തൃപ്രയാറിലെ ബാറിൽ പരിചയക്കാരനെ നോക്കി ചിരിച്ചതിന് മധ്യവയസ്കനെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിലായി. 

തൃശ്ശൂർ: പരിചയത്തിന്റെ പേരിൽ ബാറിൽ വെച്ച് നോക്കി ചിരിച്ചതിന് മധ്യവയസ്കനെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ചെമ്മാപ്പിള്ളി സ്വദേശിയായ കോരമ്പി വീട്ടിൽ അജീഷ് (37) ആണ് വലപ്പാട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ തൃപ്രയാറിലെ ഒരു ബാറിലിരുന്ന് പെരിങ്ങോട്ടുകര വടക്കുംമുറി സ്വദേശി ഇരിക്കലിൽ വീട്ടിൽ സുരേഷ് കുമാറും സുഹൃത്തും മദ്യപിക്കുകയായിരുന്നു.

മുൻപ് പരിചയമുള്ള അജീഷിനെ നോക്കി സുരേഷ് കുമാർ ചിരിച്ചപ്പോൾ, അജീഷ് അസഭ്യം പറയുകയും കൈയ്യിലിരുന്ന ഗ്ലാസ് കൊണ്ട് സുരേഷ് കുമാറിന്റെ മുഖത്തടിക്കുകയും പരിക്കേൽപ്പിക്കുകയുമായിരുന്നു. സുരേഷ് കുമാറിന്റെ പരാതിയെ തുടർന്ന് വലപ്പാട് പോലീസ് കേസെടുക്കുകയും പ്രതിയായ അജീഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പേരുള്ള ആളാണ് അജീഷ്. വലപ്പാട്, അന്തിക്കാട്, പുതുക്കാട്, തൃശ്ശൂർ മെഡിക്കൽ കോളേജ് എന്നീ പോലീസ് സ്റ്റേഷനുകളിൽ സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതലിന് നാശനഷ്ടം വരുത്തിയതിനും, രണ്ട് കവർച്ചാ കേസുകളിലും ഒരു മോഷണക്കേസിലും ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്.

വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. രമേഷ്, എസ്.ഐ. സദാശിവൻ, സി.പി.ഒ. മാരായ പി.എസ്. സോഷി, സന്ദീപ്, സതീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.