നുപോകാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. വേനല്‍ രൂക്ഷമാകുന്നതിന് മുമ്പ് റോഡിന്റെ മുഴുവന്‍ പണികളും തീര്‍ക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്നാണ് ചൂരല്‍മല പ്രദേശവാസികളുടെ ആവശ്യം.