ചെന്നിത്തലയുടെ നേതൃത്വത്തിൽ നടന്ന മയക്കുമരുന്ന് വിരുദ്ധ സമൂഹനടത്തത്തെ മാതൃകാപരമെന്ന് മന്ത്രി വിശേഷിപ്പിച്ചു

തിരുവനന്തപുരം: മയക്കുമരുന്നിനെതിരായ യുദ്ധത്തിൽ മാതൃകാപരമായ ഇടപെടലാണ് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തുന്നതെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ്. മയക്കുമരുന്ന് വിരുദ്ധ സന്ദേശവുമായി ചെന്നിത്തല നടത്തിയ സമൂഹനടത്തം മാതൃകാപരമായ ഇടപെടലാണെന്നും ഇക്കാര്യത്തിൽ അദ്ദേഹത്തെ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചെന്നും മന്ത്രി വിവരിച്ചു. മയക്കുമരുന്ന് എന്ന സാമൂഹിക വിപത്തിനെതിരെ സമൂഹമാകെ അണിനിരക്കുകയാണ് വേണ്ടത്. രാഷ്ട്രീയ ഭിന്നതകളൊന്നും അതിന് തടസമാവില്ല. രമേശ് ചെന്നിത്തലയെപ്പോലെ ആരു രംഗത്തുവന്നാലും സ്വാഗതാർഹമാണമെന്നും മയക്കുമരുന്ന് എന്ന മഹാവിപത്തിനെതിരായ കൂട്ടായ പോരാട്ടം നമുക്ക് ഒറ്റക്കെട്ടായി തുടരാമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

എം ബി രാജേഷിന്‍റെ കുറിപ്പ്

മയക്കുമരുന്നിനെതിരായ യുദ്ധത്തിൽ സർക്കാരിന്റെ നേതൃത്വത്തിൽ കേരളം ഒറ്റക്കെട്ടായാണ് അണിനിരക്കുന്നത്. ഈ യോജിപ്പിനെ ശക്തിപ്പെടുത്തുന്നതാണ് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഇടപെടൽ. കോഴിക്കോടും കൊല്ലത്തും തിരുവനന്തപുരത്തും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മയക്കുമരുന്ന് വിരുദ്ധ സന്ദേശവുമായി നടത്തിയ സമൂഹനടത്തം മാതൃകാപരമായ ഇടപെടലാണ്. ഇക്കാര്യത്തിൽ ഫോണിൽ വിളിച്ച് അദ്ദേഹത്തെ അഭിനന്ദനങ്ങൾ അറിയിക്കുകയുണ്ടായി. മയക്കുമരുന്ന് ഒരു സാമൂഹിക വിപത്താണ്. അതിനെതിരെ സമൂഹമാകെ അണിനിരക്കുകയാണ് വേണ്ടത്. രാഷ്ട്രീയ ഭിന്നതകളൊന്നും അതിന് തടസമാവില്ല. രമേശ് ചെന്നിത്തലയെപ്പോലെ ആരു രംഗത്തുവന്നാലും സ്വാഗതാർഹമാണ്. മയക്കുമരുന്ന് എന്ന മഹാവിപത്തിനെതിരായ കൂട്ടായ പോരാട്ടം നമുക്ക് ഒറ്റക്കെട്ടായി തുടരാം.

അന്താരാഷ്‌ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തിലെ എം ബി രാജേഷിന്‍റെ കുറിപ്പ്

അന്താരാഷ്‌ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ മയക്കുമരുന്നിനെതിരെ പോരാട്ടം നയിക്കുന്ന ഏവരെയും അഭിവാദ്യം ചെയ്യുന്നു. ‘Breaking the Chains: Prevention, Treatment, and Recovery for All’, ‘തകർക്കാം ചങ്ങലകൾ : എല്ലാവർക്കും പ്രതിരോധവും ചികിത്സയും വീണ്ടെടുക്കലും’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഐക്യരാഷ്ട്ര സംഘടന ഈ വർഷത്തെ മയക്കുമരുന്ന് വിരുദ്ധദിനം ആചരിക്കുന്നത്. മനുഷ്യരാശി നേടിയ പുരോഗതിയെ പിന്നോട്ടടിക്കാൻ ഇടയാക്കുന്ന വലിയ വിപത്തുകളിലൊന്നാണ് മയക്കുമരുന്ന് ഉപയോഗം. ക്രിയാത്മകതയും സർഗാത്മകതയും വളരുകയും അത് സമൂഹത്തിനാകെ മുതൽക്കൂട്ടായി പരിണമിക്കുകയും ചെയ്യുന്ന മനുഷ്യജീവിതത്തിലെ ഏറ്റവും ചൈതന്യവത്തായ കാലത്തെ ചോർത്തിക്കളയുന്ന സാമൂഹ്യവിപത്താണ് ലഹരി ഉപയോഗം. മയക്കുമരുന്ന് വ്യാപനത്തിനു പിന്നിൽ അതിരുകൾ അപ്രസക്തമാക്കുന്ന വിപുലമായ അധോലോക സാമ്രാജ്യമുണ്ട്. അതിനാൽ മയക്കുമരുന്ന് വ്യാപനത്തിനെതിരായ പോരാട്ടം വലിയ വെല്ലുവിളി നേരിടുന്ന പ്രവർത്തനമാണ്. മയക്കുമരുന്നിന്റെ വിപത്തുകളെക്കുറിച്ച് സമൂഹത്തെയാകെ, പ്രത്യേകിച്ച് കൗമാരക്കാരെ ബോധവൽക്കരിക്കേണ്ടത് പ്രധാനപ്പെട്ട കർത്തവ്യമാണ്. ഇക്കാര്യത്തിൽ ജനങ്ങളുടെയാകെ സഹകരണം ആവശ്യമാണ്.

സുശക്തമായ പ്രതിരോധവും വിപുലമായ പ്രചാരവുമൊരുക്കി മയക്കുമരുന്നെന്ന വിപത്തിനെ പിഴുതെറിയാൻ ബഹു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പോരാട്ടത്തിലാണ് നാം. മയക്കുമരുന്നിനെതിരെ കേരളമൊരുക്കുന്ന ഈ മഹാപ്രതിരോധത്തിൽ നമുക്ക് ഏവർക്കും കണ്ണികളാകാം