ഇത്തരത്തിൽ മാര്‍ക്കറ്റിങ് വിഭാഗം രൂപീകരിക്കുന്നത് സംബന്ധിച്ച ചർച്ചയാണ് കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ ഉപസ്ഥാപനമായ നാഷണൽ വിദ്യുത് വ്യാപാർ നിഗം ലിമിറ്റഡുമായി നടത്തിയതെന്നും കെഎസ്ഇബി വാര്‍ത്താ കുറിപ്പിൽ അറിയിച്ചു.
തിരുവനന്തപുരം: വൈദ്യുതി വാങ്ങാനും സര്‍ക്കാരിന് ഇടനിലക്കാര്‍ എന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെഎസ്ഇബി. കുറഞ്ഞ വിലയിൽ വൈദ്യുതി വാങ്ങാനും പകൽ സമയങ്ങളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന അധിക വൈദ്യുതി വിൽക്കാനുമായി കെ എസ് ഇ ബിക്ക് സ്വന്തമായ ഒരു മാർക്കറ്റിംഗ് സംവിധാനം ആലോചിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇങ്ങനെയൊരു വാര്‍ത്തയെന്നും കെഎസ്ഇബി വിശദീകരിക്കുന്നു. ഇത്തരത്തിൽ മാര്‍ക്കറ്റിങ് വിഭാഗം രൂപീകരിക്കുന്നത് സംബന്ധിച്ച ചർച്ചയാണ് കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ ഉപസ്ഥാപനമായ നാഷണൽ വിദ്യുത് വ്യാപാർ നിഗം ലിമിറ്റഡുമായി നടത്തിയതെന്നും കെഎസ്ഇബി വാര്‍ത്താ കുറിപ്പിൽ അറിയിച്ചു.
സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 70 ശതമാനവും പുറത്തുനിന്ന് വാങ്ങി എത്തിച്ചുനൽകുകയാണ് കെ എസ് ഇ ബി ചെയ്തുവരുന്നത്. വൈദ്യുതിയുടെ ശരാശരി വാങ്ങൽ വില 2016 ൽ യൂണിറ്റിന് 3.88 രൂപ ആയിരുന്നത് ഇപ്പോൾ 5.08 രൂപയായി ഉയർന്നിരിക്കുകയാണ്. ഇങ്ങനെ വൈദ്യുതി വാങ്ങുന്നതിനായി 2020 കാലഘട്ടത്തിൽ പ്രതിവർഷം 8000 കോടി രൂപ മുടക്കിയിരുന്നത് ഇപ്പോൾ 13,000 കോടി രൂപയിലേക്ക് എത്തിയിരിക്കുന്നു. ഈ ചെലവ് ഇനിയും ഉയരുമോ എന്നത് ഇക്കൊല്ലത്തെ വേനലിന്റെ തീവ്രതയെ ആശ്രയിച്ചിരിക്കും. ആകെ വരുമാനത്തിൻ്റെ 60 ശതമാനത്തോളം വൈദ്യുതി വാങ്ങുന്നതിനായാണ് കെ എസ് ഇ ബി ചെലവഴിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ മാര്‍ക്കറ്റിങ് സംവിധാനം ആലോചിക്കുന്നതെന്നും കെഎസ്ഇബി വിശദീകരിക്കുന്നു.
നിലവിൽ വൈദ്യുതി കൈമാറ്റക്കച്ചവടം (സ്വാപിംഗ്) ചിലപ്പോഴെങ്കിലും സ്വകാര്യ ബ്രോക്കർമാരുടെ സഹായത്തോടെയാണ് നിർവ്വഹിച്ചുവരുന്നത്. ഇതൊഴിവാക്കി കൃത്യവും സമഗ്രവുമായ തരത്തിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത, ആവശ്യകത തുടങ്ങിയവ സംബന്ധിച്ച സമഗ്രമായ മാർക്കറ്റ് പഠനത്തിനായി സ്വന്തമായി ഒരു വിഭാഗത്തെ രൂപീകരിക്കുക ലക്ഷ്യമിട്ടാണ് ദേശീയതലത്തിൽ വൈദ്യുതി ഉത്പാദന വിതരണ രംഗത്ത് പ്രാമുഖ്യമുള്ള നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ ഉപസ്ഥാപനമായ വിദ്യുത് വ്യാപാർ നിഗം ലിമിറ്റഡിനെ സമീപിച്ചത്. പ്രസ്തുത ചർച്ചയിൽത്തന്നെ അത്തരത്തിൽ മാർക്കറ്റിംഗ് വിഭാഗ രൂപീകരണത്തിന് വിദഗ്ദ്ധസഹായം നൽകാൻ പരിമിതിയുണ്ടെന്ന് അവർ അറിയിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ മറ്റ് സർക്കാർ അനുബന്ധ സ്ഥാപനങ്ങളുമായി ഇതുസംബന്ധിച്ച ചർച്ചകൾ നടത്തിവരികയാണ്.
സ്വന്തമായി മാർക്കറ്റിംഗ് വിഭാഗം ഇല്ലാത്തതുകൊണ്ടുതന്നെ 2024ൽ ഇത്രയേറെ മഴ ലഭിച്ചിട്ടും വളരെക്കുറവ് വൈദ്യുതി മാത്രമേ വിൽപ്പന നടത്താൻ കഴിഞ്ഞിട്ടുള്ളു. പകൽ സമയത്ത് നിലവിൽ കോടിക്കണക്കിന് രൂപയുടെ വൈദ്യുതി സറണ്ടർ ചെയ്തുവരികയുമാണ്. സൗരോർജ്ജോത്പാദന സ്ഥാപിതശേഷി പ്രതിമാസം 35 മെഗാവാട്ട് വീതം വർധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ഇങ്ങനെ പകൽ സമയത്ത് അധികമായി ലഭ്യമാകുന്ന വൈദ്യുതിയുടെ വിൽപ്പന സാധ്യതകളും കണ്ടെത്തേണ്ടതുണ്ട്.
ഇന്ത്യയിലെ വൈദ്യുതി മാർക്കറ്റിനെപ്പറ്റി ആഴത്തിലുള്ള അറിവും പ്രാഗൽഭ്യവും ഉണ്ടായിരുന്നെങ്കിൽ വരുമാനം മെച്ചമാക്കാൻ കഴിയുമായിരുന്നു എന്ന ചിന്തയിലൂന്നിയാണ് മാർക്കറ്റിംഗ് വിഭാഗം രൂപീകരിക്കുന്നത് സംബന്ധിച്ച സഹായത്തിനായി ഈ രംഗത്ത് പ്രാവീണ്യമുള്ളവരെ സമീപിച്ചത്. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ച് ഏറ്റവും കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങി എത്തിക്കാനും പകൽ സമയത്ത് അധികമുള്ള മികച്ച വിലയ്ക്ക് വൈദ്യുതി വിൽക്കാനും കഴിയുന്ന തരത്തിൽ കെ എസ് ഇ ബിക്ക് സ്വന്തമായി പൂർണ്ണസജ്ജമായ ഒരു മാർക്കറ്റിംഗ് വിഭാഗം രൂപീകരിക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്. അതിനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. അതല്ലാതെ, വൈദ്യുതി വാങ്ങുന്നതിനായി ഇടനിലക്കാരായി വിദ്യുത് വ്യാപാർ നിഗം ലിമിറ്റഡിനെ ചുമതലപ്പെടുത്തുന്നു എന്നും ഇതിൻ്റെ ഭാഗമായി 58.57 കോടി രൂപ ഉപഭോക്താവിന്റെ തലയിലാകും എന്നുമുള്ള വാർത്ത തികച്ചും വസ്തുതാവിരുദ്ധമാണ്. ഭാവിയിൽ ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് കെ എസ് ഇ ബി മാനേജ്മെൻ്റുമായി ആശയവിനിമയം നടത്താൻ താൽപര്യപ്പെടുന്നുവെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു.
തലസ്ഥാന നഗരത്തിൽ അപ്രതീക്ഷിത 'പവർ കട്ട്'; സെക്രട്ടേറിയറ്റ് പരിസരം ഇരുട്ടിലായത് മൂന്നിലേറെ മണിക്കൂർ!
