തന്ത്രിയ്ക്ക് മാത്രം എന്ത് പ്രത്യേകതയാണുള്ളതെന്നും കുറ്റാരോപിതനായ ആളെയല്ല ഹൈക്കോടതിയെയാണ് വിശ്വസിക്കുന്നതെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. യുവതീ പ്രവേശന സമയത്ത് എന്തെല്ലാം ഗൂഢാലോചന നടന്നുവെന്ന് ഇപ്പോൾ വ്യക്തമായി

പാലക്കാട്: സർക്കാരിനെതിരായ തന്ത്രിയുടെ വിമർശനത്തിൽ പ്രതികരണവുമായി മന്ത്രി എംബി രാജേഷ്. തന്ത്രിയ്ക്ക് മാത്രം എന്ത് പ്രത്യേകതയാണുള്ളതെന്നും കുറ്റാരോപിതനായ ആളെയല്ല ഹൈക്കോടതിയെയാണ് വിശ്വസിക്കുന്നതെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. യുവതീ പ്രവേശന സമയത്ത് എന്തെല്ലാം ഗൂഢാലോചന നടന്നുവെന്ന് ഇപ്പോൾ വ്യക്തമായി. ഇപ്പോൾ നടക്കുന്ന ഗൂഢാലോചന പിന്നീട് വ്യക്തമാകുമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് സർക്കാർ ബ്രാൻഡിയായ മലബാർ ഡിസ്ലറിയുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ആരോഗ്യ മന്ത്രിക്കെതിരായ പ്രതിഷേധം. പ്രതിപക്ഷത്തിന് പരാജയ ഭീതിയാണ്. ആ പരാജയ ഭീതിയാണ് റീത്ത് വെച്ചുള്ള പ്രതിഷേധത്തിന് കാരണം. ഇനിയും ഇതു പോലുള്ള നാടകങ്ങൾ പ്രതീക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ വികെ ശ്രീകണ്ഠൻ്റെ അസാന്നിധ്യം പരാമർശിച്ച് മന്ത്രി രാജേഷ്

തറക്കല്ലിട്ടവർക്ക് ഉദ്ഘാടനം നടത്താനുള്ള ഭാഗ്യം പലർക്കും ഉണ്ടാകാറില്ലെന്നും ഇത് കല്ലിട്ട് ശല്യമുണ്ടാക്കുന്ന സർക്കാരല്ലെന്നും മന്ത്രി എംബി രാജേഷ്. പറഞ്ഞത് നടപ്പാക്കുന്ന സർക്കാരാണ്. തറക്കല്ലിട്ട് 4.5 മാസം കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. മദ്യപ്ലാൻ്റിന് അനുമതി ശരവേഗത്തിൽ എന്ന് നാളെ പറഞ്ഞേക്കാം. മദ്യപ്ലാൻ്റിൻ്റെ അനുമതിക്ക് മാത്രമല്ല വേഗം ഉള്ളത് എല്ലാത്തിനും വേഗതയുണ്ടെന്നും മന്ത്രി പറഞ്ഞു. 

മലബാർ ഡിസ്റ്റിലറിയിൽ 300 പേർക്ക് ജോലി ലഭിക്കും. സർക്കാരിൻ്റെ മദ്യ നയം സുതാര്യമാണ്. ക്യാബിനറ്റ് അംഗീകരിച്ച നയം ജനങ്ങളുടെ മുന്നിലുണ്ട്. ആ നയമാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. വി കെ ശ്രീകണ്ഠൻ എംപിയുടെ അസാനിധ്യം നിരാശയുണ്ടാക്കുകയാണ്. പദ്ധതി പെട്ടെന്ന് പൂർത്തിയാക്കണമെന്നായിരുന്നു തറക്കല്ലിടൽ ചടങ്ങിൽ എംപി നിർദേശിച്ചത്. ആ നിർദേശം നടപ്പാക്കിയിരിക്കുന്നു. ഇത് അദ്ദേഹം മാധ്യമങ്ങളിലൂടെ അറിയുമായിരിക്കും. എലപ്പുള്ളിയിൽ സ്വകാര്യ മദ്യ നിർമ്മാണശാലക്ക് അനുമതി നൽകിയപ്പോൾ സർക്കാർ ഡിസ്ലറി എവിടെ എന്ന് ചോദിച്ചവർക്കുള്ള മറുപടിയാണിത്. മദ്യം ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. ഇനി സ്പിരിറ്റും കൂടി ഉത്പാദിപ്പിക്കണം. സർക്കാർ മദ്യ നയത്തിൽ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ബാറിൻ്റെ സമയം വർദ്ധിപ്പിച്ചതിലും വിവാദമുണ്ടാക്കാൻ ചിലർ ശ്രമിച്ചു. സർക്കാർ എല്ലാം സുതാര്യമായാണ് നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.

ടൂറിസം മേഖലയിൽ നിന്നും വലിയ പിന്തുണ ലഭിച്ചു. ബാറുകളുടെ പ്രവർത്തന സമയം വിവാദം ഉണ്ടാവും എന്ന് പറഞ്ഞ് സർക്കാർ നടപ്പാക്കാതിരിക്കില്ല. വലിയ പിന്തുണയാണ് സർക്കാർ നടപടിക്ക് ലഭിച്ചത്. ബാംഗ്ലൂരിൽ 9 മുതൽ രാത്രി 1 വരെയാണ്. ആന്ധ്ര, തമിഴ്നാട്, തെലങ്കാന ഇവിടങ്ങളിൽ എല്ലാം അർദ്ധ രാത്രി 12 വരെയാണ്. അവിടെ അത് ആകാം, ഇവിടെ ആകാൻ പറ്റില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. മലബാർ ഡിസ്ലറിസിലെ ബ്രാണ്ടിയുടെ പേര് നേരത്തെ പ്രചരിച്ച പേരല്ല. ഉദ്ഘാടനത്തിന് വലിയ പ്രചാരം കിട്ടാൻ പേര് സംബന്ധിച്ച വിവാദം സഹായകമായി. മദ്യത്തിന് പേരിടൽ ചടങ്ങ് നടത്തുന്നത് മന്ത്രിയല്ല. പ്രചരിച്ച പേരല്ല, മദ്യത്തിന് നൽകിയിട്ടുള്ളത്. വയനാട് ടൗൺ ഷിപ്പിന് നൽകിയ പ്രാധാന്യത്തെക്കാൾ മദ്യത്തിൻ്റെ പേര് ചർച്ചയായെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. 

YouTube video player