കോട്ടയം: മാര്‍ക്ക് ദാന വിവാദത്തില്‍ ഗവര്‍ണറുടെ കത്തിന് മറുപടി നല്‍കി എംജി സര്‍വകലാശാല വിസി സാബു തോമസ്. സര്‍വകലാശാല നടത്തിയ അദാലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മോഡറേഷന്‍ നല്‍കിയത് അവരുടെ നന്മയ്ക്കാണെന്നും വീഴ്ചയില്ലെന്നും വിസി കത്തില്‍ വ്യക്തമാക്കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് മോഡറേഷന്‍ നല്‍കിയത്. അതിനുള്ള അവകാശം സിന്‍ഡിക്കേറ്റിനും സര്‍വകലശാലക്കുമുണ്ട്. സര്‍വകലാശാലയുടെ ഗുണനിലവാരത്തെ മോഡറേഷന്‍ സമ്പ്രദായം ബാധിച്ചിട്ടില്ലെന്നും വിസി കത്തില്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് രജിസ്ട്രാര്‍ ഡോ. കെ സാബുക്കുട്ടന്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കും കത്ത് നല്‍കി. 

കഴിഞ്ഞ ദിവസം സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാര്‍ക്ക് ദാന വിവാദത്തില്‍ കെടി ജലീലിനെതിരെ പരോക്ഷമായി രംഗത്തെത്തിയിരുന്നു. സര്‍വകലാശാലയെ കുറ്റപ്പെടുത്തിയ കോടിയേരി, സംഭവം പാര്‍ട്ടി പരിശോധിക്കുമെന്നും വ്യക്തമാക്കി. രമേശ് ചെന്നിത്തലയുടെ മകനെതിരെയുള്ള ജലീലിന്‍റെ ആരോപണത്തെയും കോടിയേരി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് വിവാദം ഉയര്‍ന്നുവന്നത് പാര്‍ട്ടി നേതൃത്വത്തില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.