കെഎസ്ആർടിസി ജീവനക്കാർക്ക് ഒരു കോടി രൂപയുടെ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് മന്ത്രി കെബി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സ്ഥിരം ജീവനക്കാർക്ക് ഗുണം കിട്ടുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച് മന്ത്രി ഗണേഷ് കുമാർ. കെഎസ്ആർടിസിയും എസ്ബിഐയും ചേർന്നുള്ള പുതിയ ഇൻഷുറൻസ് പാക്കേജാണ് പ്രഖ്യാപിച്ചത്. അപകടത്തിൽ കെഎസ്ആർടിസിയുടെ സ്ഥിരം ജീവനക്കാരിൽ ആരെങ്കിലും മരിച്ചാൽ ഒരു കോടി രൂപ കുടുംബത്തിന് ലഭിക്കും. ജീവനക്കാർക്ക് അപകടത്തിൽഛ ഗുരുതരമായ വൈകല്യം സംഭവിച്ചാൽ 80 ലക്ഷം രൂപയും ലഭിക്കുന്നതാണ് പദ്ധതി. ഈ പദ്ധതിയുടെ വിഹിതം കെഎസ്ആർടിസിയാണ് മുടക്കുന്നത്. ജീവനക്കാർ ഇതിലേക്ക് വിഹിതം നൽകേണ്ടതില്ലെന്നും മന്ത്രി പ്രഖ്യാപിച്ചു. 25095 ജീവനക്കാർക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ശമ്പളത്തിനായി 100 കോടി ഓവർഡ്രാഫ്റ് എടുക്കുന്നത് വൻ ബാധ്യതയെന്ന ആന്റണി രാജുവിന്റെ പ്രസ്ഥാവനക്കും മന്ത്രി മറുപടി നൽകി. താൻ ഒറ്റയ്ക്ക് എടുത്ത തീരുമാനം അല്ലെന്നും ഒന്നാം തീയതി ശമ്പളം നൽകണം എന്നത് മുഖ്യമന്ത്രി ആവശ്യപ്പെട്ടതാണെന്നും പറഞ്ഞ ഗതാഗത മന്ത്രി, ഈ തീരുമാനം അതിൻ്റെ ഭാഗമെന്നും വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് നടപടി. എതിർപ്പുള്ളവർ മുഖ്യമന്ത്രിയോട് ചോദിച്ചാൽ മതി. താൻ സ്വീകരിച്ച നടപടി കൂട്ടുത്തരവാദിത്വത്തിൻ്റെ പുറത്തെടുത്തതാണ്. ശമ്പളം കൊടുക്കുന്നത് എൽഡിഎഫ് സർക്കാരാണ്. തനിക്ക് ക്രഡിറ്റ് വേണ്ടെന്നും മന്ത്രി പറഞ്ഞു.