മെസിയുടെ കേരള സന്ദർശനം ആദ്യം അറിയിച്ചത് 20 ദിവസം മുമ്പ് രജിസ്റ്റർ ചെയ്ത കമ്പനി. ഗോട്ട് ആഡ് (Goat Ad) എന്ന കമ്പനി ആണ് വിവരം ആദ്യം അറിയിച്ചത്. 2023 ജൂലൈ മാസം എട്ടാം തീയതിയാണ് കമ്പനി വിവരം അറിയിച്ചത്.

കൊച്ചി: മെസിയുടെ കേരള സന്ദർശനം ആദ്യം സർക്കാരിനെ അറിയിച്ച കമ്പനിയുടെയും സ്പോൺസറുടെയും വിലാസം ഒന്നുതന്നെയെന്ന് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണത്തിൽ കണ്ടെത്തൽ. ഫുട്ബോൾ ഇതിഹാസം മെസിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്ന വൻ കള്ളക്കളി വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 20 ദിവസം മുമ്പ് രജിസ്റ്റർ ചെയ്ത ഗോട്ട് ആഡ് ഗ്ലോബൽ എന്ന കമ്പനി ആണ് 2023 ജൂലൈ മാസം എട്ടാം തീയതി മെസിയുടെ സന്ദർശനത്തെക്കുറിച്ച് അറിയിക്കുന്നത്. അർജൻ്റീന ടീമിനെ കൊണ്ടുവരാൻ തയ്യാറാണെന്നും അതിന് മുഴുവൻ സാമ്പത്തിക സഹായവും നൽകാമെന്നായിരുന്നു ഒരു ലക്ഷം മാത്രം ആകെ മൂലധനമുള്ള കമ്പനി സർക്കാരിനെ കത്ത് മുഖേന അറിയിച്ചത്. ഗോട്ട് ആഡിൻ്റെയും പിന്നീട് സ്പോൺസറായി വന്ന റിപ്പോർട്ടർ ടിവിയുടെയും മേൽവിലാസം ഒന്ന് തന്നെയാണെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

മെസിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ കള്ളക്കളിയാണെന്നാണ് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അന്വേഷണ റിപ്പോർട്ടിൻ്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സ്പോൺസറെ തിരഞ്ഞെടുത്തതിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്നും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് വേണ്ടി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

സാമ്പത്തിക ക്രയവിക്രയങ്ങൾ സുതാര്യമല്ലാതെയാണ് നടന്നതെന്നും ആധികാരിക രേഖകൾ ഒന്നുമില്ലാതെ ആണ് അർജൻ്റീന ടീം വരുമെന്ന് സ്പോൺസർമാർ വാഗ്ദാനം ചെയ്തതെന്നും കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. തുടർനടപടികൾക്കായി അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.

ഇടത് സർക്കാരിൻ്റെ കാലത്താണ് മെസി കൊച്ചിയിൽ വരുമെന്ന പേരിൽ വൻ പ്രചാരണം നടത്തിയത്. എന്നാൽ ഇതിന് പിന്നിൽ ചട്ടലംഘനങ്ങളും ദുരൂഹതകളും തട്ടിപ്പുമുണ്ടെന്നാണ് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. മുൻ കായിക മന്ത്രി അബ്ദുറഹിമാൻ്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഇതുസംബന്ധിച്ച കത്തിടപാടുകൾ നടന്നതെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. മെസിയെ എത്തിച്ചു രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നാണ് പറഞ്ഞിരുന്നത്. ഇതിനായി 15 മില്യൺ യുഎസ് ഡോള‍ർ ചെലവ് വരുമെന്നാണ് സൂചിപ്പിച്ചിരുന്നത്. എന്നാൽ പണം കൈമാറിയത് സംബന്ധിച്ച ബാങ്ക് രേഖകൾ ഫയലിൽ കാണുന്നില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. വിജിലൻസ്, ഇഡി അടക്കം വിവിധ ഏജൻസികളുടെ വിശദമായ അന്വേഷണം റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്.