മൂന്നാർ: ദേവികുളം താലൂക്കിൽ നാല് പട്ടയങ്ങൾ റദ്ദാക്കിയ സബ്കളക്ടറായിരുന്ന രേണുരാജിന്റെ നടപടി ശരിയായ അന്വേഷണം നടത്താതെയെന്ന് ദേവികുളം മുൻ അഡീഷണൽ തഹസിൽദാർ എം ഐ രവീന്ദ്രൻ. 2007ലെ സബ് കളക്ടറുടെ പട്ടയ പരിശോധന റിപ്പോർട്ടും വിജിലൻസ് റിപ്പോർട്ടും അവഗണിച്ചാണ് നടപടിയെന്നും പട്ടയം ഒപ്പിട്ട ഉദ്യോഗസ്ഥന്റെ മൊഴി പോലും രേഖപ്പെടുത്തിയില്ലെന്നും രവീന്ദ്രൻ കുറ്റപ്പെടുത്തി.

വ്യാജ പട്ടയം നൽകിയെന്ന് ആരോപിച്ച് പത്തൊമ്പത് വർഷമായി മലയാളി സമൂഹത്തിനു മുന്നിൽ അപമാനിക്കുകയാണെന്നും രവീന്ദ്രൻ പറഞ്ഞു. ദേവികുളത്ത് നിന്ന് സ്ഥലം മാറി പോകുന്നതിന് തൊട്ടുമുൻപാണ് വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി രേണു രാജ് ഉത്തരവിറക്കിയത്. ഹൈക്കോടതി നിർദ്ദേശപ്രകാരം നടത്തിയ പരിശോധനകൾക്ക് ഒടുവിലായിരുന്നു നടപടി.

Read Also: സ്ഥലം മാറ്റത്തിന് തൊട്ടുമുമ്പേ നാല് വ്യാജപട്ടയങ്ങള്‍ റദ്ദാക്കി രേണുരാജ്

സര്‍ക്കാര്‍ ഭൂമി കൈയ്യേറി നിര്‍മ്മിച്ച ഇക്കാനഗറിലെ സര്‍വ്വെ നമ്പര്‍ 912 ല്‍ ഉള്‍പ്പെട്ട എല്‍.എ 96/99, 94/99, 97/99, 54/99 എന്നീ പട്ടയങ്ങളാണ് പരിശോധനകള്‍ പൂര്‍ത്തിയാക്കി രേണു രാജ് റദ്ദ് ചെയ്തത്. ഇതിന് പിന്നാലെ നാല് പട്ടയ നമ്പറിലെ രണ്ടരേക്കർ ഭൂമി ഏറ്റെടുക്കാൻ തഹസീൽദാർക്ക് നിർദ്ദേശവും നൽകിയിരുന്നു. കൊട്ടക്കമ്പൂരിൽ ജോയ്സ് ജോർജിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയുടെ പട്ടയം റദ്ദാക്കിയതിന് പിന്നാലെയായിരുന്നു രേണു രാജിന്റെ സ്ഥലം മാറ്റം.

എന്താണ് രവീന്ദ്രൻ പട്ടയങ്ങൾ?

ദേവികുളം അഡീഷണൽ തഹസിൽദാറായിരുന്ന എംഐ രവീന്ദ്രൻ ഇകെ നായനാർ സർക്കാരിന്റെ കാലത്ത് അനുവദിച്ച  530 വ്യാജ പട്ടയങ്ങളാണ് രവീന്ദ്രൻ പട്ടയങ്ങൾ എന്നറിയപ്പെടുന്നത്. ഇതിന് പുറമെ രവീന്ദ്രന്റെ പേരിൽ വ്യാജ ഒപ്പിട്ട് ആയിരക്കണക്കിന് പട്ടയങ്ങൾ ദേവികുളത്ത് വിതരണം ചെയ്‌തതായി വിജിലൻസ്‌ കണ്ടെത്തുകയും ചെയ്‌തു. ഭൂപതിവ് നിയമം അനുസരിച്ച് പട്ടയത്തിൽ ഒപ്പു വയ്ക്കാനും പട്ടയം അനുവദിക്കാനുമുള്ള അധികാരം ഉള്ളത് തഹസിൽദാർമാർക്കാണ്. എന്നാൽ ചട്ടത്തിന് വിരുദ്ധമായി അഡീഷണൽ തഹസിൽദാറായിരുന്ന എംഐ രവീന്ദ്രൻ ഭൂമി പതിച്ചു നൽകിയതിലൂടെ ആണ് പട്ടയങ്ങൾ വ്യാജമായത്.