ആളുകളെ ബുദ്ധിമുട്ടിക്കുന്ന പരിപാടി കെഎസ്ആർടിസി അവസാനിപ്പിക്കുകയാണെന്ന് കെബി ഗണേഷ് കുമാര്‍.

തിരുവനന്തപുരം: ദാരിദ്ര്യവും പഞ്ഞവും കൊണ്ട് ഞെരുങ്ങുന്ന പഴയ കെഎസ്ആര്‍ടിസി അല്ല ഇനിയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. പുതിയ ബസുകള്‍ ഈ മാസം എത്തും എന്നും അത്യാധുനികമായതും കെഎസ്ആര്‍ടിസിയുടെ വണ്ടിയാണ് വരാന്‍ പോകുന്നത് എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

'കെഎസ്ആർടിസിയെ ലാഭത്തിൽ എത്തിക്കു. കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂളുകൾ ഇതിനോടകം ഹിറ്റാണ്. മൂന്നാറിലെ ഡബിൾ ഡക്കർ ബസ് 52 ലക്ഷം ലാഭമാണ് ഉണ്ടാക്കിയത്. കെഎസ്ആര്‍ടിസിയിൽ ഇപ്പോൾ എല്ലാം ലാഭത്തിലാണ് പോകുന്നത്. രാഷ്ട്രീയം പറയുകയല്ല. ജീവനക്കാർക്ക് എന്നെ വിശ്വസിക്കാം. നിലവില്‍ ശമ്പളം ഒരുമിച്ച് നില്‍കാന്‍ സാധിച്ചിട്ടുണ്ട്. ഇനി ചലോ ആപ്പ് വരാന്‍ പോവുകയാണ്. അതിന്‍റെ ട്രയല്‍ റണ്‍ നടക്കുകയാണ്. ഇതോടെ ബസ് സമയം ഉൾപ്പടെ എല്ലാ വിവരവും ഫോണിൽ ലഭിക്കും. അതുപോലെ കുട്ടികൾക്ക് സ്മാർട്ട്‌ കാർഡ് കൊടുക്കുകയാണ്. ഒരു കുട്ടിക്ക് എട്ടാം ക്ലാസ്സിൽ കാർഡ് കൊടുത്താൽ പത്താം ക്ലാസ്സ്‌ വരെ അത് ഉപയോഗിക്കാം. ഒരു കുട്ടിക്ക് ഒരു മാസം 25 ദിവസം സ്മാര്‍ട്ട് കാർഡ് ഉപയോഗിക്കാം. ഡിഗ്രി കുട്ടികൾക്ക് മൂന്ന് വർഷത്തേക്ക് കാർഡ് നൽകും. അംഗപരിമിതർക്കും കാർഡ് സംവിധാനം കൊണ്ടുവരും. ആളുകളെ ബുദ്ധിമുട്ടിക്കുന്ന പരിപാടി കെഎസ്ആർടിസി അവസാനിപ്പിക്കുകയാണ്' എന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.