കൊച്ചി: പാലാരിവട്ടം മേൽപ്പാലം പൊളിക്കുന്ന ജോലികൾ വിലയിരുത്താൻ പൊതുമരാമത്തു മന്ത്രി ജി സുധാകരൻ ഇന്ന് കൊച്ചിയിൽ എത്തും. രാവിലെ 10.30നാണ് മന്ത്രി ജോലിയിലെ പുരോഗതി വിലയിരുത്താനെത്തുക. മന്ത്രിയോടൊപ്പം പ്രവൃത്തികളുടെ മേൽനോട്ടം വഹിക്കുന്ന ഡിഎംആർസി, ഊരാളുങ്കൽ സൊസൈറ്റി അടക്കമുള്ളവയുടെ ഉദ്യോഗസ്ഥരും ഉണ്ടാകും. 

പാലത്തിലെ കോൺക്രീറ്റ് ഡിവൈഡർ പൊളിക്കുന്ന ജോലി അന്തിമ ഘട്ടത്തിൽ ആണ്. വരും ദിവസങ്ങളിൽ മറ്റു ഭാഗങ്ങളും പൊളിച്ചു തുടങ്ങും. 8 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ധാരണ. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കു വേണ്ടി പെരുമ്പാവൂരിലുള്ള കമ്പനിയാണ് പണികൾ നടത്തുന്നത്. ഇന്ന് മുതൽ കൂടുതൽ ഉപകരണങ്ങൾ എത്തിച്ച് രണ്ടു മാസത്തിനുള്ളിൽ പൊളിക്കൽ ജോലികൾ പൂർത്തിയാക്കും. കഴിഞ തിങ്കളാഴ്ചയാണ് പാലാരിവട്ടം പാലം പൊളിച്ചുമാറ്റുന്നതിനായുള്ള പ്രവൃത്തികൾക്ക് തുടക്കമായത്.