Asianet News MalayalamAsianet News Malayalam

കേരളത്തിന് ചരിത്ര നേട്ടം; മെഡിക്കൽ വിദ്യാഭ്യാസ റാങ്കിങ്ങിൽ തിരുവനന്തപുരം മെഡിക്കൽ കോളേജും ദന്തല്‍ കോളേജും

മെഡിക്കല്‍ കോളേജ് കഴിഞ്ഞ തവണത്തെ 44-ാം സ്ഥാനത്തു നിന്നും ദന്തല്‍ കോളേജ് ഇരുപത്തിയഞ്ചാം സ്ഥാനത്ത് നിന്നുമാണ് ഈ മുന്നേറ്റം ഉണ്ടാക്കിയത്. അതേസമയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ എണ്ണമെടുത്താല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് രാജ്യത്ത് തന്നെ ആറാമതെത്താനും ദന്തല്‍ കോളേജിന് അഞ്ചാമതെത്താനുമായി.

Milestone for Kerala Medical Education Thiruvananathapuram Medical College and Dental College get a place in the national ranking
Author
First Published Aug 13, 2024, 3:04 PM IST | Last Updated Aug 13, 2024, 3:04 PM IST

തിരുവനന്തപുരം: തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിനും തിരുവനന്തപുരം ഗവ. ദന്തല്‍ കോളേജിനും ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ റാങ്കിങ്ങില്‍ ചരിത്ര നേട്ടം. ദേശീയ തലത്തില്‍ എയിംസും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും പോലെയുള്ള എല്ലാ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പട്ടികയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജും ദന്തല്‍ കോളേജും തുടര്‍ച്ചയായ രണ്ടാം തവണയും ഇടം പിടിക്കുന്നത്. എല്ലാ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പട്ടികയില്‍ തിരുവന്തപുരം മെഡിക്കല്‍ കോളേജ് 42-ാം സ്ഥാനത്തും ദന്തല്‍ കോളേജ്  21-ാം സ്ഥാനത്തുമാണുള്ളത്.

മെഡിക്കല്‍ കോളേജ് കഴിഞ്ഞ തവണത്തെ 44-ാം സ്ഥാനത്തു നിന്നും ദന്തല്‍ കോളേജ് ഇരുപത്തിയഞ്ചാം സ്ഥാനത്ത് നിന്നുമാണ് ഈ മുന്നേറ്റം ഉണ്ടാക്കിയത്. അതേസമയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ എണ്ണമെടുത്താല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് രാജ്യത്ത് തന്നെ ആറാമതെത്താനും ദന്തല്‍ കോളേജിന് അഞ്ചാമതെത്താനുമായി. പട്ടികയില്‍ ഉള്‍പ്പെട്ട കേരളത്തിലെ ഏക മെഡിക്കല്‍ കോളേജും ദന്തല്‍ കോളേജും കൂടിയാണിവ. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ പുരോഗതിയ്ക്കുള്ള അംഗീകാരമാണ് ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗില്‍ ആദ്യമായി കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും കേരളം ഇടംപിടിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.0

മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളേജുകളില്‍ നടന്നു വരുന്നത്. രണ്ട് മെഡിക്കല്‍ കോളേജുകളും 15 നഴ്‌സിംഗ് കോളേജുകളും യാഥാര്‍ത്ഥ്യമാക്കി. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, റോബോട്ടിക് സര്‍ജറി എന്നിവ യാഥാര്‍ത്ഥ്യമാക്കി. ഈ സര്‍ക്കാര്‍ വന്ന ശേഷം 80 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് അനുമതി നേടിയെടുക്കാന്‍ സാധിച്ചു. ഈ വര്‍ഷം 1020 ബി.എസ്.സി. നഴ്‌സിംഗ് സീറ്റുകള്‍ വര്‍ധിപ്പിച്ചു. ദന്തല്‍ ചികിത്സാ രംഗത്ത് കേരളത്തെ ഹബ്ബാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. കേരളത്തിന്റെ ദന്താരോഗ്യ പദ്ധതികള്‍ പല സംസ്ഥാനങ്ങളും എറ്റെടുത്തു.

തലസ്ഥാനത്തെ മെഡിക്കല്‍ കോളേജ് എന്ന നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വലിയ പ്രാധാന്യമാണ് നല്‍കുന്നത്. 80ല്‍ അധികം തവണയാണ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയത്. മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായി കിഫ്ബി വഴി 717 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നത്. ആദ്യഘട്ടത്തിലെ റോഡും പാലവും നിര്‍മ്മാണം പൂര്‍ത്തിയാക്കി 194.32 കോടി അനുവദിച്ച് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ന്യൂറോ കാത്ത് ലാബ് ഉള്‍പ്പെട്ട 14.3 കോടിയുടെ സമഗ്ര സ്ട്രോക്ക് സെന്റര്‍ സജ്ജമാക്കി. മെഡിക്കല്‍ കോളേജില്‍ റോബോട്ടിക് സര്‍ജറി ആരംഭിക്കുന്നതിന് തുകയനുവദിച്ചിട്ടുണ്ട്.

മെഡിക്കല്‍ കോളേജില്‍ ആദ്യമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി ആരംഭിച്ചു. ലിനാക്, ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി യൂണിറ്റ്, ബേണ്‍സ് ഐസിയു എന്നിവ സ്ഥാപിച്ചു. 23 കോടിയുടെ ലേഡീസ് ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമാക്കി. അടുത്തിടെ മെഡിക്കല്‍ കോളേജിനായി 25 അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചു. സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ക്രിറ്റിക്കല്‍ കെയര്‍, ജനറ്റിക്‌സ്, ജെറിയാട്രിക്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങള്‍ ആരംഭിക്കാനുള്ള ജീവനക്കാരെ നിയമിച്ച് നടപടികള്‍ പുരോഗമിക്കുന്നു. രാജ്യത്ത് മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ന്യൂറോ ഇന്റര്‍വെന്‍ഷന്‍ ആരംഭിച്ചു.

മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി മെഡിസിന്‍ സംവിധാനമൊരുക്കി നൂതന സംവിധാനങ്ങളോട് കൂടിയ അത്യാഹിത വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. എയിംസ്, ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ അത്യാഹിത വിഭാഗം സന്ദര്‍ശിച്ച് അഭിനന്ദിച്ചു. എമര്‍ജന്‍സി മെഡിസിനില്‍ മൂന്ന് പിജി സീറ്റുകള്‍ക്ക് അനുമതി ലഭ്യമാക്കി കോഴ്സ് ആരംഭിച്ചു. 100 ഐസിയു കിടക്കകളുള്ള പ്രത്യേക ബ്ലോക്ക്, സ്‌പെക്റ്റ് സ്‌കാന്‍ എന്നിവ സ്ഥാപിച്ചു. പെറ്റ് സ്‌കാന്‍ സ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു.

സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി എസ്.എ.ടി. ആശുപത്രിയില്‍ പീഡിയാട്രിക് ഹൃദയ ശസ്ത്രക്രിയ വിഭാഗം, എസ്.എം.എ. ക്ലിനിക് എന്നിവ ആരംഭിച്ചു. എസ്.എ.ടി. ആശുപത്രിയെ കേന്ദ്രം അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി ഉയര്‍ത്തി. പീഡിയാട്രിക് ഗ്യാസ്ട്രോ വിഭാഗം ആരംഭിച്ചു. എസ്.എം.എ. രോഗികള്‍ക്ക് ആദ്യമായി സ്‌പൈന്‍ സര്‍ജറി മെഡിക്കല്‍ കോളേജില്‍ വിജയകരമായി ആരംഭിച്ചു. ഇങ്ങനെ നൂറുകണക്കിന് വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.

Read More : വിദ്യാർഥിനിയെ സീനിയർ ഓടുന്ന കാറിലിട്ട് പീഡിപ്പിച്ചു; കൈ പിന്നിൽ കെട്ടിയിട്ടു, അർദ്ധനഗ്നയായി റോഡിൽ തള്ളി

Latest Videos
Follow Us:
Download App:
  • android
  • ios