Asianet News MalayalamAsianet News Malayalam

സർവകലാശാലകളിൽ ഇടപെട്ട് മന്ത്രി ജലീൽ, എല്ലാം നിയമം കാറ്റിൽ പറത്തി, തെളിവ് ഇവിടെ

സര്‍വകലാശാല ആക്ട് മൂന്നാം അധ്യായം പ്രകാരം പ്രോ ചാൻസലര്‍ അഥവാ വിദ്യാഭ്യാസ മന്ത്രിക്ക് സര്‍വകലാശാലകളില്‍ ഇടപെടണമെങ്കിൽ ചാൻസലറായ ഗവർണറുടെ അഭാവത്തില്‍ മാത്രമേ പറ്റൂ. അതിനും കൃത്യമായ മാനദണ്ഡങ്ങളുണ്ട്.

minister kt jaleel intervened in universities self rule flouted norms asianet news investigation
Author
Kottayam, First Published Dec 5, 2019, 7:41 AM IST

കോട്ടയം: സര്‍വകലാശാലകളുടെ സ്വയം ഭരണാധികാരത്തില്‍ മന്ത്രി കെ ടി ജലീലിന്‍റെ ഇടപെടലിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. അദാലത്തുകളിലെ ഫയലുകള്‍ മന്ത്രിക്ക് കാണാൻ സൗകര്യമൊരുക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് നിരവധി ഉത്തരവുകളിറക്കി. മന്ത്രിയുടെ ഇടപെടലുകളൊന്നും ഉണ്ടാകുന്നില്ല എന്ന് വൈസ് ചാൻസല‍ര്‍മാര്‍ ഗവർണറെ തെറ്റിദ്ധരിപ്പിക്കുന്ന രേഖകളും ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

ഇക്കഴിഞ്ഞ ഫെബ്രുവരി നാലിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി സര്‍വകലാശാലകളില്‍ അദാലത്തുകള്‍ സംഘടിപ്പിക്കാൻ ഇറക്കിയ ഉത്തരവിലെ രണ്ടാം ഭാഗമാണ് സംശയം ജനിപ്പിക്കുന്നത്. സംഘാടകസമിതി പരിശോധിച്ച് തീര്‍പ്പാക്കാൻ സാധിക്കാത്ത ഫയലുകളോ മന്ത്രിയുടെ ഇടപെടല്‍ ആവശ്യമുള്ള ഫയലുകളോ അദാലത്ത് ദിവസം മന്ത്രിക്ക് നല്‍കണമെന്നാണ് ഉത്തരവിൽ പറയുന്നത്. അദാലത്തുകളില്‍ വിദ്യാര്‍ത്ഥികളെ സംബന്ധിക്കുന്ന ഫയലുകളില്‍ മന്ത്രിയുടെ ഇടപെടല്‍ എന്തിനെന്ന ചോദ്യമാണ് ദുരൂഹയുണര്‍ത്തുന്നത്.

സര്‍വകലാശാല ആക്ട് മൂന്നാം അധ്യായം പ്രകാരം പ്രോ ചാൻസലര്‍ അഥവാ വിദ്യാഭ്യാസ മന്ത്രിക്ക് സര്‍വകലാശാലകളില്‍ ഇടപെടണമെങ്കിൽ ചാൻസലറായ ഗവർണറുടെ അഭാവത്തില്‍ മാത്രമേ പറ്റൂ. അതിനും കൃത്യമായ മാനദണ്ഡങ്ങളുണ്ട്.

ഇതെല്ലാം തെറ്റിച്ചാണ് മന്ത്രി അദാലത്തുകളില്‍ ഇടപെട്ടതെന്ന് വ്യക്തം. ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ നടന്ന അദാലത്തുകളിലാണ് എംജിയിലും സാങ്കേതിക സര്‍വകലാശാലയിലും വിവാദമായ മാർക്ക് ദാനങ്ങൾ നടന്നത്.ഈ വിവാദങ്ങളൊക്കെ ഉണ്ടായപ്പോള്‍ മന്ത്രിയോ ഉന്നത വിദ്യാഭ്യാസ വകുപ്പോ സര്‍വകലാശാലകളില്‍ ഇടപെടുന്നുണ്ടോ എന്ന് ഗവർണർ വൈസ്ചാൻസലര്‍മാരോട് രേഖാമൂലം വിശദീകരണം ചോദിച്ചു.

ഭരണകാര്യങ്ങളിലോ നയപരമായ വിഷയങ്ങളിലോ മന്ത്രിയുടെ ഇടപെടലില്ല എന്നാണ് ഒട്ടു മിക്ക സര്‍വകലാശാലകളും മറുപടി നല്‍കിയത്. മന്ത്രിയുടെ ഇടപെടലിന് കൃത്യമായ രേഖകളുണ്ടായിട്ടും അതൊന്നും ഗവർണറെ അറിയിക്കാതെ സര്‍വകലാശാലകളും ഒത്തുകളികള്‍ക്കെല്ലാം കൂട്ടുനില്‍ക്കുന്നുവെന്നാണ് ഇതിലൂടെ തെളിയുന്നത്.

മാർക്ക് ദാന വിവാദത്തിൽ മന്ത്രി കെടി ജലീലിനെ കടുത്ത സമ്മർദ്ദത്തിലാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ താക്കീത് നൽകിയ സാഹചര്യത്തിലാണ് ഈ രേഖകൾ കൂടി ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിടുന്നത്. സാങ്കേതിക സർവ്വകലാശാല മാർക്ക് ദാന വിവാദത്തിൽ ഗവർണർ വിസി അടക്കമുള്ളവരെ വിളിച്ചുവരുത്തി തെളിവെടുക്കാനിരിക്കുകയാണ്.

സർവ്വകലാശാലകളുടെ ചാൻസലറായ ഗവർണറുടെ ഇത്തരത്തിലുള്ള താക്കീത് അസാധാരണമാണ്. എംജി, കേരള, സാങ്കേതിക സർവ്വകലാശാലകളിലെ മാർക്ക് ദാനവിവാദങ്ങളിൽ ഉന്നതവിദ്യാഭ്യാസമന്ത്രി പ്രതിക്കൂട്ടിൽ നിൽക്കെയാണ് മുന്നറിയിപ്പ്.

സാങ്കേതിക സർവ്വകലാശാലയിൽ ബിടെക് പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിയെ മന്ത്രി ഇടപെട്ട് പുനർ മൂല്യ നിർണ്ണയത്തിലൂടെ ജയിപ്പിച്ചതിൽ രാജ്ഭവൻ കൂടുതൽ ശക്തമായ നടപടിയിലേക്ക് നീങ്ങുക തന്നെയാണ്. വിസിയെയും പരാതിക്കാരെയും വിദ്യാർത്ഥിയെയും വിളിച്ചുവരുത്തി തെളിവെടുക്കും. പുനർമൂല്യ നിർണയത്തിനായി നിർദ്ദേശിച്ച മന്ത്രിയെ വിളിച്ചുവരുത്തുന്നതിൽ അന്തിമതീരുമാനമായിട്ടില്ല.

മന്ത്രിയുടെ ഇടപെടൽ ചട്ടലംഘനമാണെന്ന് എഴുതിയ ഗവർണറുടെ സെക്രട്ടറിയുടെ കുറിപ്പ് ഇതിനിടെ പുറത്തുവന്നിരുന്നു. ബി- ടെക് പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിയെ ജയിപ്പിക്കാൻ നടത്തിയ നടപടികളെല്ലാം ചട്ട വിരുദ്ധമാണെന്നാണ് ഈ കുറിപ്പിലെ നിർണ്ണായക കണ്ടെത്തൽ. ഗവർണർക്ക് നൽകിയ റിപ്പോർട്ടിൽ കെടിയു വിസിക്കെതിരെയും കടുത്ത വിമർശനമുണ്ട്. 

Follow Us:
Download App:
  • android
  • ios