Asianet News MalayalamAsianet News Malayalam

ഗതാഗതക്കുരുക്കില്‍ പെട്ടു; സഹികെട്ട് ട്രാഫിക് നിയന്ത്രണം ഏറ്റെടുത്ത് മന്ത്രി കടകംപള്ളി

കുന്നത്തുകാലിൽ ഒരു പരിപാടിക്ക് പോകാനായി ഇറങ്ങിയതായിരുന്നു മന്ത്രി. കുരുക്കിൽപെട്ട് സഹികെട്ടതോടെയാണ് മന്ത്രി തന്നെ ഗതാഗതം നിയന്ത്രിക്കാനിറങ്ങിയത്.

Minister Kadakampally Surendran took traffic control
Author
Trivandrum, First Published Jan 6, 2020, 2:19 PM IST

തിരുവനന്തപുരം: ഗതാഗതക്കുരുക്കിൽപെട്ട് നട്ടംതിരിഞ്ഞ മന്ത്രി ഗതാഗതം നിയന്ത്രിക്കാനായി റോഡിലിറങ്ങി. തലസ്ഥാന നഗരത്തിലെ ഇടപ്പഴഞ്ഞിയിലാണ് ഗതാഗത കുരുക്കഴിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരിട്ടിറങ്ങിയത്. ട്രാഫിക് പൊലീസിന്‍റെ പണി മന്ത്രി ഏറ്റെടുത്തത് കണ്ടുനിന്നവരിലും കൗതുകമുണ്ടാക്കി. 

നഗരത്തിൽ തിരക്കേറിയ മണിക്കൂറിൽ ട്രാഫിക് സിഗ്നൽ തകരാറിലായതോടെയാണ് ഗതാഗതം താറുമാറായത്. ആകെ ഉണ്ടായിരുന്നത് ഒരു പൊലീസുകാരൻ മാത്രം. അനിയന്ത്രിതമായി തിരക്ക് വന്നതോടെ ക്യു കിലോമീറ്ററുകൾ നീണ്ടു. കുന്നത്തുകാലിൽ ഒരു പരിപാടിക്ക് പോകാനിറങ്ങിയതായിരുന്നു മന്ത്രി. 

തിരക്കിൽ പെട്ട് നട്ടംതിരിഞ്ഞതോടെ രണ്ട് കൽപ്പിച്ച് മന്ത്രി റോഡിലിറങ്ങി. ട്രാഫിക് നിയന്ത്രണം ഏറ്റെടുത്തു. 

‍എസ്പി വിളിച്ചുചേർത്ത യോഗത്തിന് പോകുകയായിരുന്ന നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവാർട്ട് കീലറും കുരുക്ക് കണ്ട്  സ്വയം ഗതാഗതനിയന്ത്രണത്തിനിറങ്ങി. ഉന്നതർ വഴിയിലായതോടെ പൊലീസ് ഉണർന്നു,വൻ സന്നാഹം തന്നെ സ്ഥലത്തെത്തി. അതോടെ ഒന്നര മണിക്കൂറിലേറെ നീണ്ട ഗതാഗതക്കുരുക്കിന് ആശ്വസം.

 

Follow Us:
Download App:
  • android
  • ios