തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ ഇവരുടെ പ്രവേശനം ലഭിച്ചത് മുതലുള്ള ഇവരുടെ ഫീസ്, സ്കോളർഷിപ്പ്  തുടങ്ങിയ  ചെലവുകൾക്കായി  23 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ പട്ടികജാതി വികസന വകുപ്പാണ് നല്‍കിയത് എന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: സര്‍ക്കാര്‍ സഹായത്തോടെ പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ പട്ടിക വര്‍ഗ്ഗത്തില്‍ നിന്നുള്ള അഞ്ചുപേരെ അഭിനന്ദിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍. തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ നിന്നും വയനാട് നിന്നുള്ള ശരണ്യ, കണ്ണൂരുകാരി സങ്കീർത്തന, കോഴിക്കോടുകാരൻ വിഷ്ണു പ്രസാദ്, ആലപ്പുഴ സ്വദേശി ആദിത്യൻ, തിരുവനന്തപുരം സ്വദേശി രാഹുൽ എന്നിവരാണ് പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയത്. ഇവര്‍ മന്ത്രി കെ രാധാകൃഷ്ണനെ സന്ദര്‍ശിച്ചു.

തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ ഇവരുടെ പ്രവേശനം ലഭിച്ചത് മുതലുള്ള ഇവരുടെ ഫീസ്, സ്കോളർഷിപ്പ് തുടങ്ങിയ ചെലവുകൾക്കായി 23 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ പട്ടികജാതി വികസന വകുപ്പാണ് നല്‍കിയത് എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വരും വർഷങ്ങളിലും ഇവിടെ പ്രവേശനം നേടുന്ന പട്ടിക വിഭാഗത്തിൽപ്പെടുന്ന എല്ലാ വിദ്യാർത്ഥികൾക്കും പഠനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ് .' വിങ്ങ്സ് 'എന്നു പേരിട്ട് ഒരു പദ്ധതി തന്നെ ആവിഷ്ക്കരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

മന്ത്രി രാധാകൃഷ്ണന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

അതിരില്ലാത്ത ആകാശത്തിലേക്ക് പറക്കുന്ന സന്തോഷത്തിലാണിതെഴുതുന്നത്.പട്ടിക വിഭാഗത്തിൽപ്പെട്ട 5 കുട്ടികൾ നമ്മുടെ സർക്കാരിന്റെ സഹായത്തോടെ ചിറക് വിരിക്കുന്നു. ഒരു കാലത്ത് വിദ്യാഭ്യാസമെന്ന വാക്കുപോലും ഉച്ചരിക്കാൻ അനുവാദമില്ലാതിരുന്ന ഒരു വിഭാഗത്തിന്റെ പുതു തലമുറയാണ് ഈ ലക്ഷ്യത്തിലേക്ക് പറന്നത്. അവർ അഞ്ചു പേരും ഇന്നലെ എന്റെ ഓഫീസിലെത്തി. നന്ദി പറയാൻ ... അതല്ല... കൂടുതൽ കുട്ടികൾക്ക് ഈ സൗകര്യം കിട്ടാൻ ശ്രമിക്കുക.... അതാണ് ആത്മാർത്ഥമായ നന്ദി...
 വയനാട് നിന്നുള്ള ശരണ്യ, കണ്ണൂരുകാരി സങ്കീർത്തന, കോഴിക്കോടുകാരൻ വിഷ്ണു പ്രസാദ്, ആലപ്പുഴ സ്വദേശി ആദിത്യൻ, തിരുവനന്തപുരം സ്വദേശി രാഹുൽ എന്നിവരാണ് ചിറകുള്ള ആ ചങ്ങാതിമാർ. തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ പ്രവേശനം ലഭിച്ച ഇവരുടെ ഫീസ്, സ്കോളർഷിപ്പ് തുടങ്ങിയ ചെലവുകൾക്കായി 23 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ പട്ടികജാതി വികസന വകുപ്പ് നൽകി..
 വരും വർഷങ്ങളിലും ഇവിടെ പ്രവേശനം നേടുന്ന പട്ടിക വിഭാഗത്തിൽപ്പെടുന്ന എല്ലാ വിദ്യാർത്ഥികൾക്കും പഠനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ് .' വിങ്ങ്സ് 'എന്നു പേരിട്ട് ഒരു പദ്ധതി തന്നെ ആവിഷ്ക്കരിച്ചു...
 കൂടുതൽ ചിറകുകൾ വാനിൽ പറക്കട്ടെ... കൂടുതൽ പുഞ്ചിരി ചുണ്ടുകളിൽ വിരിയട്ടെ... 
ഈ അഞ്ചു വൈമാനികർക്കും ഒരു സ്നേഹ സല്യൂട്ട്.