പ്രിയദർശിനി പദ്ധതി ഉദ്ഘാടനം ബഹിഷ്കരിക്കാനുള്ള സിപിഎം തീരുമാനത്തിൽ പ്രതികരിച്ച് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ. സിപിഎമ്മിൻ്റേത് വിപരീതബുദ്ധിയാണെന്നും കുറച്ച് കാലം കഴിഞ്ഞ് തെറ്റ് തിരുത്തുമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതിയുടെ ഉദ്ഘാടനം സിപിഎം ബഹിഷ്കരിക്കുന്നതിൽ പ്രതികരിച്ച് ​ഗതാ​ഗത വകുപ്പ് മന്ത്രി സി പി ജോൺ. വിനാശകാലേ വിപരീതബുദ്ധിയെന്ന് പ്രതികരിച്ച സി പി ജോൺ, കുറച്ച് കാലം കഴിഞ്ഞ് തെറ്റ് തിരുത്തുമായിരിക്കുമെന്നും പറഞ്ഞു. സിപിഎം തീരുമാനം തിരുത്തണമെന്നും സി പി ജോൺ ആവശ്യപ്പെട്ടു.

അതേസമയം 'പ്രിയദർശിനി' പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ സിപിഎം പങ്കെടുക്കില്ല. പരിപാടിയിൽനിന്ന് വിട്ടുനിൽക്കാൻ മുഴുവൻ എംഎൽഎമാർക്കും സിപിഎം നിർദേശം നൽകി. പദ്ധതി ആളെ പറ്റിക്കുന്നതാണെന്നും യുഡിഎഫ് പറ‍‍ഞ്ഞതല്ല നടപ്പിലാക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞു.

കെഎസ്ആർടിസി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാമെന്നും ഏത് ഭാ​ഗത്തേക്കും പോകാമെന്നുമാണ് പറഞ്ഞിരുന്നത്. എന്നാൽ ഏറ്റവും അവസാനം ആയിരം ബസുകളിൽ മാത്രമാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നത്. മലബാറിൽ ഓർഡിനറി ബസുകൾ അപൂർവമാണ്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ ഓർഡിനറി ബസുകൾ ഉള്ളത്. പദ്ധതി ആളെ പറ്റിക്കുന്നതാണെന്നും ആശ വർക്കർമാരുടെ കാര്യത്തിലും ഇതാണ് സംഭവിച്ചതെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 15ന് രാവിലെ 8:30 മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. ഉദ്ഘാടത്തിന് ശേഷം രാവിലെ ഒൻപതുമണി മുതൽ സീറോ ടിക്കറ്റ് ലഭ്യമായി തുടങ്ങും. സ്തീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയാനായി ബസുകളിൽ 'പ്രിയദർശിനി' സ്റ്റിക്കർ പതിച്ചിട്ടുണ്ടാകും. ബസുകളിൽ സ്റ്റിക്കറുകൾ പതിക്കുന്നത് പൂർത്തിയായിട്ടുണ്ട്. വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയുമാണ് ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുന്നത്.