കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ 3000നും 4000നും  ഇടയിൽ കൊവിഡ് കേസുകൾ പ്രതീക്ഷിച്ച് നടപടികൾ പൂർത്തിയാക്കിയതായി മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ആവശ്യമായ മുഴുവൻ സൗകര്യങ്ങളും ഇതിനോടകം തയ്യാറാക്കി. നിലവിലെ അവസ്ഥയിൽ മുന്നോട്ടുപോയാൽ ജില്ലയിൽ ആകെ വരാൻ സാധ്യതയുള്ള കേസുകളുടെ എണ്ണമാണ് ഇതെന്നും മന്ത്രി പറഞ്ഞു.

ജില്ലയിൽ 3000നും  4000നും  ഇടയിൽ കൊവിഡ് കേസുകൾ ഉണ്ടായാൽ 600 ഓക്സിജൻ സിലിണ്ടറുകളും 200 വെൻറിലേറ്ററുകളും ആവശ്യം വന്നേക്കാം. ക്വാറന്റൈനിൽ ഉള്ളവരെ നിരീക്ഷിക്കാൻ 118 സ്ക്വാഡുകളെ രംഗത്തിറക്കും. ജില്ലയിലെ ഹാർബറുകളിലെ  നിയന്ത്രണം തുടരും.

കോഴിക്കോട് ബീച്ച് ആശുപത്രി രണ്ടുദിവസത്തിനുള്ളിൽ കൊവിഡിനു വേണ്ടിയുള്ള പ്രത്യേക ആശുപത്രിയാക്കി മാറ്റും. ചികിൽസയ്ക്കു സജ്ജമാകാൻ സ്വകാര്യ ആശുപത്രികൾക്കു നിർദ്ദേശം നൽകി. ആവശ്യമെങ്കിൽ ഇത്തരം ആശുപത്രികളിലെ ബ്ലോക്കുകൾ കൊവിഡ് ആശുപത്രിയാക്കുമെന്നും മന്ത്രി പറഞ്ഞു. 

കൊവിഡ് 19 സമ്പർക്ക വ്യാപനം തടയുന്നതിനായി കോഴിക്കോട് ജില്ലയില്‍ എട്ട് പുതിയ കണ്ടൈന്‍മെന്‍റ് സോണുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒളവണ്ണ, മേപ്പയൂർ എന്നീ  പഞ്ചായത്തുകൾ പൂർണമായും കണ്ടെയിൻമെന്റ് സോണായി. ഇതോടെ ജില്ലയിൽ 14 പഞ്ചായത്തുകൾ പൂർണ്ണമായും കണ്ടെയിൻമെന്റ് സോണായി. കൊടിയത്തൂർ  ഗ്രാമപഞ്ചായത്തിലെ 6-പള്ളിത്താഴെ വാർഡ്, ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ 14-മടപ്പള്ളി കോളേജ്,  15-കണ്ണുവയൽ എന്നീ വാർഡുകളും കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ  വാർഡ് 5-പുളിയഞ്ചേരി, കോഴിക്കോട് കോർപ്പറേഷനിലെ വാർഡ് 56- ചക്കും കടവും വാർഡ് - 36കല്ലായിയും എന്നിവയുമാണ് പുതുതായി പ്രഖ്യാപിച്ച കണ്ടൈന്‍മെന്‍റ്  സോണുകളാണ്. വടകര മുൻസിപ്പാലിറ്റി പൂർണമായും കണ്ടെയിൻമെന്റ് സോണാണ്.  
 

Read Also: കീം ഡ്യൂട്ടി ചെയ്ത അധ്യാപിക തമിഴ്നാട്ടിൽ പോയിവന്ന ശേഷം നിരീക്ഷണത്തിൽ പോയില്ല, ആരോഗ്യ വകുപ്പിനും വീഴ്ച...