ലൈഫ് മിഷൻ പദ്ധതി ഇല്ലാതാക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ഗ്രാമസഭകളുടെ അധികാരം തിരികെ നൽകുകയാണ് ലക്ഷ്യമെന്നും മന്ത്രി കെ എം ഷാജി വ്യക്തമാക്കി. പദ്ധതികളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും സിപിഎം സമരം ചെയ്താലും മെറിറ്റുള്ള കാര്യങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലപ്പുറം: ഗ്രാമസഭകളുടെ എടുത്തു കളയപ്പെട്ട അധികാരം തിരിച്ചു കൊടുക്കുമെന്ന് പറഞ്ഞാൽ ലൈഫ് മിഷൻ പദ്ധതി ഇല്ലാതാക്കും എന്നല്ലെന്ന് മന്ത്രി കെ എം ഷാജി. ലൈഫ് മിഷൻ പദ്ധതി ഇല്ലാതാക്കും എന്നു ആർക്കെങ്കിലും തോന്നുന്നെങ്കിൽ ആ പദ്ധതിക്ക് എന്തോ കുഴപ്പം ഉണ്ടെന്നു അവർക്ക് തന്നെ തോന്നുന്നുണ്ടെന്നും ഷാജി പറഞ്ഞു. ലൈഫ് മിഷൻ ഇല്ലാതാക്കുമെന്ന് പറഞ്ഞിട്ടില്ല. ഏതെങ്കിലും പദ്ധതിയെ തകർക്കാൻ വേണ്ടി വന്ന സർക്കാരല്ല ഇത്. ഒരു സർക്കാരിന്റെ എല്ലാ പദ്ധതിയും തകർക്കാൻ അടുത്ത സർക്കാർ തീരുമാനിച്ചാൽ രാജ്യം എങ്ങനെ മുന്നോട്ട് പോകും.

Add Asianetnews as a Preferred SourcegooglePreferred

പദ്ധതികളിൽ ആവശ്യമായ തിരുത്തൽ വരുത്തിയാണ് യുഡിഎഫ് സർക്കാർ മുന്നോട്ട് പോകുക. ഗ്രാമപഞ്ചായത്തുകളുടെ അധികാരം അവരിൽ തിരിച്ചു എത്തിക്കുക എന്നതാണ് സർക്കാരിന്റെ അജണ്ട. സിപിഎം സമരങ്ങൾ സംഘടിപ്പിച്ചോട്ടെ. സമരം ചെയ്യുമോ എന്നു നോക്കീട്ട് മെറിറ്റ് ഉള്ള കാര്യങ്ങൾ ചെയ്യാതിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്ര വലിയ വിജയം നേടാൻ കാരണമായ രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയത്തെ ഫലപ്രദമായി നടപ്പാക്കുകയാണ് ഞങ്ങളുടെ പദ്ധതിയെന്നും മഴക്കാല പൂർവ ശുചീകരണകാര്യത്തിൽ നാളെ അടിയന്തിര ഓൺലൈൻ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.