ഞങ്ങൾ തമ്മിൽ കോളേജ് വിദ്യാർത്ഥികൾ ആയിരുന്ന കാലം മുതൽ അടുപ്പമുണ്ട്. സംഘടനകളുടെ നേതാക്കളായിരുന്ന കാലം മുതൽ പരിചയമുണ്ട്. താൻ ഒരിക്കലും മോശപ്പെടുത്തുന്ന വാക്കു പറയുന്ന ആളല്ല. അദ്ദേഹവും തന്നെപ്പറ്റി അങ്ങനെ പറയില്ലെന്നും ജിആർ അനിൽ പറഞ്ഞു.
തിരുവനന്തപുരം: മന്ത്രി ശിവൻ കുട്ടിയുടെ വിമർശനങ്ങളോട് പ്രതികരിച്ച് മന്ത്രി ജി ആർ അനിൽ. ശിവൻ കുട്ടി അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്ന് ജിആർ അനിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഞങ്ങൾ തമ്മിൽ കോളേജ് വിദ്യാർത്ഥികൾ ആയിരുന്ന കാലം മുതൽ അടുപ്പമുണ്ട്. സംഘടനകളുടെ നേതാക്കളായിരുന്ന കാലം മുതൽ പരിചയമുണ്ട്. താൻ ഒരിക്കലും മോശപ്പെടുത്തുന്ന വാക്കു പറയുന്ന ആളല്ല. അദ്ദേഹവും തന്നെപ്പറ്റി അങ്ങനെ പറയില്ലെന്നും ജിആർ അനിൽ പറഞ്ഞു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സമവായത്തിലെത്തിയതിന് ശേഷമാണ് ശിവൻകുട്ടി സിപിഐ നേതാക്കൾക്കെതിരെ തുറന്നടിച്ചത്.
എംഎൻ സ്മാരകത്തിൽ വച്ച് അപമാനിക്കുന്ന പ്രസ്താവന താൻ നടത്തിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ ശിവൻകുട്ടി തന്നെപ്പറ്റി മോശം പറയുമെന്ന് കരുതുന്നുമില്ലെന്നും ജിആർ അനിൽ കൂട്ടിച്ചേർത്തു.
സിപിഐ നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ശിവൻകുട്ടി
മന്ത്രി ജിആർ അനിലിനും പ്രകാശ് ബാബുവിനുമെതിരെ രൂക്ഷ വിമർശനമാണ് ശിവൻ കുട്ടി നടത്തിയത്. ജിആർ അനിൽ സിപിഐ ഓഫീസിനു മുന്നിൽ വെച്ച് തന്നെ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്നും അനിലിനെ ഫോണിൽ വിളിച്ച ശേഷമാണ് ഓഫീസിൽ പോയതെന്നും ശിവൻ കുട്ടി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സമവായത്തിന് ശേഷമാണ് അതൃപ്തി മറനീക്കി മന്ത്രി രംഗത്തെത്തുന്നത്. ബിനോയ് വിശ്വത്തെ കണ്ട് എന്തു കൊണ്ട് ഒപ്പിട്ടു എന്ന് വിശദീകരിക്കാനായിരുന്നു വിളിച്ചത്. കൂടിക്കാഴ്ചക്ക് ശേഷം താൻ ഒന്നും പറഞ്ഞില്ല. എന്നാൽ അനിൽ മാധയമങ്ങളോട് എന്നെ അവഹേളിക്കുന്ന രീതിയിൽ പറഞ്ഞു. ഒരാൾ ഓഫീസിൽ വന്നാൽ സംസാരിക്കണമല്ലോ എന്നാണ് പറഞ്ഞത്. അത് മര്യാദ ഇല്ലാത്ത സംസ്കാരമാണ്. പ്രകാശ് ബാബു, എംഎ ബേബിയെ അവഹേളിച്ചു. എന്ത് അടിസ്ഥാനത്തിലാണ് ബേബി നിസ്സഹായൻ എന്ന് പറഞ്ഞത്. ബേബിയോട് സഹതാപം എന്ന് പറഞ്ഞു. ഞങ്ങളുടെ പാർട്ടി ജനറൽ സെക്രട്ടറിയാണ്. തീരെ മര്യാദ കുറഞ്ഞ വാക്കുകളാണ് പ്രകാശ് ബാബു പറഞ്ഞത്. എഐഎസ്എഫ്, എഐവൈഎഫ് സംഘടനകൾ അതിരുകടന്ന് പ്രതിഷേധിച്ചു. എന്റെ കോലം എന്തിനു കത്തിച്ചു. എന്റെ വീട്ടിലേക്ക് രണ്ട് തവണ പ്രകടനം നടത്തി. ഞാൻ ബിനോയ് വിശ്വത്തെ വിളിച്ചു പരാതിപ്പെട്ടു. രണ്ടു സംഘടനകളും ചെയ്തത് ശരിയായില്ലെന്ന് ബിനോയ് പറഞ്ഞു. തന്നെ വർഗീയ വാദിയാക്കാൻ ശ്രമിച്ചു ഇവർ. ഇവർക്കൊന്നും തന്റെ ചരിത്രം അറിയില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

