തിരുവനന്തപുരം: മന്ത്രി കെ ടി ജലീല്‍ എകെജി സെന്‍ററിലെത്തി കോടിയേരി  ബാലകൃഷ്ണനുമായി കൂടിക്കാഴ്‍ച നടത്തുന്നു. സംസ്ഥാന സമിതിയോഗം നാളെ നടക്കാനിരിക്കെയാണ് മന്ത്രി എകെജി സെന്‍ററില്‍ എത്തിയത്. സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞ് നേതാക്കള്‍ പോയതിന് പിന്നാലെയാണ് ജലീല്‍ എകെജി സെന്‍ററിലെത്തിയത്. നേരത്തെ കാനം രാജേന്ദ്രനും കോടിയേരിയും തമ്മിലും കൂടിക്കാഴ്‍ച്ച നടത്തിയിരുന്നു. 

അതേസമയം ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആരംഭിച്ചത് രാഷ്ട്രീയപ്രേരിതമായാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. കോൺഗ്രസ് എംഎൽഎയുടെ പരാതിയിൽ സിബിഐ കേസെടുത്തത് അസാധാരണമാണെന്നും സിപിഎം കുറ്റപ്പെടുത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ പരസ്യ പ്രസ്താവന നടപ്പിലാക്കിയ മട്ടിലാണ് സിബിഐ പ്രവർത്തിച്ചത്. ഈ നടപടി അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്താനാണെന്ന് സംശയിക്കുന്നതായും സെക്രട്ടേറിയേറ്റ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വിമർശിച്ചു.