തിരുവനന്തപുരം: ഹാരിസണ്‍ ഉള്‍പ്പെടെ തര്‍ക്കമുളള തോട്ടങ്ങളുടെ ഭൂനികുതി സര്‍ക്കാരിനോട് ആലോചിക്കാതെ സ്വീകരിക്കരുതെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശം. കൊല്ലം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലാ കളക്ടര്‍മാര്‍ക്കാണ് മന്ത്രി രേഖാമൂലം നിര്‍ദ്ദേശം നല്‍കിയത്. സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി, കൊല്ലം ജില്ലയിലെ റിയ, പ്രിയ തോട്ടങ്ങളുടെ ഭൂനികുതി സ്വീകരിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ നടപടി.

സര്‍ക്കാര്‍ അവകാശമുന്നയിക്കുന്ന തോട്ടങ്ങളുടെ ഭൂനികുതി നിരുപാധികം സ്വീകരിച്ച കൊല്ലം കളക്ടറില്‍ നിന്ന് വിശദീകരണം തേടിയതിനു പിന്നാലെയാണ് റവന്യൂ മന്ത്രി നാലു ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി രേഖാമൂലം നിര്‍ദ്ദേശം നല്‍കിയത്. തര്‍ക്കമുളള തോട്ടങ്ങളില്‍ ഉടമസ്ഥത തെളിയിക്കാന്‍ സര്‍ക്കാര്‍ സിവില്‍ കോടതികളില്‍ കേസ് നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശമെന്നും അതിനാല്‍ ഈ തോട്ടങ്ങളുടെ നികുതിയെടുക്കുന്നത് സിവില്‍ കോടതികളിലെ തീര്‍പ്പിനു വിധേയമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഉപാധിയോടെ നികുതിയെടുക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. ഇക്കാരണത്താല്‍ ഈ വിഷയത്തില്‍ സര്‍ക്കാരുമായി ആലോചിക്കാതെ ഒരു തീരുമാനവും എടുക്കരുതെന്നാണ് റവന്യൂ മന്ത്രി നിര്‍ദ്ദേശിക്കുന്നത്. തെന്‍മലയിലെ റിയ എസ്റ്റേറ്റിന്‍റെയും ആര്യങ്കാവിലെ പ്രിയ എസ്റ്റേറ്റിന്‍റെയും ഭൂനികുതി നിരുപാധികം സ്വീകരിച്ച കൊല്ലം ജില്ലാ കളക്ടറുടെ നടപടി റവന്യൂ വകുപ്പിനെ അമ്പരിപ്പിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നാണ് കളക്ടറുട പ്രാഥമിക വിശദീകരണമെങ്കിലും ഇക്കാര്യത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായെന്നു തന്നെയാണ് റവന്യൂ വകുപ്പിന്‍റെ വിലയിരുത്തല്‍.

നികുതിയെടുത്ത നടപടി റദ്ദാക്കുന്നത് പരിഗണിക്കുന്നുണ്ടെങ്കിലും കോടതിയലക്ഷ്യമാകുമോയെന്ന കാര്യം പരിശോധിച്ച ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം, മന്ത്രിസഭ ഈ വിഷയം ഇതുവരെ ചര്‍ച്ച ചെയ്യാത്തതിനാല്‍ തന്നെ സിവില്‍ കോടതികളില്‍ എന്ന് കേസ് ഫയല്‍ ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.