ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരിൽ നിന്നും പിടികൂടി
കൊച്ചി: ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരിൽ നിന്നും പിടികൂടി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി രാഹുൽ (28) നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പ്രതി ഹൗറയിൽ നിന്ന് ഒളിവിൽ പോവുകയായിരുന്നു. ഫെബ്രുവരിയിൽ വെസ്റ്റ് ബംഗാൾ ഹൗറ ഡോംജൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെരുമ്പാവൂരിൽ ഹെൽപ്പർ ജോലി ചെയ്ത് ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പെരുമ്പാവൂർ ടൗണിൽ നിന്നാണ് പിടികൂടിയത്.
നേരത്തെയും ഇയാൾ പെരുമ്പാവൂരിൽ ജോലി ചെയ്തിട്ടുണ്ട്. പെരുമ്പാവൂർ എ എസ് പി ഹാർദിക് മീണ, ഇൻസ്പെക്ടർ എൽ അനിൽകുമാർ, എഎസ്ഐ പിഎ അബ്ദുൽ മനാഫ്, സീനിയർ സിപിഒ ബെന്നി ഐസക്ക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ ഹൗറ ഡോംജൂർ പൊലീസിന് കൈമാറി.



