പക്ഷിപ്പനി;ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് മന്ത്രിചിഞ്ചുറാണി, 2പഞ്ചായത്തുകളിലെ 18007വളർത്തുപക്ഷികളെ നശിപ്പിച്ചു
17296 താറാവുകളും 394 കോഴികളും 304 കാടകളും 13 പ്രാവുകളും ഇതിൽ ഉൾപ്പെടുന്നു.രോഗം പൊട്ടിപുറപ്പെട്ട പ്രദേശത്തെ എല്ലാപക്ഷികളെയും കൊന്നു
ആലപ്പുഴ: പക്ഷിപ്പനി നേരിടാന്‍ ജാഗ്രതയോടെയുള്ള നടപടി തുടരുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ചമ്പക്കുളം ശ്രീകണ്ഠശ്വര മംഗലം ചിറയിലെ എബ്രഹാം ഔസേപ്പിന്‍റെ താറവുകളാണ് ആദ്യം ചത്തത്. തുടർന്ന് ഏപ്രിൽ 11ന് ചെറുതനയിലെ രഘുനാഥന്‍റേയും ദേവരാജന്‍റേയും താറാവുകൾക്ക് രോഗം ബാധിച്ചു .രോഗം കണ്ടെത്തിയ ഉടൻ തന്നെ തിരുവല്ല പക്ഷി രോഗ നിർണായ ലബോറട്ടറി നടത്തിയ പരിശോധനയിൽ ആദ്യ സ്ഥിരീകരണവുമുണ്ടായി.തുടർന്ന് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലാബിൽ രോഗം സ്ഥിരീകരിച്ചതിന് തുടർന്ന് ഉടൻ നടപടികളുമായി മൃഗസംരക്ഷണ വകുപ്പ് രംഗത്തെത്തി.
രോഗം പൊട്ടി പുറപ്പെട്ട എപ്പിക് സെന്‍ററിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പക്ഷികളെയും കൊന്നൊടുക്കുക എന്നതായിരുന്നു പ്രോട്ടോക്കാൾ. ഇതിനായി ഓരോ പഞ്ചായത്തിലും നാല് ദ്രുത പ്രതികരണ ടീമുകളെയാണ് ചുമലപ്പെടുത്തിയത് . ആകെ 18007 ഓളം വളർത്തുപക്ഷികളെ ഈ രണ്ടു പഞ്ചായത്തുകളിലുമായി കൊന്നു നശിപ്പിച്ചു. 17296 താറാവുകളും 394 കോഴികളും 304 കാടകളും 13 പ്രാവുകളും ഇതിൽ ഉൾപ്പെടുന്നു.537 മുട്ടകളും 100 കിലോ തീറ്റയും ഇതോടൊപ്പം നശിപ്പിക്കപ്പെട്ടു.
വിവിധ പഞ്ചായത്തുകളിൽ വളർത്തുപക്ഷികളെ നഷ്ടപ്പെട്ടവർക്കും ഒഴിവാക്കലിന്‍റെ ഭാഗമായി നശിപ്പിക്കപ്പെട്ട പക്ഷികൾക്കും മുമ്പെന്നത്തേയും പോലെ നഷ്ടപരിഹാരം നല്കും. നഷ്ടം അവലോകനം നടത്തുവാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വളർത്തുപക്ഷികളുടെ മുട്ടയുടെയും തീറ്റയുടെയും വില്പന കടകൾ നിരോധനം തീരുന്നതുവരെ തുറക്കില്ല. കോട്ടയത്തെയും പത്തനംതിട്ടയിലെയും ഏതാനും പഞ്ചായത്തുകളിലെ പ്രദേശങ്ങൾ ഈ നിരോധനത്തിൽ ഉൾപ്പെടും.ഏതെങ്കിലും അസ്വാഭാവിക കാരണത്താൽ വളർത്തുപക്ഷി മരണം സംഭവിക്കുന്ന സ്ഥലങ്ങളിൽ നിന്നും ഉടൻതന്നെ റിപ്പോർട്ട് നൽകുവാൻ ആലപ്പുഴയിൽ തന്നെ കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട് (ഫോൺ0477 2252636)