Asianet News MalayalamAsianet News Malayalam

മാർക്ക് ദാനം: സഭയിൽ നിലപാടാവര്‍ത്തിച്ച് ജലീൽ; മന്ത്രിയെ പുറത്താക്കണമെന്ന് വിഡി സതീശൻ

  • ന്യായമായത് അർഹതെപ്പെട്ടവർക്ക് കിട്ടുകയാണുണ്ടായത്. മന്ത്രിക്കൊ ഓഫീസിനോ ഇതിൽ പങ്കില്ല
  • ധർമ്മസംസ്ഥാപനത്തിനായി മന്ത്രിയും സെക്രട്ടറിയും അവതരിക്കണോയെന്ന് വിഡി സതീശന്റെ പരിഹാസം
MG Uni moderation controversy KT Jaleel stand firm on his previous statement
Author
Thiruvananthapuram, First Published Oct 31, 2019, 10:51 AM IST

തിരുവനന്തപുരം: വിവാദമായ എംജി സർവ്വകലാശാല മാർക്ക് ദാന വിവാദത്തിൽ നിലപാട് ആവർത്തിച്ച് മന്ത്രി കെടി ജലീൽ. പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് മന്ത്രി കെടി ജലീൽ മോഡറേഷൻ തീരുമാനം സർവ്വകലാശാല സിന്റിക്കേറ്റിന്റേതാണെന്ന് പറഞ്ഞത്. മലപോലെ വന്ന വിവാദം എലിപോലെ പോയെന്നും അദ്ദേഹം പ്രതിപക്ഷത്തിന് നേരെ തിരിച്ചടിച്ചു. അതേസമയം മന്ത്രിസഭയിൽ നിന്ന് കെടി ജലീലിനെ പുറത്താക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.

തന്റെ പ്രൈവറ്റ് സെക്രട്ടറി അദാലത്തിൽ പങ്കെടുത്തിട്ടില്ലെന്നും, സർവ്വകലാശാലയാണ് മാർക്ക് നൽകാനുള്ള തീരുമാനം പിൻവലിച്ചതെന്നും മന്ത്രി പറഞ്ഞു. "ന്യായമായത് അർഹതെപ്പെട്ടവർക്ക് കിട്ടുകയാണുണ്ടായത്. മന്ത്രിക്കൊ ഓഫീസിനോ ഇതിൽ പങ്കില്ല. പ്രൈവറ്റ് സെക്രട്ടറി അദാലത്തിൽ പങ്കെടുത്തിട്ടില്ല. വിവാദമായ പശ്ചാത്തലത്തിൽ സർവകലാശാലയാണ് തീരുമാനം പിൻവലിച്ചത്" മന്ത്രി പറഞ്ഞു. എല്ലാ ആരോപണങ്ങൾക്കും പിന്നിൽ മുസ്ലിം ലീഗാണെന്ന് കുറ്റപ്പെടുത്തിയ മന്ത്രി താൻ അധികാരത്തിലേറിയ അന്ന് മുതൽ തുടങ്ങിയതാണ് ഈ ആരോപണങ്ങളെന്നും കുറ്റപ്പെടുത്തി.

എന്നാൽ പ്രോ ചാൻസലറായ മന്ത്രിക്ക് സർവ്വകലാശാല നടപടികളിൽ ഇടപെടാൻ അധികാരമില്ലെന്ന് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയ വിഡി സതീശൻ പറഞ്ഞു. "ധർമ്മസംസ്ഥാപനത്തിനായി മന്ത്രിയും സെക്രട്ടറിയും അവതരിക്കണോ"യെന്ന പരിഹാസവും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായി. "ചാൻസലറുടെ അഭാവത്തിൽ മാത്രമാണ് പ്രോ ചാൻസലർക്ക് അധികാരം. മാർക്ക് ദാനം അദാലത്തിൽ അല്ലെന്ന മന്ത്രിയുടെ വാദം തെറ്റ്. പൂവ് ചോദിച്ചാൽ പൂങ്കാവനം കൊടുക്കുന്ന മന്ത്രിസഭയാണിത്. പരീക്ഷാഫലം വന്നതിനു ശേഷം മാർക്ക് കുട്ടി നൽകാൻ എന്ത് ചട്ടമാണുള്ളതെന്ന് മന്ത്രി വ്യക്തമാക്കണം. അങ്ങനെയെങ്കിൽ ഞാനീ ആരോപണത്തിൽ നിന്ന് പിന്മാറാം," എന്നും മന്ത്രിയെ വെല്ലുവിളിച്ചുകൊണ്ട് സതീശൻ പറഞ്ഞു.

കട്ട മുതൽ തിരിച്ച് കൊടുത്തത് കൊണ്ട് കളവ് കളവല്ലാതാകുന്നില്ലെന്ന് വിഷയത്തിൽ സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാർക്ക് ദാനം റദ്ദാക്കിയതുകൊണ്ട് ഫലമില്ലെന്നും ചാൻസലറുടെ അംഗീകാരമില്ലാത്തതിനാൽ കോടതി ഇത് തള്ളുമെന്നും ചെന്നിത്തല പറഞ്ഞു. മാർക്ക് കുംഭകോണമാണ് നടന്നതെന്നും ഇത് കള്ളക്കണിയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് സ്‌പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

മാർക് ദാന വിവാദം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എം.ജി സർവകലാശാലയിൽ പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിക്ക് മന്ത്രി കെ.ടി  ജലീൽ ഇടപ്പെട്ട് മാർക്ക് ദാനം നൽകിയത് നിയമവിരുദ്ധമെന്നാണ് യുഡിഎഫ് കുറ്റപ്പെടുത്തൽ.

സർവകലാശാലയുടെ സ്വയംഭരണ അവകാശത്തിലും പരീക്ഷ നടത്തിപ്പിലുമുള്ള മന്ത്രിയുടെ,  നിയമവിരുദ്ധമായ ഇടപെടലുകൾ സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. വൻ വിവാദമായതിന് പിന്നാലെ എം ജി സർവ്വകലാശാലയിലെ മാർക്ക് ദാനം അടിയന്തര സിൻഡിക്കേറ്റ് യോഗം ചേർന്ന് പിൻവലിച്ചിരുന്നു. മാർക്ക് ദാനം വഴി വിജയിച്ച വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് തിരികെ വാങ്ങാൻ പ്രോ വൈസ് ചാൻസലർ അരവിന്ദ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര സിൻഡിക്കേറ്റാണ് തീരുമാനിച്ചത്.

മാർക്ക് ദാനം പിൻവലിച്ചത് തെറ്റ് അംഗീകരിച്ചതിനുള്ള തെളിവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കട്ട മുതൽ തിരിച്ചു കൊടുത്താൽ കളവ് കളവാകാതിരിക്കില്ലെന്നും ചെന്നിത്തല ആവർത്തിച്ചു. ഈ കാര്യത്തിൽ പ്രതിപക്ഷം ഉന്നയിച്ച എല്ലാ വാദങ്ങളും ശരിയാണെന്ന് ഇതോടെ തെളിഞ്ഞെന്നും ചെന്നിത്തല അവകാശപ്പെട്ടു.

Follow Us:
Download App:
  • android
  • ios