തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് സ്വന്തം നാട്ടിലേക്ക് പോയ ഇതര സംസ്ഥാന തൊഴിലാളികൾ തിരിച്ചെത്താൻ തുടങ്ങിയ സാഹചര്യത്തിൽ നിബന്ധനയുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. ഇത്തരത്തിൽ തിരികെയെത്തുന്ന അതിഥി തൊഴിലാളികൾ 14 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷമേ ജോലിയിൽ പ്രവേശിക്കാവൂ എന്നാണ് നിബന്ധന. ഇതിനുള്ള സൗകര്യം തൊഴിലാളികളെ കേരളത്തിലേക്ക് കൊണ്ടുവരുന്ന കരാറുകാർ ഒരുക്കണം. 

കൊവിഡ് പരിശോധന നടത്താതെ എത്തുന്ന തൊഴിലാളികൾ കേരളത്തിൽ എത്തി അഞ്ചാം ദിവസം പരിശോധന നടത്തണം. ലക്ഷണങ്ങൾ ഇല്ലാതെ പോസിറ്റീവ് ആകുന്നവർക്ക് ജോലി ചെയ്യാൻ അനുവാദമുണ്ട്. എന്നാൽ മറ്റുള്ളവരുമായി സമ്പർക്കത്തിൽ വരാത്ത വിധത്തിൽ എല്ലാ സജ്ജീകരണങ്ങളും നൽകണം. ആർക്കെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ദിശയിൽ അറിയിക്കണമെന്നും സർക്കാർ അറിയിച്ചു.