കൊച്ചി: മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യാന്‍ തുടങ്ങി. എന്‍ഐഎ ഓഫീസന് മുന്നില്‍ വലിയ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് അര്‍ദ്ധരാത്രിയോടെ കൊച്ചിക്ക് യാത്ര തിരിച്ച മന്ത്രി രാവിലെ 5.40 നാണ് എന്‍ഐഎ ഓഫീസില്‍ എത്തിയത്. സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ എ എം യൂസഫിന്‍റെ കാറിലാണ് ജലീല്‍ എത്തിയത്.

പുലര്‍ച്ചെ ഒരു കാര്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് രാത്രി ഒന്നരയോടെ സിപിഎം നേതാവ് എ എം യൂസഫിനെ മന്ത്രി വിളിക്കുകയായിരുന്നു. പുലര്‍ച്ചെ നാലരയോടെ കളമശ്ശേരി റസ്റ്റ് ഹൗസില്‍ വാഹനം എത്തിച്ചുകിട്ടി. തുടര്‍ന്നായിരുന്നു യാത്ര. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രി ചോദ്യം ചെയ്യലിന് ഹാജരായത്. നയതന്ത്ര ബാഗിലൂടെ മതഗ്രന്ധങ്ങൾ കൊണ്ടുവന്നതിന്‍റെ മറവിൽ രാജ്യാന്തര കളളക്കടത്തെന്ന  സംശയത്തിലാണ് ജലീലിനെ എൻഐഎയും ചോദ്യം ചെയ്യുന്നത്. വിതരണത്തിനായി ഖുറാൻ കൈപ്പറ്റിയ മന്ത്രിക്ക് കളളക്കടത്തിനെ കുറിച്ച് അറിവുണ്ടായിരുന്നോയെന്നും പരിശോധിക്കുന്നുണ്ട്. 

വിമാനത്താവള വേ ബിൽ അനുസുരിച്ച് മാ‍ർച്ച് നാലിന് കോൺസൽ ജനറലിന്‍റെ പേരിലെത്തിയ നയതന്ത്ര ബാഗിന്‍റെ ഭാരം 4478 കിലോയാണ്. 250 പായ്ക്കറ്റുകളിലാക്കിയ ഖുറാനായിരുന്നു ഇതെന്നാണ് വിശദീകരണം. ഇതിൽ 32 പായ്ക്കറ്റുകളാണ് വിതരണത്തിനായി മന്ത്രി ജലീലിന് കൈമാറിയത്. ഒരു ഖുറാന്‍റെ ഭാരം 576 ഗ്രാമാണെന്നും കണ്ടെത്തിയിട്ടുണ്ട്. വേ ബില്ലിലെ ഭാരവും എത്തിയ ഖുറാന്‍റെ ഭാരവും കണക്കാക്കിയാൽ പോലും നയന്ത്രബാഗിന് 14 കിലോ ഗ്രാം തൂക്കക്കൂടുതലുണ്ട് എന്നാണ് വിലയിരുത്തൽ.

മതഗ്രന്ധങ്ങളുടെ മറവിൽ സ്വർണക്കളളക്കടത്തെന്ന നിഗമനത്തിലേക്ക് കേന്ദ്ര ഏജൻസികൾ പോകാനുളള കാരണമിതാണ്. ഇക്കാര്യത്തിൽ മന്ത്രി ജലീലിന് അറിവുണ്ടായിരുന്നോ അത് സ്വപ്ന സുരേഷ് അടക്കമുളള പ്രതികൾ കളളക്കടത്തിന് സർക്കാർ സംവിധാനത്തെ മറയാക്കിയോ എന്നാണ് പരിശോധിക്കുന്നത്.