കൊച്ചി: ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ അറസ്റ്റിൽ അസ്വാഭാവികത ഉണ്ടെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ. ദുബായിലുള്ള മറ്റ് പ്രതികളെ പോലെ അല്ല തുഷാറെന്നും അദ്ദേഹത്തിന് വേണ്ടി മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ സഹമന്ത്രിക്ക് കത്തയച്ചതിൽ തെറ്റില്ലെന്നും ജയരാജൻ പറഞ്ഞു.

ബിജെപിക്കാരന്റെ സംരക്ഷണവും മുഖ്യമന്ത്രിയിൽ നിക്ഷിപ്തമാണെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം അജ്‍മാൻ പൊലീസിന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന തുഷാറിന്റെ ആരോ​ഗ്യ നിലയിൽ ആശങ്ക ഉണ്ടെന്നും നിയമ പരിധിയിൽ നിന്ന് സഹായങ്ങൾ ചെയ്യണമെന്നും ആവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശ കാര്യസഹമന്ത്രിക്ക് കത്തയച്ചിരുന്നു. 

അതേസമയം, തുഷാർ വെള്ളാപ്പള്ളിക്ക് കഴിഞ്ഞ ദിവസം തന്നെ ജാമ്യം അനുവദിച്ചിരുന്നു. അജ്മാൻ കോടതിയിൽ ജാമ്യത്തുക കെട്ടിവച്ചതോടെയാണ് തുഷാറിന് ജാമ്യം കിട്ടിയത്. പ്രമുഖ വ്യവസായി എം എ യൂസഫലി ഇടപെട്ടതിനെ തുടര്‍ന്നാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം കിട്ടിയത്. ഒരു മില്യൻ യുഎഇ ദിര്‍ഹമാണ് ജാമ്യത്തുകയായി കെട്ടിവച്ചത് എന്നാണ് അറിയുന്നത്. തുഷാര്‍ വെള്ളാപ്പള്ളിക്ക് ഒരു മാസത്തേക്ക് യുഎഇ വിട്ടുപോകാൻ കഴിയില്ല.

ഇതിനിടെ നാസിൽ അബ്ദുള്ളയുടെ കൊടുങ്ങല്ലൂരിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. അരമണിക്കൂറോളം പൊലീസ് ഈ വീട്ടിൽ ഉണ്ടായിരുന്നു. നാസിൽ അബ്ദുള്ള എന്താണ് ചെയ്യുന്നത്, എന്ന് നാട്ടിലെത്തും തുടങ്ങിയ വിവരങ്ങൾ പൊലീസ് അന്വേഷിച്ചിരുന്നു. ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ടെന്ന് പറഞ്ഞാണ് പൊലീസ് വീട്ടിലെത്തിയത്. വീടിനകത്ത് പരിശോധന നടത്തിയതായി വിവരമില്ല. മാതാപിതാക്കളോട് വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്ന് മതിലകം പൊലീസ് പറഞ്ഞിരുന്നു. 

പത്തുവര്‍ഷത്തിന് മുമ്പുള്ള സംഭവത്തിൽ ഇപ്പോഴൊരു കേസ് വരുമ്പോൾ അതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും ആരോപിച്ചിരുന്നു. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് നാസിൽ അബ്ദുള്ളയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയത്.