അതേസമയം ആർ എസ് എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊല്ലപ്പെട്ട സംഭവത്തിൽ, അക്രമി സംഘം ഉപയോഗിച്ച ഒരു വാഹനത്തിന്റെ ഉടമയെ കണ്ടെത്തി
പാലക്കാട്: രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്ന പാലക്കാട് പൊലീസ് മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ഇത്തരം സംഭവങ്ങൾ അടിച്ചമർത്തുക തന്നെ വേണം. രണ്ട് പാർട്ടികളും സ്വയം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രി, ശക്തമായ നടപടിക്ക് നിർദ്ദേശം നൽകിയെന്നും പറഞ്ഞു. അക്രമം വർഗീയമാക്കി മാറ്റാനാണ് ശ്രമം. ആക്ഷേപം വന്നാലും കുഴപ്പമില്ല, നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് എൽഡിഎഫ് യോഗം നിശ്ചയിട്ടുണ്ട്. ജില്ലയിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ സർവ്വകക്ഷി യോഗം വിളിക്കുന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ആർ എസ് എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊല്ലപ്പെട്ട സംഭവത്തിൽ, അക്രമി സംഘം ഉപയോഗിച്ച ഒരു വാഹനത്തിന്റെ ഉടമയെ കണ്ടെത്തി. ഒരു സ്ത്രീയുടെ പേരിലാണ് ബൈക്കുള്ളത്. ഇവർ വായ്പ ആവശ്യത്തിനായി ബൈക്ക് മറ്റൊരാൾക്ക് കൈമാറിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
ശ്രീനിവാസന്റെ പോസ്റ്റുമോർട്ടം നടപടികൾ ജില്ലാ ആശുപത്രിയിൽ ഇന്ന് രാവിലെ എട്ടുമണിയോടെ ആരംഭിക്കും.11 മണിയോടെ വിലാപ യാത്രയായി കണ്ണകി നഗർ സ്കൂളിലെത്തിക്കും. പൊതുദർശനത്തിന് ശേഷം മൃതദേഹം 2 മണിക്ക് കറുകോടി ശ്മശനത്തിൽ സംസ്കരിക്കും. ശ്രീനിവാസന്റെ കൊലയാളി സംഘത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കൊലയാളികൾ സഞ്ചരിച്ച മൂന്നു ബൈക്കുകളും തിരിച്ചറിഞ്ഞു. കൊലയാളി സംഘത്തിലെ ആറ് പ്രതികളെയും വൈകാതെ കസ്റ്റഡിയിലെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അഡീഷണൽ ഡി ജി പി വിജയ് സാഖറെ പാലക്കാട് എത്തിയിട്ടുണ്ട്. ഇന്നലെ രാത്രി ഉയർന്ന പോലീസ് ഉദ്യാഗസ്ഥരുടെ യോഗം നടന്നിരുന്നു. നിരോധനാജ്ഞ ആരംഭിച്ചതിനാൽ കടുത്ത പോലീസ് വിന്യാസമാണ് പാലക്കാട് ജില്ലയിൽ.
പൊലീസിനെതിരെ ബിജെപി
ശ്രീനിവാസൻ കൊലപാതകത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ബി ജെ പി രംഗത്തെത്തി. കേസിൽ സിബിഐ അന്വേഷണം വേണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ആവശ്യപ്പെട്ടു. കൊലപാതകത്തിന് പൊലീസ് സഹായം ചെയ്തുവെന്നും, കൊലപാതകത്തിന് പിന്നിൽ ഉന്നത തല ഗൂഢാലോചനയും വിദേശ സഹായവുമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കൊലപാതകത്തിനു മുമ്പായി പൊലീസ് പിക്കറ്റിംഗ് പിൻവലിച്ചത് ദുരൂഹമാണെന്ന് കൃഷ്ണകുമാർ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലൂടെ എസ് ഡി പി ഐ പ്രവർത്തകർ കൊലവിളി നടത്തി. ഇത് പൊലീസ് അവഗണിച്ചു. കൊലപാതത്തിന് പൊലീസ് സഹായം ചെയ്തുകൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു.
ശ്രീനിവാസന്റെ ശരീരത്തിൽ പത്തോളം മുറിവുകൾ
പാലക്കാട് മേലാമുറിയിൽ കൊല്ലപ്പെട്ട ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ ശരീരത്തിൽ ആഴത്തിൽ മുറിവുകളേറ്റെന്ന് ഇൻക്വസ്റ്റ് പരിശോധനയിൽ വ്യക്തമായി. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയിൽ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കൈയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ട്. മൃതദേഹത്തിലെ ഇൻക്വസ്റ്റ് പരിശോധനകൾ പൂർത്തിയായി
ബിജെപി പ്രവർത്തകരിലേക്ക് കാർ പാഞ്ഞുകയറി
തൃശ്ശൂർ: പാലക്കാട് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ വധത്തിൽ പ്രതിഷേധിച്ചുള്ള ബിജെപി പ്രകടനത്തിലേക്ക് കാർ പാഞ്ഞുകയറി. തൃശൂർ പൂച്ചെട്ടി സെന്ററിലാണ് സംഭവം നടന്നത്. ആറ് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. കാർ ഡ്രൈവർ സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
