Asianet News MalayalamAsianet News Malayalam

എഴുത്തുപരീക്ഷക്ക് മിനിമം മാര്‍ക്ക്, സിഇ മാര്‍ക്ക് മാനദണ്ഡം മെറിറ്റ് മാത്രം, ഹൈസ്കൂളിൽ ജയിക്കാൻ സബ്ജക്ട് മിനിമം

2026-27 അക്കാദമിക വർഷം മുതൽ  പത്താം ക്ലാസിൽ സബ്ജക്ട് മിനിമം നടപ്പിലാക്കും
 

Minimum Marks for Written Exam CE Marks Criteria Merit Only Subject Minimum to Pass High School
Author
First Published Aug 7, 2024, 4:17 PM IST | Last Updated Aug 7, 2024, 4:17 PM IST

തിരുവനന്തപുരം: 2026-27 അക്കാദമിക വർഷം മുതൽ  പത്താം ക്ലാസിൽ സബ്ജക്ട് മിനിമം നടപ്പിലാക്കും. 2024-25 അക്കാദമിക വർഷം എട്ടാം ക്ലാസിലും 2025-26 അക്കാദമിക വർഷം 8, 9 ക്ലാസിലും 2026-27 അക്കാദമിക വർഷം 8,9,10 പൊതുപരീക്ഷയിലും സബ്ജക്ട് മിനിമം നടപ്പിലാക്കും. ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ ജനകീയ പങ്കാളിത്തത്തോടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പരിപാടി രൂപീകരിക്കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സംസ്ഥാന കോൺക്ളേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

2024 മെയ്‌ 28-ന് എസ് സി ഇ ആർ ടി യുടെ  ആഭിമുഖ്യത്തിൽ നടത്തിയ പൊതു വിദ്യാഭ്യാസ കോൺക്ളേവ് ഇക്കാര്യം വിശദമായി ചർച്ച ചെയ്ത് പൊതു വിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിൽ സമർപ്പിച്ചിരുന്നു. അക്കാദമിക മികവ് ഉയർത്തുന്നതിനായി സബ്ജക്ട് മിനിമം നടപ്പാക്കുന്നതിനോടൊപ്പം നിരന്തര മൂല്യനിർണയത്തിനുള്ള മാനദണ്ഡങ്ങൾ തികച്ചും മെറിറ്റിനെ അടിസ്ഥാനമാക്കി ആയിരിക്കുമെന്നത് ഉറപ്പുവരുത്തേണ്ടതാണെന്നായിരുന്നു നിര്‍ദേശമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയച്ചു.

അതായത് നിലവിൽ നിരന്തരമൂല്യനിര്‍ണയത്തിന് മുഴുവൻ മാര്‍ക്കും ലഭിച്ച കുട്ടിക്ക് പരീക്ഷയിൽ ജയിക്കാൻ പത്ത് മാര്‍ക്കാണ് വേണ്ടത്. എന്നാൽ സബ്ജക്ട് മിനിമം നടപ്പിലാക്കുന്നതോടെ ഓരോ വിഷയത്തിന്റെയും എഴുത്തുപരീക്ഷയിൽ 30 ശതമാനം മാര്‍ക്ക് ഉണ്ടെങ്കിൽ മാത്രമേ വിജയിക്കുകയുള്ളൂ.   ഏതെങ്കിലും വിഷയത്തിൽ പിന്നാക്കം പോകുന്ന കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് റെമഡിയൽ ക്ലാസുകൾ നൽകി ആ വിഷയത്തിൽ പുന:പരീക്ഷ നടത്തി അതിലൂടെ മികച്ച വിജയം കരസ്ഥമാക്കാം എന്നും നിർദ്ദേശിക്കുന്നതാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ മന്ത്രിസഭയ്ക്ക് സമര്‍പ്പിച്ച റിപ്പോർട്ട്.

ഈ റിപ്പോർട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസത്തിന്റെ  ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനായി ഘട്ടം ഘട്ടമായി നടപടികൾ സ്വീകരിക്കേണ്ടതുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭായോഗം അനുമതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് എല്ലാ ജില്ലയിലും ജില്ലാതല കോൺക്ളേവ് സംഘടിപ്പിക്കും. ഡി ഇ ഒ, എ ഇ ഒ തലത്തിൽ ഗുണമേന്മാ വിദ്യാഭ്യാസ പിന്തുണാ കമ്മിറ്റികൾ രൂപവൽക്കരിക്കും. 

ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ,പിടിഎ അധികൃതർ, വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ,അധ്യാപക സംഘടനകൾ തുടങ്ങിയവരുടെ പിന്തുണ ഉറപ്പാക്കും. ഏതെങ്കിലും വിദ്യാർത്ഥിക്ക് മിനിമം മാർക്ക് ലഭിക്കാതിരിക്കുന്ന സാഹചര്യത്തിൽ പഠന പിന്തുണ നൽകി രണ്ടാഴ്ചയ്ക്കകം  വീണ്ടും പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കും. ഒരു കുട്ടി പോലും പരാജയപ്പെടുക എന്നത് അജണ്ടയിൽ ഇല്ല. മറിച്ച് എല്ലാ കുട്ടികൾക്കും മികച്ച അക്കാദമിക നിലവാരം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്നും വകുപ്പ് വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.

'എയ്ഡഡ് അധ്യാപക നിയമനം പിഎസ്‍സിക്ക് വിട്ടത് തുല്യതക്ക്'; മന്ത്രിയുടെ വിമർശനം രാഷ്ട്രീയപ്രേരിതമെന്ന് എം.എ. ഖാദർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios