പ്രതിക്ക് വേണ്ടി ആദ്യം ഹാജരായ അഡ്വ.എൻ രാജേഷിനെ വിചാരണ വേളയിൽ ചെൽഡ് വെൽഫയർ കമ്മിറ്റി ചെയർമാനാക്കി. നടപടി വിവാദമായതോടെ കേസ് മറ്റ് അഭിഭാഷകർക്ക് കൈമാറുകയായിരുന്നു...
കോഴിക്കോട്: ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ വളയാർ കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായത് തെറ്റെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ. ഇത്തരം കേസുകളിൽ ഹാജരാവാത്ത ആളുകളെയാണ് സിഡബ്ല്യൂസി ചെയർമാനായി നിയമിക്കേണ്ടത്. ഇക്കാര്യം അന്വേഷിക്കുമെന്നും ആരോഗ്യ മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ടതിൽ അന്വേഷണ സംഘത്തിനെതിരെ ആരോപണം ശക്തമായിരിക്കെയാണ് ശിശുക്ഷേമ സമിതി ചെയർമാൻ പ്രതികൾക്ക് വേണ്ടി ഹാജരായതിനെ തള്ളി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കൂടിയായ കെ കെ ഷൈലജ രംഗത്തെത്തുന്നത്. കേസിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്നും ആഭ്യന്തര വകുപ്പിന് വീഴ്ചയുണ്ടെയെന്നും ഉള്ള ആരോപണങ്ങൾ ഇതിനോടകം പ്രതിപക്ഷം തന്നെ ശക്തമാക്കിയിട്ടുണ്ട്.
കേസിൽ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ്കുമാറിന് വേണ്ടി ആദ്യം ഹാജരായത് അഡ്വ.എൻ രാജേഷായിരുന്നു. എന്നാൽ വിചാരണ വേളയിൽ ഇദ്ദേഹത്തെ ചെൽഡ് വെൽഫയർ കമ്മിറ്റി ചെയർമാനാക്കി. തുടർന്ന് നടപടി വിവാദമായതോടെ രാജേഷ് കേസ് മറ്റ് അഭിഭാഷകർക്ക് കൈമാറുകയായിരുന്നു.
സാങ്കേതിക കാരണങ്ങളുടെ പേരിൽ രണ്ടു തവണ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറും മാറിയിരുന്നു. പ്രോസിക്യൂഷന്റെ വാദം മുൻകൂട്ടി അറിഞ്ഞ് പ്രതികളെ രക്ഷിക്കാൻ രാജേഷ് കൂട്ടു നിന്നെന്നാണ് ശിശുക്ഷേമ സമിതി ചെയർമാനെതിരെ ഉയരുന്ന ആരോപണം.
വാളായാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാർ മരിച്ച കേസിൽ മൂന്നാം പ്രതി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തിലാണ് കോടതി നിരുപാധികം വിട്ടയച്ചത്. അന്വേഷണ സംഘത്തിലെ പിഴവും പ്രതികളുടെ രാഷ്ട്രീയ സ്വാധീനവും ഇതോടെ തെളിഞ്ഞെന്ന് കേസിലെ പ്രധാന സാക്ഷി ബാലമുരളി അന്ന് തന്നെ ആരോപണം ഉന്നയിച്ചിരുന്നു.
ഈ സാഹചര്യത്തിൽ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കുക, ശിശുക്ഷേമ സമിതി ചെയർമാനെ പുറത്താക്കുക, കേസന്വേഷിച്ച ഉദ്യോഗസ്ഥരെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.
Read More: 'ഈ പൊലീസ് ഇനി അന്വേഷിച്ചിട്ട് കാര്യമില്ല', പൊട്ടിത്തെറിച്ച് വാളയാറിലെ പെൺകുട്ടികളുടെ അമ്മ
2017 ജനുവരിയിൽ വാളയാർ അട്ടപ്പളളത്തെ പതിമൂന്നു വയസ്സുകാരിയെയും മാര്‍ച് നാലിന് ഒന്‍പതു വയസ്സുകാരിയെയും വീട്ടിനടുത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസിൽ പ്രായപൂർത്തിയാവാത്ത ഒരാളടക്കം അഞ്ചു പ്രതികളുണ്ടായിരുന്നു.
