കൊല്ലം: കുളത്തൂപ്പുഴയില്‍ ഇന്നലെ ഫസ്റ്റ്‍ലൈന്‍ ട്രീറ്റ്‍മെന്‍റ് സെന്‍റര്‍ ഉദ്ഘാടന ചടങ്ങിനെത്തിയ വനംമന്ത്രി കെ രാജു സ്വയം നിരീക്ഷണത്തില്‍ പോയി. അദ്ദേഹത്തോടൊപ്പം ചടങ്ങില്‍ പങ്കെടുത്ത ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. അടുത്ത സമ്പര്‍ക്കം ഉണ്ടായിട്ടില്ലെങ്കിലും മുന്‍കരുതലിന്‍റെ ഭാഗമായാണ് നിരീക്ഷണത്തില്‍ പോയതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ വസതിയിലാണ് മന്ത്രി നിരീക്ഷണത്തില്‍ പോയത്. 

അതേസമയം തിരുവനന്തപുരം പുല്ലുവിള ക്ലസ്റ്ററിൽ പെട്ട  കൊച്ചുതുറയിൽ വൃദസദനത്തിലെ 35 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മിഷനറീസ് ഓഫ് ചാരിറ്റി ശാന്തിഭവനിലെ 27 അന്തേവാസികൾക്കും ആറ് കന്യാസ്ത്രീകൾക്കും രണ്ട് ജോലിക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അന്തേവാസികൾ എല്ലാവരും ഏറെ പ്രായം ചെന്നവരാണ്. ആന്‍റിജന്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

തേക്കുമൂട് ബണ്ട് കോളനിയിലെ 16 പേർക്കും രോഗം സ്ഥിരീകരിച്ചു. ആറ് കുട്ടികൾക്ക് അടക്കമാണ് രോഗം. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടില്‍ ഹൃദയശസ്ത്രക്രിയ വിഭാഗത്തിലെ ഒരു ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് രോഗികൾക്കും ഇവിടെ കൊവിഡ് ബാധ കണ്ടെത്തി.